- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയുടെ ആശ്വാസ വിധി; പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടുകിട്ടാന്‍ കസ്റ്റംസിനെ സമീപിക്കാം; അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണം; വാഹനത്തിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും കോടതി
ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയുടെ ആശ്വാസ വിധി
കൊച്ചി: 'ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനം വിട്ടുകിട്ടാന്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന് ആശ്വാസം. വാഹനം വിട്ടുകിട്ടാനായി ദുല്‍ഖറിന് കസ്റ്റംസിനെ സമീപിക്കാവുന്നതാണ്. കാര്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദുല്‍ഖറിന്റെ അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കസ്റ്റംസ് ആക്ടിലെ സെക്ഷന്‍ 110 എ പ്രകാരമുള്ള അപേക്ഷയുമായി കസ്റ്റംസ് ആക്ടന് കീഴിലുള്ള അഡ്ജുഡിക്കേറ്ററി അതോറിറ്റിയെ സമീപിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനോടൊപ്പം വാഹനത്തിന്റെ 20 വര്‍ഷത്തെ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. വാഹനം വിട്ടുകൊടുക്കുമ്പോള്‍ ആവശ്യമായ നിബന്ധനകള്‍ കസ്റ്റംസിന് ഏര്‍പ്പെടുത്താവുന്നതാണ്. ഒരുപക്ഷേ അപേക്ഷ നിരസിക്കപ്പെട്ടാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വിധിയില്‍ വ്യക്തമാക്കി. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും, അന്വേഷണം തുടരേണ്ടതിനാലും അത്തരം കാര്യങ്ങളിലേക്ക് കോടതി കടന്നില്ല.
കസ്റ്റംസ് വാദിച്ചത്...
ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തതെന്നും, ദുല്‍ഖറിന്റെ മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ടെന്നും , ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റംസിന്റെ വാദങ്ങള്‍ പൂര്‍ണമായും കോടതി അംഗീകരിച്ചില്ല. ുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ ദുല്‍ഖര്‍ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്.
നിയമവിരുദ്ധമെങ്കില്‍ വാഹനം പിടിച്ചെടുക്കാന്‍ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു.
വ്യാജ രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നവരെ കണ്ടെത്താനുള്ള 'ഓപ്പറേഷന്‍ നുംഖോറി'ന്റെ ഭാഗമായാണ് ദുല്‍ഖറിന്റെ വീട്ടില്‍ റെയ്ഡ് നടത്തി വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ദുല്‍ഖറിന്റെ വാഹനം കൂടാതെ കോഴിക്കോടും മലപ്പുറത്തും നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. നിലവില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും തുടരേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ, നിയമപരമായ നടപടികളിലൂടെ തന്റെ വാഹനം തിരികെ ലഭിക്കാനുള്ള വഴി ദുല്‍ഖര്‍ സല്‍മാന് തെളിഞ്ഞിരിക്കുകയാണ്.