കൊച്ചി : മെഡ്ട്രാ എന്ന മലയാളി സ്റ്റാർട്ടപ്പിന്റെ യുവാക്കളായ സാരഥികൾ സാജ് സുലൈമാനും , എസ് രാജേഷ്‌കുമാറും ഏറെ ആത്മവിശ്വാസത്തിലാണ്. വിജയ വഴിയിലൂടെ ഇവർ സഞ്ചരിക്കുന്നത് ആരോഗ്യ മേഖലയ്ക്കും കരുത്താകുന്നു. ആരോഗ്യ മേഖലക്ക് രാജ്യത്തിനും ലോകത്തിനും തങ്ങളാലാകുന്ന സംഭാവന നൽകാനായതിൽ , 2021 ൽ കേന്ദ്ര ബിയോടെക്‌നോളജി വകുപ്പ് ഇവരുടെ പ്രജക്റ്റായ 'ഓഗ്മെന്റഡ് റിയാലിറ്റി ബേസ്ഡ് ഇൻഫ്രാറെഡ് വെയ്ൻ ഫൈൻഡർ' എന്ന ആശയത്തിന് 2.5 കോടി രൂപയുടെ ഗ്രാന്റ് നൽകിയിരുന്നു. ഇപ്പോൾ അത് വലിയ വിജയമായി മാറുന്നു.

രോഗ നിർണയ രംഗത്തും ചികിത്സാ രംഗത്തും അനിവാര്യമായൊരു ഉൽപന്നമായി മാറികൊണ്ടിരിക്കുകയാണ് വെന്യൂക്‌സ് എ.ആർ 100 എന്ന വെയിൻ ആക്‌സിസിസ് ഉപകരണം. ശരീരത്തിലെവിടെയും ഉള്ള ഞരമ്പുകൾ കണ്ണുകളാൽ കാണാൻ സഹായിക്കുന്ന 'വെയ്‌നെക്‌സ് എആർ 100′ എന്ന ഉപകരണത്തിനുള്ള അംഗീകാരമാണ് ഇത്. ഇന്ത്യയിലെ 150 പ്രമുഖ ആശുപത്രികളിലും അഞ്ചു രാജ്യങ്ങളിലേക്കും വെയ്‌നെക്‌സ് എആർ 100' ആരോഗ്യപരിചരണത്തിന് ഉപയോഗിക്കുന്നുണ്ട്. മെഡ്ട്രാ ഇന്നോവേഷൻ ടെക്‌നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സർട്ടിഫൈഡ് ബയോമെഡിക്കൽ സ്റ്റാർട്ട്-അപ്പ് കമ്പനിയായ മെഡ്ട്രായോടും പൂർണ്ണ പേര്.

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ഏതു തരം വെയ്‌നും കാണാൻ സഹായിക്കുകയാണു ഈ ഉപകരണം ചെയ്യുന്നത്. ഇൻഫ്രാറെഡ് വെളിച്ചത്തിൽ ഞരമ്പുകൾ തെളിഞ്ഞു കാണാം. സങ്കീർണമായ കേസുകളിൽ വെയ്ൻ കിട്ടാൻ വൈകുന്നതിന് അനുസരിച്ചു ചികിത്സ വൈകും. ഇത്തരം സാങ്കേതികവിദ്യകൾ എല്ലാ ആശുപത്രികളിലും ഉപയോഗിക്കണമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ദുബായിയിൽ അതിനുള്ള മാർഗനിർദ്ദേശം വന്നുകഴിഞ്ഞു.

മെഡ്ട്രാ സ്ഥാപകരായ സാജ് സുലൈമാനും എസ്.രാജേഷ് കുമാറിനും ഇത് വലിയ അംഗീകാരമാണ്. ബിടെക്, എംബിഎ ബിരുദധാരിയായ രാജേഷും ബയോമെഡിക്കൽ എൻജിനീയറായ സാജ് സുലൈമാനും ചേർന്നു 2017 ലാണു കൊച്ചി ആസ്ഥാനമായി മെഡ്ട്രാ ഇന്നവേറ്റീവ് ടെക്‌നോളജീസ് സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും മികച്ച വെയ്ൻ ഫൈൻഡർ നിർമ്മാതാക്കളാകുക എന്നതാണു മെഡ്ട്രായുടെ ലക്ഷ്യം. ശരീരത്തിൽ എവിടെയുമുള്ള ഞരമ്പുകൾ കണ്ണാൽ കാണാൻ സഹായിക്കുന്ന 'വെയ്‌നെക്‌സ് എആർ 100' എന്ന വെയ്ൻ ഫൈൻഡർ ഇപ്പോൾ ഉപയോഗിക്കുന്നത് എയിംസ് ഉൾപ്പെടെ രാജ്യത്തെ 150 ആശുപത്രികളിലാണ്.

ആഗോള മെഡിക്കൽ ഡിവൈസ് വിപണിയിൽ ആദ്യ 10 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 95,000 കോടിയുടെ ഇറക്കുമതി. ഇവിടെ നിർമ്മിക്കുന്നതു 10 ശതമാനം ഉൽപന്നങ്ങൾ മാത്രം. ലോക വിപണിയുടെ 5 ശതമാനം നേടുകയെന്ന ലക്ഷ്യമാണു മെഡ്‌ട്രോയുടെ മുൻപിൽ. 160 രാജ്യങ്ങളിൽ വിപണന ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു ഞങ്ങൾ-സാജ് സുലൈമാനും രാജേഷും പറയുന്നു.

മരുന്ന് വിതരണം ചെയ്യുന്നതിനുള്ള ഒരു സിര അല്ലെങ്കിൽ ഞെരമ്പ് കണ്ടെത്തുന്നത് ചികിത്സാ പ്രക്രിയയിലെ പ്രധാന ഘടകമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ രോഗിയുടെ ജീവൻ രക്ഷപ്പെടുത്തുന്നത് അതിവേഗത്തിലാക്കുന്ന മരുന്ന് ഇൻട്രാവെനസ് ഡെലിവറി ഇതിനെ ആശ്രയിച്ചിരിക്കും. ഇവിടെയാണ് വെന്യൂക്‌സ് എ.ആർ 100 എന്ന ഉപകരണം ഉപയോഗപ്രദമാകുന്നത്. മാത്രമല്ല, ചികിത്സയുടെ ചെലവ് കുറയ്ക്കുകയും മെഡിക്കൽ ടീമിന്റെ സമ്മർദ്ദം ലഘൂകരിക്കുകയും ചെയ്യുന്നു.

ഡിസ്‌പ്ലേ ഓപ്ഷനുകൾ, വ്യത്യസ്ത തീവ്രത ലെവലുകൾ, 4 മണിക്കൂർ ബാറ്ററി ലൈഫ് പ്രദാനം ചെയ്യുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററി എന്നിവ വെന്യൂക്‌സ് എ.ആർ 100 ന്റെ പ്രത്യേകതയാണ്. മാത്രമല്ല, പോർട്ടബിളും റേഡിയേഷൻ ഫ്രീയുമാണ് ഇത്.