ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ). തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണോ എന്നതില്‍ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും എസ്എഫ്‌ഐഒ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.

രണ്ടാഴ്ചക്കകം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്ലില്‍നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി മാസപ്പടി വാങ്ങിയെന്നാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്‍ അടക്കം 20 പേരുടെ മൊഴി എടുത്തിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്തു പത്തു മാസത്തിനുശേഷമാണ് വീണയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും മൊഴി എടുത്തു. സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്‌ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

2017 മുതലാണ് എക്‌സാലോജിക്കിനു കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. കമ്പനിക്ക് അനധികൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് പണം നല്‍കിയതെന്നാണ് എതിര്‍വാദം.

വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്‌ഐഡിസി) ഓഫിസിലും സിഎംആര്‍എലിലും എസ്എഫ്‌ഐഒ അന്വേഷണം നടത്തിയിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ വിവരങ്ങള്‍ ആരായാനാണ് വീണയുടെ മൊഴിയെടുത്തത്. സിഎംആര്‍എലില്‍ സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്.

കഴിഞ്ഞ ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദൂരൂഹ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐഒയെ ചുമതലപ്പെടുത്തിയത്. വീണയുടെ കമ്പനിയായ എക്‌സാലോജിക്, കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം.

എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം.അരുണ്‍ പ്രസാദിനാണ് അന്വേഷണ ചുമതല. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ചതാണ് എസ്എഫ്‌ഐഒ. റെയ്ഡിനും അറസ്റ്റിനും എസ്എഫ്‌ഐഒയ്ക്ക് അധികാരമുണ്ട്. അന്വേഷണത്തിന് വിവിധ ഏജന്‍സികളുടെ സഹായം തേടാം.

എസ്എഫ്‌ഐഒ നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാട് എന്നിവ സംബന്ധിച്ച രേഖകള്‍ വീണ ഹാജരാക്കിയിരുന്നു. ഷോണ്‍ ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ജനുവരി 31ന് എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയത്. ഇതിനെതിരെ കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി അനുവദിച്ചിരുന്നില്ല. സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.