- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന ഉടമയുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ഏത് മോട്ടോര്‍വാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാം; ഇഷ്ട നമ്പറിന് സാധ്യത കൂട്ടി പുതിയ പരിഷ്‌കാരം; ബി എച്ച് രജിസ്ട്രേഷനിലേക്ക് കേരളവും മാറുമോ?
ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്നതാണ് കേരളത്തിലെ രീതി
തിരുവനന്തപുരം: വാഹന ഉടമയുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ഏത് മോട്ടോര്‍വാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാം. ബി.എച്ച്. രജിസ്ട്രേഷന്‍ മാതൃകയില്‍ സംസ്ഥാനത്തിന് ഒറ്റ രജിസ്ട്രേഷന്‍ സീരിസാണ് കേന്ദ്രം ശുപാര്‍ശ ചെയ്യുന്നത്. ഇതിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.
കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ ഇതിനുള്ള മാറ്റംവരുത്തും. ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ മാത്രമാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ സാധ്യമാകുക. ഇത് മാറ്റും. ഇഷട നമ്പര്‍ എടുക്കാന്‍ ഇതിലൂടെ വാഹന ഉടമയ്ക്ക് കഴിയും. ഭേദഗതിവന്നാല്‍ ഇഷ്ടമുള്ള രജിസ്‌ട്രേഷന്‍ സീരിസ് തിരഞ്ഞെടുക്കാനാകും. ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് സൗകര്യപ്രദമാകും പുതിയ പരിഷ്‌കാരം. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്നതാണ് കേരളത്തിലെ രീതി. ഇതിന് മാറ്റം വരുത്താനാണ് നീക്കം.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത വാഹന രജിസ്‌ട്രേഷന്‍ മൂലമുണ്ടാകുന്ന പ്രയാസം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവനതരിപ്പിച്ച സംവിധാനമാണ് ബി.എച്ച്. രജിസ്‌ട്രേഷന്‍. ഇന്ത്യയില്‍ ഗതാഗത മേഖല കൈകാര്യം ചെയ്യുന്നത് കേന്ദ്രസര്‍ക്കാരും നയപരമായ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ഗതാഗത മേഖല നിയന്ത്രിക്കുന്നു. ഇതില്‍ ഓരോ സംസ്ഥാന സര്‍ക്കാരുകളും ഏതുതരം നമ്പര്‍ പ്ലേറ്റുകള്‍ നല്‍കണമെന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. കേരളം തുടക്കത്തില്‍ ഇതിനെ എതിര്‍ത്തിരുന്നു. നികുതി നഷ്ടമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.
ഇത് നടപ്പാക്കിയാല്‍ വര്‍ഷം 300 കോടിരൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കേരളത്തിന്റെ നിഗമനം. റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായത് കൊണ്ട് തന്നെ കേന്ദ്രം നിശ്ചയിച്ച കുറഞ്ഞനിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒരു വാഹനത്തിന് ബി.എച്ച് രജിസ്‌ട്രേഷന്‍ എടുത്താല്‍ ഉപയോഗിക്കുന്ന സംസ്ഥാനത്ത് രണ്ടുവര്‍ഷത്തെ നികുതി അടച്ചാല്‍ മതി. ഒരു സംസ്ഥാനത്തെ രജിസ്‌ട്രേഷനുള്ള വാഹനം മറ്റൊരു സംസ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെങ്കില്‍ അവിടത്തേക്ക് രജിസ്‌ട്രേഷന്‍ മാറ്റി നികുതി അടയ്ക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. ഈ എതിര്‍പ്പില്‍ കേരളം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടെയാണ് കേരളത്തില്‍ എവിടേയും വാഹനം രജിസ്്റ്റര്‍ ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷന്‍ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാന്‍ ബിഎച്ച് സംവിധാനം സഹായിക്കും. ഇതുവരെ, 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 47 പ്രകാരം, വാഹന ഉടമകള്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം ഒഴികെയുള്ള സംസ്ഥാനത്ത് 12 മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കുന്നതിന് വിലക്കുണ്ട്. പുതിയ ഭാരത് പരമ്പര ഈ തലവേദന ഇല്ലാതാക്കും. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം വ്യക്തിഗത വാഹനങ്ങളുടെ സ്വതന്ത്ര സഞ്ചാരം ഈ പദ്ധതിയിലൂടെ സാധ്യമാകും. ഇത് കേരളവും അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം ഇപ്പോഴും.