- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈഴവരുടെ മത പരിവർത്തനം എതിർത്തത് വൈരാഗ്യമായി; കച്ചവട മേൽക്കോയ്മയും മുസ്ലിം വണിക്കുകളുടെ ലക്ഷ്യം; കൊച്ചുണ്ണിയെ പിടിച്ചത് പണിക്കരാണെന്ന വിശ്വാസം പകക്ക് ആക്കം കൂട്ടി; കുത്തിക്കൊന്നത് തൊപ്പിയിട്ട കിട്ടൻ എന്ന മതംമാറിയ ബന്ധു; പത്തൊമ്പതാം നൂറ്റാണ്ടിന്റെ പുതിയ പഠനങ്ങൾ വിവാദത്തിൽ; വേലായുധപ്പണിക്കരെ കൊന്നത് ഇസ്ലാമിക മതമൗലികവാദികളോ?
കോഴിക്കോട്: വിനയൻ സംവിധാനം ചെയ്ത പത്തൊമ്പാതാംനൂറ്റാണ്ട് എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശിക്കപ്പെടുന്ന സമയമാണിത്. അതോടെ ആറാട്ടുപുഴ വേലായാധുപണിക്കർ എന്ന കേരളം മറുന്നുപോയ നവോത്ഥാന നായകന്റെ ജീവിത കഥയും സോഷ്യൽ മീഡിയിൽ അടക്കം വലിയ ചർച്ചയാവുകയാണ്. എഡി 1825 മുതൽ എഡി 1874 വരെ ആലപ്പുഴ ജില്ലയിൽ ജീവിച്ചിരുന്ന ആറാട്ടുപുഴ വേലായുധപണിക്കർ അഥവാ കല്ലിശ്ശേരി വേലായുധ ചേകവർ കേരളത്തിലെ ആദ്യത്തെ പണിമുടക്ക് നടത്തിയ, ശ്രീനാരായണഗുരുവിനും 35 വർഷം മുമ്പ് ക്ഷേത്ര പ്രതിഷ്ഠ നടത്തി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ്. പായ്ക്കപ്പൽവരെ ഉണ്ടായിരുന്ന, അതിസമ്പന്നനായ ഈഴവ പ്രമാണിയായിരുന്ന വേലായുധപണിക്കർക്ക് സവർണ്ണരോട് ജാതിപരമായ കാരണങ്ങളാൽ നിരന്തരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെനും, അദ്ദേഹത്തിന്റെ കൊലപാതകത്തിനുപിന്നിലും ഈ പ്രമാണിമാർ ആണെന്നുമാണ് ചിത്രം പറയുന്നത്.
പക്ഷേ ഇത് എത്രകണ്ട് ശരിയാണെന്ന വാദമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തുന്നത്. അതിന് അവർ ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ മുൻ ധനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ചെറുമകനുമായ അഡ്വ. എം. കെ ഹേമചന്ദ്രന്റെ ലേഖനമാണ്.അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിയോടനുബന്ധിച്ച് എസ്സ്എൻഡിപി യോഗം 1988ൽ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിൽ, അഡ്വ. എം. കെ ഹേമചന്ദ്രൻ ഇങ്ങനെ എഴുതുന്നു.
''ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങൾ ഈഴവരെ മത പരിവർത്തനം ചെയ്യിച്ചിരുന്നു.പണിക്കർ ഇതിനെ ശക്തമായി എതിർത്തു.പണിക്കരുടെ എതിർപ്പിനെ നേരിടാൻ മുസ്ലിങ്ങളും തയ്യാറായി. മതപരിവർത്തനം ചെയ്തവരെ തിരഞ്ഞു പിടിച്ചാണ് പണിക്കർ അക്രമം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണം എന്ന് അവർ തീരുമാനിച്ചു.അവർ തക്കം പാർത്തു നടന്നു. 1874 ജനുവരി മൂന്നാം തിയതി തണ്ടു വെച്ച ബോട്ടിൽ കൊല്ലത്തേക്ക് പോകും വഴി കായം കുളം കായലിൽ വെച്ച് വെട്ടിക്കൊന്നു.''- ഇത് എഴുതിയത് പണിക്കരുടെ ബന്ധവും കേരളത്തിലെ ഒരു മുൻ മന്ത്രി കൂടിയാണെന്ന് ഓർക്കണം. അതുപോലെ വേലായുധപ്പണിക്കരെക്കുറിച്ച് ആധികാരികമായി ആദ്യം എഴുതിയത് പി ഒ കുഞ്ഞുപണിക്കൻ എന്ന ആറാട്ടുപുഴക്കാരനാണ്. അദ്ദേഹം ആ പ്രദേശത്തെ ആദ്യ ബിഎക്കാരനുമാണ്. കുഞ്ഞുപണിക്കനൊക്കെ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
പലതരത്തിലുള്ള ശത്രുക്കളും വേലായുധപ്പണിക്കർക്ക് ഉണ്ടായിരുന്നത് എന്നാണ്, അഡ്വ. എം. കെ ഹേമചന്ദ്രന്റെ കുഞ്ഞുപണിക്കന്റെയുംു പുസ്തകം വായിച്ചാൽ മനസ്സിലാവുക. തുറമുഖത്തിലൂടെയുള്ള കച്ചവടമേൽക്കോയ്മയ്ക്കു വേണ്ടി മുസ്ലിം വണിക്കുകൾ പണിക്കരോട് ശത്രുതയിലായിരുന്നു. മുസ്ലിങ്ങളായ കീരിക്കാട് പ്രദേശത്തെ കടൽക്കൊള്ളക്കാരും അദ്ദേഹത്തെ ഉന്മൂലനം ചെയ്യാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. പുല്ലുകുളങ്ങരയിലെ ഒളിസേവയ്ക്കിടയിൽ കൊച്ചുണ്ണിയെ പിടിക്കാൻ കാരണം പണിക്കരാണെന്ന വിശ്വാസം കൊച്ചുണ്ണിയുടെ കൂട്ടർക്കുണ്ടായിരുന്നു.
വേലായുധപ്പണിക്കർ അയിത്തത്തിനെതിരെ പോരാടി. എതിർത്തവരെ വെല്ലുവിളിച്ചു. ചങ്കുറപ്പോടെ നേരിട്ടു.പക്ഷേ, അദ്ദേഹത്തെ കൊന്നത് 'തൊപ്പിയിട്ട കിട്ടൻ' എന്ന മുസ്ലിം ആയിരുന്നു. മതം മാറാൻ പൊന്നാനിയിൽ പോയി തൊപ്പി ധരിച്ചതിനാലാണ് കിട്ടനെ തൊപ്പിയിട്ട കിട്ടൻ എന്നു വിളിച്ചത്. ഈഴവനായിരുന്നു അയാൾ. മാത്രമല്ല, വേലായുധപ്പണിക്കരുടെ അടുത്ത ബന്ധുവും. കുഞ്ഞുപണിക്കൻ കിട്ടനെ, 'കുലദ്രോഹി' എന്നാണ് വിളിച്ചത്. സവർണ്ണരുമായുള്ള പ്രശ്നത്തിന്റെ പേരിലല്ല പണിക്കർ കൊല്ലപ്പെട്ടത് എന്നാണ് ഈ ചരിത്രം ചൂണ്ടിക്കാട്ടുന്നത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനും, ആറാട്ടുപുഴ വേലായുധപണിക്കരെപ്പറ്റി ദീർഘകാലം ഗവേഷണം നടത്തിയ വ്യക്തിയുമായ ഹരികുമാർ ഇളയിടത്തിന്റെ വിശദമായ ഫേസ്‌ബുക്ക് പോസ്റ്റോടെയാണ്, ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചയാവുന്നത്.
സമാനതകളില്ലാത്ത അന്ത്യവും
ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചുള്ള സിനിമ ഇറങ്ങുന്നതിന് ഒരു വർഷം മുമ്പാണ് ഹരികുമാർ ഇളയിടം ഈ പോസ്റ്റ് ഇട്ടിട്ടുള്ളത്. അതിൽ പണിക്കരുടെ മരണം പറയുന്ന പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ''നിരന്തരമായ പോരാട്ടമായിരുന്നു വേലായുധപ്പണിക്കരുടെ ജീവിതത്തെ ഐതിഹാസികമാക്കിയത്. അഥവാ അനീതികൾക്കെതിരെയുള്ള കരുത്തുറ്റ ചെറുത്തുനിൽപ്പിന്റെ മറുപേരായിരുന്നു വേലായുധപ്പണിക്കർ എന്നത്. തനിക്കുപേരിട്ട അതേ ഇടപ്പള്ളി കൊട്ടാരത്തിലെ ഇളമുറക്കാരനായ കൊച്ചുതമ്പുരാൻ രാമന്മേനോൻ, വഴിമാറിനടക്കാത്തതിന്റെ പേരിൽ പണിക്കരോട് ഇടഞ്ഞതും പണിക്കർ മേനോന്റെ കരണം പുകച്ചതും അതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചതും ചരിത്രമാണ്. പണിക്കരുടെ ജയിൽവാസം തങ്ങളെപ്പോലുള്ളവർക്കു വേണ്ടിക്കൂടി ആയിരുന്നു എന്നാണ് വാമൊഴി ആവേദകരുടെ പക്ഷം. ജയിൽ മോചിതനായ പണിക്കരെ സ്വീകരിച്ചാനയിക്കാൻ വലിയതോതിൽ തങ്ങളുടെ പൂർവ്വികർ തടിച്ചുകൂടിയത് അതിനാലാണെന്നാണ് അവർ കരുതുന്നത്.
ശഠനോട് ശാഠ്യമെന്നതായിരുന്നു പണിക്കരുടെ പ്രഖ്യാപിതനയം. പത്മനാഭസ്വാമിക്ഷേത്രത്തിലെ മുറജപത്തിനു പോവുകയായിരുന്ന തരണനല്ലൂർ നമ്പൂതിരിയിൽനിന്നു 'സാളഗ്രാമം' കൈക്കലാക്കിയതിനു പിന്നിൽ മുസ്ലിങ്ങളായ കടൽക്കൊള്ളക്കാർക്ക് സാമ്പത്തിക ലാഭത്തേക്കാൾ മറ്റു ചില താല്പര്യങ്ങളുണ്ടായിരുന്നതായി കരുതുന്നവരുണ്ട്. 'മുറജപം' എന്ന മതചടങ്ങിനെ അലങ്കോലമാക്കാനുള്ള ലക്ഷ്യം അതിലുണ്ടെന്നും അവർ വാദിക്കുന്നു. സ്വർണ്ണത്തിനോ രത്നത്തിനോ ലഭിക്കുന്ന വാണിജ്യമൂല്യം തീരെയില്ലാത്ത ഒരു കഷണം കല്ലാണ് സാളഗ്രാമം. അതിന്റെ ആകെ മൂല്യം ഭക്തർ അതിലർപ്പിക്കുന്ന വൈശിഷ്ട്യമാണ്. ഭക്തർക്കുമാത്രമാണ് അത് അമൂല്യമാകുന്നത്. കൊള്ളക്കാർക്ക് അത് വെറും പാറക്കഷണമോ ഉരുളൻ കല്ലോ മാത്രമാണ്. വിശേഷപ്പെട്ട ഒരു മത ചടങ്ങ് മുടങ്ങുന്നതിലൂടെ ജനതയിൽ അരക്ഷിതബോധം സൃഷ്ടിക്കാനാണ് കൊള്ളക്കാർ ആഗ്രഹിച്ചതെന്നു വ്യക്തം. അവിടെയാണ് പണിക്കർ രക്ഷകനായി അവതരിക്കുന്നത്.
കായലിൽവെച്ച് കവർന്ന സാളഗ്രാമം വീണ്ടെടുക്കാൻ മഹാരാജാവിന് പണിക്കരെ ആശ്രയിക്കേണ്ടിവന്നു. ശത്രുവിനെ പാളയത്തിൽ കയറി നേരിടാനുള്ള ആ അവസരം പണിക്കർ ഉപയോഗിക്കുകയും പണിക്കർ അത് അവിശ്വസനീയ വേഗത്തിൽ വിജയം നേടിയെടുക്കുകയും ചെയ്തു (1869). അതോടെ അദ്ദേഹം ആയില്യം തിരുന്നാൾ മഹാരാജാവിന്റെ പ്രീതിക്കു പാത്രമാവുകയും അദ്ദേഹത്തിൽ നിന്നും 'കുഞ്ഞൻ' എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തു. നേരത്തേതന്നെ പണിക്കരോട് ശത്രുതയുണ്ടായിരുന്ന മുസ്ലിം മതത്തിൽപ്പെട്ട കവർച്ചക്കാർക്ക് ഒരു ഇരുട്ടടികൂടിയായിരുന്നു പണിക്കരുടെ വിജയം. അതോടെ അവരുടെ പകയുടെ ആഴംകൂടി.
രണ്ടുവട്ടം തന്നോടിടഞ്ഞ കായംകുളം കൊച്ചുണ്ണിയെ പുല്ലുകുളങ്ങരയിൽ നിന്നും പിടികൂടി തടങ്കലിലാക്കിയതിനു പിന്നിൽ പണിക്കരുടെ ബുദ്ധിയും കായികമായ പിന്തുണയുമുണ്ടായിരുന്നു. ആറാട്ടുപുഴയുടെ പരിസരപ്രദേശങ്ങളിലും കുട്ടനാട്ടിലുമുള്ള മുതിർന്ന തൊഴിലാളികൾ ഞാറ്റുപാട്ടായും, തേക്കുപാട്ടായും കളപറിക്കൽപാട്ടായും കൊയ്ത്തുപാട്ടായും മെതിപ്പാട്ടായും തങ്ങളുടെ വീരനായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചുള്ള പാട്ടുകൾ പാടിയിരുന്നതായി ഡോ. ആറാട്ടുപുഴ സുകുമാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. വലിൽനിന്ന് 'ആറാട്ടുപുഴ പണിക്കരച്ചോ' എന്ന് നീട്ടിപ്പാടി തൊഴിലെടുക്കുന്ന കറ്റാനം പള്ളിക്കൽ സ്വദേശിനിയായ ദലിത് വനിത നാണിയുടെ നാവിൽനിന്നാണ് അദ്ദേഹം പാട്ടിന്റെ വരികളേറെയും സമ്പാദിച്ചത്.
പലരും പലകാലത്ത് 'പണിക്കരച്ഛനെ'ക്കുറിച്ച് വീരാപദാനങ്ങൾ എഴുതിയിട്ടുള്ളതായി വരികളുടെയും വിവരണത്തിന്റെയും വൈവിദ്ധ്യം സൂചിപ്പിക്കുന്നുണ്ട്. ആറാട്ടുപുഴ മംഗലം സ്വദേശിയായ മുണ്ടശേരിൽ കരുണാകരൻ (88) ഓർമ്മയിലെ പാട്ടടരുകൾ പങ്കുവെയ്ക്കുമ്പോൾ, പണിക്കരുടെ കൊലപാതകത്തിന് പിന്നിലെ തീവ്ര-മത സ്വഭാവത്തെക്കുറിച്ച് തെളിമയോടെ മനസ്സിലാക്കാൻ നമുക്കു കഴിയന്നുണ്ട്. വേലായുധപ്പണിക്കരും മുസ്ലിങ്ങളും തമ്മിൽ നിരന്തരമായ സംഘർഷത്തിൽ ആയിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്.
പലവട്ടം അവർ പരസ്പരം സംഘർഷങ്ങളിൽ ഏർപ്പെടുന്നുണ്ട്. വ്യവസായികമായ മേൽക്കോയ്മ കൈക്കലാക്കാനുള്ള കിടമത്സരത്തിൽ കൈയൂക്കുകൊണ്ട് വേലായുധപ്പണിക്കരെ മറികടക്കാൻ എതിരാളികളെ അദ്ദേഹം അനുവദിച്ചിരുന്നില്ല. കനകക്കുന്ന്, കള്ളിക്കാട് പ്രദേശങ്ങളിൽ തങ്ങിയിരുന്ന അറബികളായ കച്ചവടക്കാർക്ക് അതിനാൽ വലിയ വിരോധം പണിക്കരോടുണ്ടായിരുന്നു. അവർക്കു വേണ്ടിക്കൂടിയാണ് മുസ്ലിങ്ങൾ വേലായുധപ്പണിക്കരെ തകർക്കാൻ തുനിഞ്ഞിരുന്നതെന്ന നിരീക്ഷണവും നിലവിലുണ്ട്.
ലഭ്യമായ കണക്കനുസരിച്ച് ഓരോവർഷവും74,000 ടൺ ചരക്കുകൾ വിദേശങ്ങളിലേക്ക് ആറാട്ടുപുഴയുൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്ന് 1862-കാലത്ത് കയറ്റി അയച്ചിരുന്നു. അതിൽ വലിയപങ്കും വേലായുധപ്പണിക്കരായിരുന്നു നിയന്ത്രിച്ചിരുന്നത്. 1869-ൽ തിരുവിതാംകൂർ സർക്കാരിന് കയറ്റുമതിയിനത്തിൽ 72 ലക്ഷം രൂപ ലഭിക്കുന്നുണ്ട് (സാമുവൽ മെറ്റീർ, ധർമ്മഭൂമി). തേങ്ങ, അടക്ക, പനമരം, ഉണങ്ങിയ വിത്തുകൾ, നാരുകൾ, വെളിച്ചെണ്ണ, ഓല, കയർ, കയറ്റുപായ, കൽക്കണ്ടം തുടങ്ങിയ സാധനങ്ങളായിരുന്നു അവയിൽ പ്രധാന ഇനങ്ങൾ. വിദേശികൾക്കോ സ്വദേശികളായ മറ്റുള്ള കച്ചവടക്കാർക്കോ തന്റെ തട്ടകത്തിൽ കടന്നുവരാതിരിക്കത്തക്കവണ്ണം പ്രാദേശിക ജനതയെ ഒപ്പം നിർത്താൻ ഇടക്കാട്ട് ക്ഷേത്രം പണിക്കരെ തുണച്ചു.
ഇതോടെ ആറാട്ടുപുഴയിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാൻ മറുപക്ഷം തന്ത്രങ്ങളാവിഷ്‌കരിച്ചു. പല്ലനയിലും പരിസരത്തും ചില ഈഴവരെ മാർക്കംകൂട്ടി ഒപ്പംകൂട്ടാൻ അവർക്കായി.
മതം മാറ്റൽ പ്രക്രിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. തമിഴ് നാട്ടുകാരനായ ഒരു പട്ടരുടെ കടയിൽ നിന്നും പതിവായി പലചരക്കുസാധനങ്ങൾ വാങ്ങിയിരുന്ന ഒരാൾ, ആയിടെ മതംമാറി മാപ്പിളയായ പുതുകച്ചവടക്കാരന്റെ കടയിൽ കയറാൻ മടിച്ചതിനെച്ചൊല്ലി വലിയ സംഘർഷം ഉണ്ടായി. പല്ലനയിലെ പാനൂരിനടുത്തായിരുന്നു ഈ സംഭവം. ഇതിനെത്തുടർന്ന് പുത്തന്മതത്തിലേക്കു ചേക്കേറിയ കലഹസ്വഭാവികളായ ആളുകൾ പട്ടരുടെ കടക്കുമുമ്പിൽ ബഹളംകൂട്ടുക പതിവായി. ആളുകൾ ആവഴിക്ക് പിന്നീട് വരാതായി. പട്ടർക്ക് അവിടം വിടേണ്ടി വന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ആറാട്ടുപുഴ, പല്ലന, തൃക്കുന്നപ്പുഴ തുടങ്ങിയ പ്രദേശത്ത് നൂറ്റി ഇരുപത്തഞ്ചിൽപ്പരം ബ്രാഹ്‌മണ / നമ്പൂതിരി കുടുംബങ്ങൾ ഉണ്ടായിരുന്നു. പല കാലങ്ങളിലായി ഇടപ്പള്ളി നാടുവിഴികൾ അവിടെ കൊണ്ടുവന്ന് താമസിപ്പിച്ചകൂട്ടരായിരുന്നു അവരിൽ പലരും. മുസ്ലിങ്ങളുടെ കടന്നു കയറ്റത്തിൽ പൊറുതിമുട്ടിയ അവർ ചെറുത്തുനിൽക്കാൻ ത്രാണിയില്ലാതെ പലഘട്ടങ്ങളിലായി അവിടം വിട്ടു തുടങ്ങാൻ ഇതു കാരണമായി. നാടുവിട്ടൊഴിയാൻ കൂട്ടാക്കാതിരുന്ന ഈഴവരും പരവരും തണ്ടാന്മാരും ചെറുത്തുനില്പിനു ശ്രമിച്ചു. ഈ ചെറുത്തുനില്പു സംഘങ്ങളുടെ നേതൃത്വം സ്വാഭാവികമായി പണിക്കർക്കായിരുന്നു. പല്ലനയും തൃക്കുന്നപ്പുഴയും പരിസരത്തുമായി അവശേഷിച്ച എഴുപതിൽപ്പരം നമ്പൂതിരി കുടുംബങ്ങളും ഇത്തരക്കാരുടെ ശല്യത്തിൽ പൊറുതിമുട്ടി ഇരുപതാം നൂറ്റാണ്ടിന്റെ പ്രരംഭത്തിൽ പ്രദേശം വിട്ടു. ഇപ്പോൾ ഒരു കുടുംബം മാത്രമാണ് അവിടെ അവശേഷിക്കുന്നത്.
വാമൊഴികളും ചരിത്രരേഖകളും പരതി ആറാട്ടുപുഴയുടെ ജീവചരിത്രം രേഖപ്പെടുത്തിയ കെ. വാസുദേവൻ എഴുതുന്നു: 'ആറാട്ടുപുഴ കായംകുളം കമ്പോളത്തിൽ പോയിരുന്നത് മിക്കവാറും പല്ലക്കിലായിരുന്നു. ചിലപ്പോഴൊക്കെ കുതിരപ്പുറത്തും. ഇതു കച്ചവടക്കാരായ മുസ്ലിങ്ങൾക്ക് ഈർഷ്യയുണ്ടാക്കി. അദ്ദേഹത്തെ കാണുമ്പോൾ കടകമ്പോളങ്ങളിൽ നിന്നും ആളുകൾ ഓടിച്ചെന്നു വന്ദിക്കുന്നു. അവരുടെ കണ്ണുകൾ ആരാധനാ സാന്ദ്രമാകുന്നു. ആളുകൾ അദ്ദേഹത്തെ വലയം ചെയ്യുന്നു. രാജപ്രൗഢിയോടെ ആറാട്ടുപുഴ നിൽക്കുന്നതു കാണുമ്പോൾ മുഹമ്മദീയരുടെ അസൂയയുടെ അണകൾപൊട്ടി ഒഴുകി. തങ്ങളുടെ സുൽത്താന്മാരെക്കാളും വലിയ സുൽത്താനാണോ ഓൻ? അദ്ദേഹത്തിന്റെ പാങ്കർ വഹിച്ചുള്ള മഞ്ചൽയാത്ര മുഹമ്മദീയർക്കു സഹിക്കാൻ സാധിച്ചില്ല. രാത്രികളിൽ പാനൂരിലെയും കായംകുളത്തെയും മുസ്ലിങ്ങൾ അദ്ദേഹത്തെ കല്ലെറിഞ്ഞു. ആറാട്ടുപുഴ രോഷാകുലനായി കുതിരപ്പുറത്തു കായംകുളം കമ്പോളത്തിലേക്കു പാഞ്ഞുചെന്നു. അദ്ദേഹവും അനുചരന്മാരും കടകളിൽക്കയറി മുഹമ്മദീയരെ അടിച്ചു വഴിയിലേക്കെറിഞ്ഞു' (കെ. വാസുദേവൻ, ആറാട്ടുപുഴ വേലായുധപ്പണിക്കർ, പേജ് 80, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019). അദ്ദേഹത്തെ അവസാനിപ്പിക്കാൻ അവർ തീരുമാനിക്കുന്നതിന്റെ പ്രധാനകരണം മറ്റൊന്നുമല്ല.
പണിക്കരുടേത് നിഷ്ഠൂരമായ കൊലപാതകമായിരുന്നുവെന്നതിന് സംശയമില്ല. ഇരുളിന്റെ മറപറ്റിയാണ് ശത്രുക്കൾ അദ്ദേഹത്തെ വകവരുത്തിയത്. കൊല്ലത്തേക്കുള്ള യാത്രക്കിടയിലാണ് തണ്ടുവള്ളത്തിൽ വെച്ച് അദ്ദേഹം കൊലക്കത്തിക്കിരയാകുന്നത്. ആറാട്ടുപുഴയിലെ ആദ്യ ബി.എ ബിരുദക്കാരനായ പി.ഒ കുഞ്ഞുപണിക്കർ 'കുലദ്രോഹി' എന്നുവിശേഷിപ്പിച്ച കിട്ടനാണ് പണിക്കരെ കാെല്ലുന്നത് (എസ്എൻഡിപി കനകജൂബിലി പതിപ്പ്, 1953). പണിക്കരുടെ ബന്ധുവായിരുന്ന അയാൾ പൊന്നാനിയിൽപ്പോയി മതംമാറി തൊപ്പിയിട്ട് ഹൈദരായി. മുമ്പൊരിക്കൽ പണിക്കരിൽനിന്നും ശിക്ഷക്കു വിധേയനായ വ്യക്തിയായിരുന്നു അയാൾ. പണിക്കരോടുള്ള പഴയപകയുടെ കണക്കുതീർക്കാൻ അയാൾ എതിരാളികളുടെ പാളയത്തിൽ കരുത്തുറ്റ ആയുധമായിത്തീർന്നു. ഷേക്സ്പിയർ നാടകത്തിലെ ബ്രൂട്ടസ്സിനെപ്പോലെ. എന്നാൽ, പണിക്കരെക്കുറിച്ച് എഴുതുന്നവരൊക്കെയും, അദ്ദേഹത്തിന്റെ കൊലയാളികളായ മുസ്ലിം സംഘത്തെക്കുറിച്ച് മിണ്ടാറില്ല. മാത്രമല്ല, കൊലയാളിയെന്നു മുദ്രകുത്തപ്പെട്ട കിട്ടനെന്ന ഉറ്റബന്ധു മതംമാറിയ ആളാണെന്നോ അയാളുടെ മുസ്ലിം ഐഡന്റിറ്റിയെക്കുറിച്ചോ നിശബ്ദരാവുകയുംചെയ്യുന്നു. അവരെല്ലാംതന്നെ കൊലപാതകിയെ 'തൊപ്പിയിട്ട കിട്ടനെ'ന്നു വിളിച്ച് കൃത്യത്തിനുപിന്നിലെ മതപരമായ താല്പര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്നതാണ് വസ്തുത.
സ്മൃതിയുടെ തരിമ്പുപോലും അവശേഷിക്കാനനുവദിക്കാതെയാണ് ശത്രുക്കൾ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. എവിടെയാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ അന്ത്യവിശ്രമം കൊള്ളുന്നത് എന്നാരെങ്കിലും അന്വേഷണം നടത്തിയാൽ അവർ എവിടെയും എത്തുകയില്ല. അദ്ദേഹം ജനിച്ചു വളർന്ന ആറാട്ടുപുഴ മംഗലം ദേശത്തോ, അദ്ദേഹത്തിന്റെ അച്ഛന്റെ വീടായ കായംകുളത്തെ എരുവയിലെ കുറ്റിത്തറ ഭവനത്തിലോ, അക്കാലത്തെ പ്രധാന തുറമുഖങ്ങളായ പത്തിശ്ശേരിയിലോ, പെരുമ്പള്ളിയിലോ അത്തരമൊരു സ്മാരകം ഒരിക്കലും കണ്ടത്താനാവില്ല. അതിനു കാരണം പാട്ടിൽ പറയുന്നുണ്ട്. 'ശത്രുക്കൾ അദ്ദേഹത്തിന്റെ ശവത്തെപ്പോലും വെറുതെ വിട്ടില്ലത്രേ.!'
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനന്തര തലമുറയിൽപ്പെട്ട, കോൺഗ്രസ്സിന്റെ മുൻനേതാവും എസ്സ്എൻഡിപി യോഗം ഭാരവാഹിയും മുൻധനമന്ത്രിയുമായിരുന്ന അഡ്വ. എംകെ ഹേമചന്ദ്രൻ എഴുതുന്നു: 'ആറാട്ടുപുഴ പ്രദേശത്ത് മുസ്ലിങ്ങൾ ഈഴവരെ മതപരിവർത്തനം ചെയ്യിച്ചിരുന്നു. പണിക്കർ ഇതിനെ ശക്തമായി എതിർത്തു. പണിക്കരുടെ എതിർപ്പിനെ നേരിടാൻ മുസ്ലിങ്ങളും തയ്യാറായി. മതപരിവർത്തനം ചെയ്തവരെ തിരഞ്ഞുപിടിച്ചാണ് പണിക്കർആക്രമണം നടത്തിയത്. പണിക്കരെ എങ്ങനെയും വധിക്കണമെന്ന് അവർ തീരുമാനിച്ചു. അവർ തക്കംപാർത്തു നടന്നു. 1874 ജനുവരി 3-ാം തീയതി തണ്ടുവെച്ച ബോട്ടിൽ കൊല്ലത്തേക്കുപോകുംവഴി കായംകുളം കായലിൽവെച്ച് തൊപ്പിയിട്ട കിട്ടൻ - അയാൾ മതപരിവർത്തനം ചെയ്ത ആളായിരുന്നു -കൂട്ടരുമൊത്ത് അദ്ദേഹത്തെ ആക്രമിച്ച് വള്ളത്തിലിട്ട് കുത്തിക്കൊന്നു' (അരുവിപ്പുറം ശതാബ്ദി പതിപ്പ്, 1988)
അന്ന് കൊല്ലത്തേക്കുള്ള രാത്രിയാത്രക്കിടയിൽ സഞ്ചരിച്ചിരുന്ന തണ്ടുവള്ളത്തിൽ മയക്കത്തിലായിരുന്ന പണിക്കരെ ആക്രമിച്ചവർ അദ്ദേഹത്തെ നിഷ്‌കരുണമാണ് വധിച്ചത് എന്നാണ് മുണ്ടശേരി കരുണാകരന്റെ പാട്ടോർമ്മകൾ വെളിപ്പെടുന്നത്. കൊലയാളികളുടെ ആക്രമണത്തിനിടയിൽ ആയുധം നഷ്ടപ്പെട്ടു പോയെങ്കിലും ചാടി എണീക്കാൻ ശ്രമിച്ച പണിക്കരെ ജീവനോടെ വിട്ടാലുണ്ടാകുന്ന അപകടത്തെപ്പറ്റി കിട്ടൻ കൂട്ടാളികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ലക്ഷ്യംതെറ്റിയ ആദ്യത്തെ ആക്രമണത്തിനുശ്ശേഷം, പകച്ച്, അറച്ചു നിന്ന അവർ കിട്ടന്റെ വാക്കുകൾ കേട്ട് മുന്നോട്ടാഞ്ഞു. കിട്ടനുൾപ്പെടെയുള്ള സംഘം അങ്ങനെ വേലായുധപ്പണിക്കർക്കുനേരെ ചാടിവീണു. 21 തവണ അവർ വേലായുധപ്പണിക്കരുടെ ശരീരത്തിൽ നിഷ്‌കരുണം ആയുധം പ്രയോഗിച്ചു. ആ വീരന്റെ മരണം ഉറപ്പാക്കിയിട്ടും പകതീരാതെ അവർ അദ്ദേഹത്തിന്റെ ലൈംഗികാവയവം അറുത്തെടുത്ത് നിലവിളിയുറഞ്ഞുപോയ വായിലേക്ക് തിരുകിവെച്ചു. എന്നിട്ടും കലിയടങ്ങാതെ അദ്ദേഹത്തിന്റെ ശരീരം പല കഷണങ്ങളാക്കി കായലിൽതള്ളി. അതിനുശേഷം കൊലപാതകികൾ കായലിൽചാടി നീന്തി രക്ഷപ്പെട്ടു.
പിന്നീട് രണ്ടു ദിവസം കഴിഞ്ഞോമറ്റോ കായലിൽ കണ്ടെത്തിയ ശരീരഭാഗം പെരുമ്പള്ളി കടവിനടുത്ത് എവിടെയോ സംസ്‌കാരം നടത്തിയത്രേ. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ മൃതശരീരം സംസ്‌കരിച്ചതെവിടെ.? ബ്രൂട്ടസിനെപ്പോലൊരുവന്റെ കൊലക്കത്തിക്കിരയായ ആവീരയോദ്ധാവിന്റെ ശരീരഭാഗങ്ങൾ അടക്കം ചെയ്തതെവിടെയെന്ന് ഇന്നും ആർക്കും ഒരു നിശ്ചയവുമില്ല. പെരുമ്പള്ളിക്കടവിൽ എവിടെയോ ആണെന്നാണ് പഴമക്കാരുടെ അറിവ് മാത്രമാണ് നമുക്കുമുന്നിലുള്ളത്. പെരുമ്പള്ളി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലും അറിയപ്പെടുന്ന ഒരു തുറമുഖമായിരുന്നു. പല കഷണങ്ങളായി ഒഴുകിയടഞ്ഞ വേലായുധപ്പണിക്കരുടെ ശരീരഭാഗങ്ങൾ ജീർണ്ണിച്ച അവസ്ഥയിലാണ് കണ്ടെടുക്കപ്പെടുന്നത്. നായകൻ വീണതോടെ അദ്ദേഹത്തിന്റെ ശത്രുകൾ കരയിൽ അവരുടെ കരുത്തു പ്രകടമാക്കിത്തുടങ്ങി. ജനങ്ങളെ അക്രമികൾ ഭീതിയിലാഴ്‌ത്തി. കണ്ടെടുത്തശരീരഭാഗങ്ങൾ വീട്ടിലേക്കുകാണ്ടുപോയി അടക്കം ചെയ്യാനാവാത്തവിധം ഭീതിദമായിരുന്നു അന്തരീക്ഷം. പണിക്കരെ പിന്തുണച്ചിരുന്ന നാട്ടുകാരിൽ പലരെയും അക്രമിസംഘം ദേഹോപദ്രവങ്ങളേൽപ്പിച്ചിരുന്നു. ശരീരഭാഗങ്ങൾ ഏറ്റുവാങ്ങാൻപോലും ആളില്ലാതായി. വരാൻ ആരും ധൈര്യപ്പൈട്ടില്ല. പെരുമ്പള്ളിക്കടവിൽ അടക്കാൻ ഒരുകാരണം അതാവാമെന്നാണ് പഴമക്കാർ കരുതുന്നത്. അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവർ പതറിപ്പോയിരുന്നു. പാനൂരിലെയും പരിസരങ്ങളിലെയും മാഷ്ഷിളമാരുടെ നെഗളിപ്പ് അതിരുവിട്ടു. അവശേഷിച്ച നമ്പൂതിരി കുടുംബങ്ങളും അതോടെ നാടുവിട്ടു. ചിതറിപ്പോയ പണിക്കരുടെ സംഘം ഒത്തുകൂടാൻതന്നെ ഏതാനും ദിവസം വേണ്ടിവന്നു. ആറാട്ടുപുഴ നിന്നും അക്രമകാരികളായ മുസ്ലിങ്ങളെ ഒന്നൊഴിയാതെ തല്ലിയോടിച്ചതോടെയാണ് രംഗം ശാന്തമായത്. ''- ഇങ്ങനെയാണ് ആ ചരിത്രം ഹരികുമാർ ഇളയിടം വിശദീകരിക്കുന്നത്.
ഹരികുമാറിന്റെ പോസ്റ്റിനെ തുടർന്ന് സോഷ്യൽ മീഡയയിൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇത് സംഘപരിവാർ സൃഷ്ടിച്ച ചരിത്രമാണെന്ന് പറഞ്ഞത് തള്ളിക്കളയുകമാണ്, ഇടത് അനുഭാവികൾ ചെയ്യുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ