- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെള്ളാപ്പള്ളി പടിയിറങ്ങുമ്പോള്‍ എസ്.എന്‍.ഡി.പി ആസ്ഥാനം ജപ്തിയില്‍; കൊല്ലത്തെ കേന്ദ്ര ഓഫീസ് ജപ്തിയിലായത് പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ നല്‍കിയ കേസില്‍; മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപെട്ടുമാത്രം വെള്ളാപ്പള്ളിക്കെതിരെ 124 കേസുകള്‍; വെള്ളാപ്പള്ളി പുറത്താകുന്നത് യോഗത്തെ അടിമുടി കുഴപ്പത്തിലാക്കി
വെള്ളാപ്പള്ളി പടിയിറങ്ങുമ്പോള്‍ എസ്.എന്‍.ഡി.പി ആസ്ഥാനം ജപ്തിയില്‍

കൊല്ലം: മലയാളിയുടെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ കാല്‍നൂറ്റാണ്ടിലധികം ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന വെള്ളാപ്പള്ളി നടേശന്‍ പടിയിറങ്ങുന്നത് അത്ര സുഖകരമായ സാഹചര്യത്തിലല്ല. ആസ്ഥാനം ജപ്തി ഭീഷണിയിലായതും നൂറുകണക്കിന് കേസുകള്‍ പിന്നാലെ കൂടുന്നതും ഒരു കാലഘട്ടത്തിന്റെ അന്ത്യമായി വേണം കാണാന്‍. യോഗത്തിന്റെ വിലപേശല്‍ ശക്തിയും ഇല്ലാതാക്കിയാണ് വെള്ളാപ്പള്ളി പടിയിറങ്ങുന്നത്.
വെള്ളാപ്പള്ളി പടിയിറങ്ങുമ്പോള്‍ ഒരു പിന്തുടര്‍ച്ചാവകാശിയെ വാഴിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും യോഗം അടിമുടി കുഴപ്പത്തിലാണ്. യോഗം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. ആസ്തികളേക്കാള്‍ കൂടുതല്‍ ബാധ്യതകളിലേക്ക് യോഗം കൂപ്പുകുത്തിയിട്ടുണ്ട്. സമുദായ അംഗങ്ങള്‍ക്കിടയില്‍ നേതൃത്വത്തിനുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും കേസുകളും വരുന്നത് സംഘടനയുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചിരിക്കുന്നു.
പിന്നാക്ക വിഭാഗ കോര്‍പറേഷന്‍ നല്‍കിയ കേസിലാണ് കൊല്ലത്തെ എസ്.എന്‍.ഡി.പി യോഗം കേന്ദ്ര ഓഫിസ് ജപ്തിയിലായത്. 15.85 കോടിരൂപയാണ് മൂന്ന് ശതമാനം പലിശക്ക് കോര്‍പറേഷന്‍ നല്‍കിയത്. ഇത് 2775 സംഘങ്ങളുടെ പേരിലാണ് എടുത്തത്. ഇവയെല്ലാം വ്യാജ സംഘങ്ങളാണെന്ന് ആരോപണമുണ്ട്. ഇതില്‍ കോര്‍പറേഷന്‍ നല്‍കിയ 4.5 കോടി വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് 2017ല്‍ എസ്.എന്‍.ഡി.പി ആസ്ഥാനം ജപ്തിചെയ്തത്. ജപ്തിയുടെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. വായ്പയിലെ ബാക്കി തുക സംബന്ധിച്ചും കേസുകളുണ്ട്.
പിന്നാക്ക വിഭാഗം കോര്‍പറേഷന്‍ നല്‍കിയ പണം മൈക്രോഫിനാന്‍സിലൂടെ കൂടുതല്‍ പലിശക്ക് മറിച്ചുനല്‍കി തട്ടിപ്പുനടത്തിയെന്നാണ് കേസ്. മൈക്രോ തട്ടിപ്പുമായി ബന്ധപെട്ടുമാത്രം വെള്ളാപ്പള്ളിക്കെതിരെ 124 കേസുകള്‍ വിജിലന്‍സ് അന്വേഷണപരിധിയിലുണ്ട്. ഇതില്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തലവന്‍ ശശിധരന്റെ നേതൃത്വത്തില്‍ 21 കേസുകള്‍ അന്വേഷിച്ച് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീളുകയാണ്. വിവിധ ബാങ്കുകളില്‍നിന്ന് സമാഹരിച്ച 15,000 കോടി രൂപ ഇരട്ടിയിലധികം പലിശ വാങ്ങി മൈക്രോഫിനാന്‍സിലൂടെ യൂനിയന്‍ അംഗങ്ങള്‍ക്ക് നല്‍കിയതില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
ഈ പണം ഉപയോഗിച്ച് യൂനിയനുകള്‍ വസ്തുവാങ്ങിയതടക്കം കേസില്‍പെട്ടിട്ടുണ്ട്. മാവേലിക്കരയില്‍ കോളജിനായി സ്ഥലം വാങ്ങിയത് അംഗങ്ങളുടെ പേരിലെടുത്ത പണംകൊണ്ടാണെന്ന് പരാതിയുണ്ട്. അംഗങ്ങളുടെ പേരില്‍ എടുത്ത വായ്പ കാലവധിക്ക് മുമ്പ് തിരിച്ചുവാങ്ങുകയും അത് ബാങ്കില്‍ അടക്കാത്തതിനാല്‍ അംഗങ്ങള്‍ പലിശക്കെണിയില്‍പെട്ടതായും ആക്ഷേപമുയര്‍ന്നിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും ആസ്തികള്‍ പലതും വിറ്റതായി എസ്.എന്‍.ഡി.പി സംരക്ഷണസമിതി ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ഹൈകോടതിവിധി, എസ്.എന്‍.ഡി.പി നോണ്‍ ട്രേഡിങ് കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം കമ്പനി നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നെന്ന് കാട്ടിയുള്ളതാണ്.


