ആലപ്പുഴ: എൻ.എൻ. ട്രസ്റ്റ് ബൈലോയിൽ നിർണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം നൽകിയത് വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണെന്നാണ് ഉയരുന്ന വിമർശനം. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറിനിൽക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് പ്രത്യക്ഷത്തിൽ ബാധിക്കുക വെള്ളാപ്പള്ളിയെ ആണ്. ഈ പശ്ചാത്തലത്തിൽ വിമർശനവുമായി വെള്ളാപ്പള്ളി രംഗത്തുവന്നു.

'താൻ കേസിൽ പ്രതിയല്ല. വിചാരണ നടത്തിയിട്ടില്ല. 14 വർഷം മുൻപ് എസ്എൻ ട്രസ്റ്റിന്റെ എക്‌സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നുവെന്നു അദ്ദേഹം പറഞ്ഞു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി. പിന്നീട് പുരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേർത്തിട്ടില്ല. എന്നെ കള്ളനാക്കി വെടക്കാക്കി തനിക്കാക്കണം. അതിന് വേണ്ടി എന്നെ പ്രതിയാക്കാനാണ് ശ്രമം. കേസ് എന്നെ മാത്രമല്ല, എല്ലാ ട്രസ്റ്റികളെയും ബാധിക്കും. കുറ്റക്കാരായി ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന കാലമാണ്. ഇവിടെ താൻ കുറ്റക്കാരനല്ല, പ്രതി ചേർത്തിട്ടില്ല,' ഒരു കുറ്റപത്രവും സമർപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കുറ്റപത്രം കൊടുത്ത് ജില്ലാ കോടതിയിൽ നിന്ന് വിധി നടപ്പാക്കണം. എന്നാൽ മാത്രമേ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനാവൂ എന്നാണ് ഹൈക്കോടതി എസ്എൻ ട്രസ്റ്റിന്റെ ബൈലോയിൽ വരുത്തിയിരിക്കുന്ന ഭേദഗതിയെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. എസ് എൻ ട്രസ്റ്റിൽ തനിക്ക് കഷ്ടിച്ച് നാലഞ്ച് മാസമേ ഇനി ഭാരവാഹിയായി സമയമുള്ളൂ. ജില്ലാ കോടതിയിലെ കേസ് തീരാൻ എത്ര സമയമെടുക്കും? എന്നെ ഒഴിവാക്കാൻ വേണ്ടി ചിലർ കൊടുത്ത ഹർജിയാണിത്. വർഷങ്ങളായി നടത്തുന്ന ശ്രമമാണിത്. ക്രിമിനൽ കേസിൽ പെടുത്തിയും സ്വകാര്യ അന്യായ ഹർജി നൽകിയും തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. താനിനി എസ്എൻ ട്രസ്റ്റിൽ അംഗമാകരുതെന്ന് ആഗ്രഹിക്കുന്ന, ഈ സീറ്റ് പ്രേമിക്കുന്ന ചില പ്രേമന്മാർ ഇതിന് പിന്നിലുണ്ട്. ജനകോടതിയിൽ തന്നെ ഒതുക്കാൻ സാധിക്കില്ല. ഒന്നും രണ്ടും വർഷമല്ല. ഇതുവരെ തനിക്കൊരു നോട്ടീസും നൽകിയിട്ടില്ല. ഹൈക്കോടതി വിധി പൊതുവായുള്ളതാണ്. അത് നല്ല കാര്യം തന്നെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി നിർണായക ഭേദഗതി വരുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും വിട്ടു നിൽക്കണമെന്ന ഭേദഗതിയാണ് കോടതി വരുത്തിയത്. മുൻ ട്രസ്റ്റ് അംഗം അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് കോടതി ബൈലോ പുതുക്കി ഉത്തരവിറക്കിയത്. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് ബൈലോയിൽ മാറ്റം വരുത്തുകയല്ല കോടതി ചെയ്തത്. മറിച്ച് നിയമത്തിൽ തന്നെ ഭേദഗതി വരുത്തുകയാണ്.

എസ്.എൻ. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ഭാരവാഹിത്വത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി. കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യോഗം യൂണിയൻ മുൻ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പൊലീസ് കേസെടുത്തത്. ഈ സാഹചര്യത്തിൽ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.

വഞ്ചനാ കേസുകൾക്ക് പുറമേ എസ്.എൻ. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിരിക്കുന്നവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം. എസ്.എൻ. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാൽ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം.

ക്രിമിനൽ കേസുകളിൽ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാൻ പാടില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവിൽ പറയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ടാൽ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളുണ്ടാവില്ല. അതേസമയം, ഹൈക്കോടതി ഉത്തരവിലൂടെ ഭാരവാഹികളെ പുറത്താക്കാൻ കഴിയില്ല. അധികാരപരിധിയിലുള്ള സിവിൽ കോടതികളുടെ നിർദ്ദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കാം. ഒരൊറ്റ ഹൈക്കോടതി ഉത്തരവിലൂടെ നിലവിലെ ഭാരവാഹികളെ മാറ്റിയാൽ പ്രതിസന്ധി നേരിടുമെന്ന ട്രസ്റ്റിന്റെ വാദം കൂടി പരിഗണിച്ചാണ് തീരുമാനത്തിന് സിവിൽ കോടതിക്ക് അധികാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ബൈലോയിൽ 34 എ എന്ന ഭേദഗതിയായാണ് പുതിയ നിർദ്ദേശം ചേർത്തിരിക്കുന്നത്.