വെള്ളറട: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം ആക്രമണം. വെള്ളറട ജങ്ഷനില്‍ ഉത്സവഘോഷയാത്രയ്ക്കിടെയുണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്‌പെക്ടറെയും സംഘത്തെയും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു. വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപിനും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തിനു പിന്നാലെയാണ് ജില്ലയില്‍ വീണ്ടും ഉന്നത ഉദ്യോഗസ്ഥനു നേരെ ആക്രമണമുണ്ടാകുന്നത്. ഈ എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയത്. പോലീസുകാരനെതിരെ കൗണ്ടര്‍ കേസും എടുത്തു. ഇതു വലിയ വിവാദമായി. ഇതിന് പിന്നാലെ പോലീസുകാരനെതിരെ ചുമത്തിയ ജാമ്യമില്ലാ കുറ്റങ്ങള്‍ നീക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ പോലീസ് അസോസിയേഷന്‍ യോഗത്തിലും ഇതെല്ലാം ചര്‍ച്ചയായി. ആ സംഭവം പോലീസുകാര്‍ക്കിടയില്‍ വലിയ അമര്‍ഷമാണ്. ഇതിനിടെയാണ് വെള്ളറട എസ് ഐയ്ക്കും മര്‍ദ്ദനമേല്‍ക്കുന്നത്. ഞായറാഴ്ച രാത്രി ഒന്‍പതോടെ വെള്ളറട ജങ്ഷനിലായിരുന്നു സംഭവം.

ചൂണ്ടിക്കല്‍ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര വെള്ളറട ജങ്ഷനിലെത്തിയപ്പോള്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതികള്‍ നൃത്തം ചെയ്തിരുന്നു. ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് എസ്ഐ അഭിജിത്തിന്റെ നിര്‍ദേശപ്രകാരം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ പൊലീസുകാരനെ അസഭ്യം വിളിക്കുകയും നെഞ്ചില്‍ ഇടിച്ചു തള്ളുകയും ചെയ്തു. ഇതു തടയാന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടര്‍ അഭിജിത്തിനെ ഒന്നാം പ്രതിയായ പ്രദീപ് അസഭ്യം പറയുകയും അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന മൂന്നാം പ്രതി എസ്ഐയുടെ മുഖത്ത് ഇടിച്ച് പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ എസ്ഐയും സംഘവും ചികിത്സയ്ക്കായി ആനപ്പാറ സിഎച്ച്സിയില്‍ എത്തിയെങ്കിലും പ്രതികളും കൂപ്പുകാരും അവിടെയും തടസ്സമുണ്ടാക്കി. ഇതേത്തുടര്‍ന്ന് ഇവിടെ നിന്ന് മടങ്ങിയ പൊലീസ് സംഘം പാറശാല ആശുപത്രിയിലാണ് ചികിത്സ തേടിയത്. വെള്ളറട ഇന്‍സ്പെക്ടര്‍ പ്രസാദ് വി.യുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) 121(1), 296(b), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പോലീസുകാര്‍ക്ക് ആശുപത്രിയില്‍ ചികില്‍സ നിഷേധിക്കാനും സിപിഎം ശ്രമിച്ചതായി എഫ് ഐ ആര്‍ പറയുന്നു. ഇതോടെ ഗുരുതത കുറ്റകൃത്യമാണ് നടന്നതെന്ന് വിശദീകരിക്കുകയാണ് പോലീസ്.