ഈരാറ്റുപേട്ട: സിനിമകളുടെ ഭാഗ്യ ലൊക്കേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട് കേരളത്തിൽ. വെള്ളിത്തിരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി പിന്നീട് വിനോദ സഞ്ചാരികൾ തേടിയെത്തുന്ന കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങളുമുണ്ട്. എന്നാൽ ലേലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഒറ്റ ഷോട്ടിലൂടെ ശ്രദ്ധേയമാകുകയും പിന്നീട് ഒട്ടേറെ ചിത്രങ്ങൾക്ക് ലൊക്കേഷനായി മാറുകയും ചെയ്ത ഈരാറ്റുപേട്ട വാഗമൺ റോഡിലെ വെള്ളികുളത്തെ ഗ്രോട്ടോ വേറിട്ട ഒരു അനുഭവമാണ്.

ലേലം എന്ന സൂപ്പർഹിറ്റ് സിനിമയിൽ 'ആനക്കാട്ടിൽ ചാക്കോച്ചി'യായി സുരേഷ് ഗോപിയുടെ പകർന്നാട്ടം തുടങ്ങുന്നത് ഇതേ ഗ്രോട്ടോയ്ക്കു മുന്നിൽ നിന്നുമായിരുന്നു. ലോറിയിൽ നിന്നിറങ്ങി ചാക്കോച്ചി പരിശുദ്ധ കന്യാമറിയത്തിനു മുൻപിൽ കുരിശുവരച്ചു തുടങ്ങുന്നിടത്താണ് ലേലം എന്ന സൂപ്പർ ഹിറ്റ് സിനിമ തുടക്കമിടുന്നത്.

കുടുംബസുഹൃത്തായ ബിജു പുളിക്കക്കണ്ടമാണ് അന്ന് ഈ ലൊക്കേഷൻ സുരേഷ് ഗോപിക്കും രൺജി പണിക്കർക്കും സംവിധായകൻ ജോഷിക്കും പരിചയപ്പെടുത്തിയത്. പിന്നീട് ഒട്ടേറെ ജോഷി ചിത്രങ്ങൾക്ക് ഈ ഗ്രോട്ടോ ഭാഗ്യ ലൊക്കേഷനായി മാറി.

സുരേഷ് ഗോപി ചിത്രങ്ങളായ വാഴുന്നോർ, കാവൽ, പാപ്പൻ, ദിലീപ് ചിത്രമായ റൺവേ തുടങ്ങിയ സിനിമകളിലും ഈ ഗ്രോട്ടോ പ്രധാന ലൊക്കേഷനായി. ഉടൻ തുടങ്ങാനിരിക്കുന്ന 'ഒറ്റക്കൊമ്പ'നിലും ഗ്രോട്ടോയുണ്ട്.



'കാവൽ ' സിനിമയുടെ ചിത്രീകരണത്തിനായി വാഗമണ്ണിലെത്തിയ നടൻ സുരേഷ് ഗോപി , വെള്ളികുളത്തെ മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചിരുന്നു. ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചയാളാണ് സുരേഷ് ഗോപി. 10ാം ക്ലാസ് വരെ പഠിച്ചതുകൊല്ലം തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലാണ്. കോൺവന്റിൽ താമസിച്ചായിരുന്നു പഠനം. പുലർച്ചെ 5ന് ഉണരാനുള്ള ബെൽ മുഴങ്ങും.



കൊന്ത ചൊല്ലിയാണു ദിവസം ആരംഭിച്ചിരുന്നത്. ദിവസം അവസാനിക്കുന്നതും അങ്ങനെത്തന്നെ. മാതാവിനോടുള്ള ഭക്തി സുരേഷ് ഗോപിയിൽ അലിഞ്ഞുചേരുന്നത് ഇക്കാലത്താണ്. പലതരം കൊന്തയും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. വാങ്ങിച്ചതും സമ്മാനം കിട്ടിയതുമായി വലിയ കൊന്ത ശേഖരം തന്നെയുണ്ട്.



ഈയടുത്ത് റിലീസായ 'പാപ്പന്റെ' ചിത്രീകരണത്തിനിടെ അരുവിത്തുറ പള്ളിയിൽ എത്തിയപ്പോൾ പള്ളിക്കടുത്തുള്ള കുഞ്ഞൂഞ്ഞമ്മച്ചേടത്തി ഒരു കൊന്ത സമ്മാനിച്ചു. അതിപ്പോഴും നടന്റെ വാഹനത്തിൽ കാണാം.