കോഴഞ്ചേരി: പന്തളം കൊട്ടാരത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ പന്തളം കൊട്ടാരത്തിന്റെ ശബരിമലയിലെ ആധിപത്യം നിലനിർത്താനുള്ള കുതന്ത്രങ്ങളുടെ ഭാഗമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

പത്തനംതിട്ട അയിരൂരിൽ 29-ാമത് ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. പാർട്ടി മെമ്പറും പഴയ ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പന്തളം രാജാവിന്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ വിരോധത്തിന്റെ പേരിൽ, ചങ്ങനാശേരിയുമായി ചേർന്ന് ഉണ്ടാക്കിയ, പെറാട്ട് നാടകമാണ് പ്രശ്നങ്ങൾക്ക് പിന്നിൽ.

എല്ലാ ജാതി-മതവിഭാഗങ്ങൾക്കും കടന്ന് ചെല്ലാൻ കഴിയുന്ന ക്ഷേത്രമാണ് ശബരിമല എങ്കിൽ, മേൽശാന്തി നിയമനത്തിൽ ജാതി വിവേചനം എന്തിന്? തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 % ജോലികളും സവർണർക്കാണെന്നും ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാക്കുന്നതെന്നും വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.

ബഫർ സോണുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ തൃശുർ രൂപതയുടെ പ്രസംഗം, സഭാ വക്താക്കൾക്ക് ചേർന്നതാണോ എന്ന് ചിന്തിക്കണമെന്നും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നാണ് ഇപ്പോൾ ഈ രാജ്യത്തെ പ്രാർത്ഥനയെന്ന്, ഹിന്ദുക്കൾ തെറ്റിദ്ധരിച്ചാൽ തെറ്റ് പറയാനാവാത്ത സ്ഥിതിയാണുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കോഴഞ്ചേരി എസ്എൻഡിളപി യുണിയൻ പ്രസിഡന്റ് കെ എൻ മോഹൻ ബാബു അധ്യക്ഷത വഹിച്ചു.