റാന്നി: സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പട്ടി കടിച്ച് മരിച്ചാലും ജാതിയും മതവും നോക്കിയാണ് സർക്കാർ ധനസഹായം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാടമൺ ശ്രീനാരായണ കൺവൻഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേപ്പട്ടിയുടെ കടിയേറ്റ് മരിച്ച പെരുനാട്ടിലെ അഭിരാമിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകിയില്ല. റാന്നി യൂണിയൻ അരലക്ഷം കൊടുത്തു. ഞാൻ ഒരു ലക്ഷം കൊടുക്കും. സർക്കാർ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് റാന്നി യൂണിയൻ പരാതി കൊടുത്തിരുന്നു. പരിശോധിച്ചു വരികയാണെന്ന് മറുപടി ലഭിച്ചത് മാസങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ്. യോഗം വോട്ടു ബാങ്ക് ആയിരുന്നെങ്കിൽ സഹായം എന്നേ ലഭിക്കുമായിരുന്നു.

കുടുംബത്തെ സഹായിച്ചിരുന്നെങ്കിൽ നമുക്കും സർക്കാരിനും അഭിമാനമാകുമായിരുന്നു. നമ്മൾ ഒന്നാകണം എന്നാണ് യൂണിയൻ അംഗങ്ങളോട് പറയാനുള്ളത്. മതേതരത്വം കപട നാണയമാണ്. സ്ഥാനാർത്ഥിയെ നിർത്തുന്നത് ജാതിയും മതവും നോക്കിയാണ്. ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങി. ഗുരുദർശനം എന്ന ഒറ്റമൂലി മാത്രമാണ് മരുന്ന്. സംഘടനാ ശക്തി കൂടുതൽ ഊട്ടിയുറപ്പിക്കണം. അയിത്തവും അനാചാരവും ഇനിയും ഇല്ലാതാക്കണം. കണിച്ചുകുളങ്ങരയിൽ അനാചാരം ഇല്ലാതാക്കി. എല്ലാവരുടെയും ക്ഷേത്രമാക്കി. കോഴി വെട്ടും ആന ആറാട്ടും നിറുത്തി. ഷർട്ടിട്ട് കയറാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ അധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോർജ് മുഖ്യ പ്രഭാഷണം നടത്തി.

എംഎ‍ൽഎമാരായ അഡ്വ.കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായണൻ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ, ഇൻസ്പെക്ടിങഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, ഗുരുധർമ്മ പ്രചരണസഭ ജില്ലാ പ്രസിഡന്റ് കെ.ആർ.സുരേഷ്, റോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, പഞ്ചായത്തംഗം അജിതാ റാണി, ജുവനൈൽ ജസ്റ്റീസ് ബോർഡ് അംഗം ലീലാ ഗംഗാധരൻ, വനിതാസംഘം യൂണിയൻ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ട്രഷറർ നിർമ്മലാ ജനാർദ്ദനൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത് മണ്ണടി, യൂണിയൻ ജോയിന്റ് സെക്രട്ടറി ആശാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.