ആലപ്പുഴ: കണിച്ചുകുളങ്ങറ എസ്.എൻ.ഡി.പി. യോഗം യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വിശദീകരിച്ചു എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമ്പത്തിക തട്ടിപ്പുകൾ പിടിക്കപ്പെട്ടപ്പോൾ നിലനിൽപ്പില്ലാതെ മഹേശൻ ആത്മഹത്യ ചെയ്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ആദ്യ അന്വേഷണത്തിലെ കണ്ടത്തലും ഇതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അന്വേഷണത്തിന് ഇടക്കാല ഉത്തരവ് വാങ്ങിയത്. വരാനിരിക്കുന്ന എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിൽ താനും മകനും മത്സരരംഗത്തേക്ക് എത്താതിരിക്കാൻ നൽകിയ കള്ളക്കേസാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'വാർത്ത സൃഷ്ടിക്കാനും എന്നെ തകർക്കാനും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഞാനോ തുഷാറോ വരാതിരിക്കാനുള്ള അടവുനയമാണിത്. എന്നിൽ നിന്നും എന്ത് പീഡനമുണ്ടായി? പൊലീസിന് പിടികൊടുക്കാൻ തയ്യാറല്ല, അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചത്. ചേർത്തലയിലും കണിച്ചുകുളങ്ങളരയിലുമടക്കം സാമ്പത്തിക തിരിമറി കാണിച്ചത് പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്തത് എന്റെ തലയിൽ എന്തിനാണ് വെക്കുന്നത്. എനിക്കൊരു ഭയവുമില്ല. മഹേശൻ ആരായിരുന്നെന്നും എന്തായിരുന്നെന്നും ആളുകൾക്ക് അറിയാം. അതിനാൽ തനിക്കെതിരെയുള്ള ആരോപണങ്ങളൊന്നും അവർ വിശ്വസിക്കില്ല'- വെള്ളാപ്പള്ളി പറഞ്ഞു.

അന്വേഷണം നടത്തി സത്യം കണ്ടെത്തട്ടെ. പണ്ട് കണ്ടെത്തിയ കാര്യങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കുകയാണെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണ്. മഹേശന്റെ മരണമുണ്ടായപ്പോൾ സിബിഐക്കൊണ്ട് അന്വേഷിപ്പിക്കാനാണ് താൻ ആവശ്യപ്പെട്ടത്. സംസ്ഥാന സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്ന് അവർ ആരോപണം ഉന്നയിച്ചപ്പോഴാണ് താൻ സിബിഐ. ആന്വേഷണം ആവശ്യപ്പെട്ടത്. ഒന്നുമല്ലാതിരുന്ന മഹേശനെ വളർത്തിയത് താനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റെ നിർദ്ദേശപ്രകാരം മാരാരിക്കുളം പൊലീസ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.

മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്നുപേരെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

അതേസമയം ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് വെള്ളാപ്പള്ളി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. ഐപിസി 306, 120ബി, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. ആത്മഹത്യാ പ്രേരണയ്ക്കുള്ള 306 വകുപ്പ് പ്രകാരം പത്തുകൊല്ലം വരെ ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ വകുപ്പുമാണ്. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്താൽ പ്രതിയെ അറസ്റ്റു ചെയ്യണം. സാധാരണ ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം കിട്ടുവരെ പ്രതികൾ പുറത്തിറങ്ങാറില്ല.