തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ പശുക്കളുടെ ജീവനെടുത്തത് കപ്പത്തൊണ്ടിലെ (കപ്പയുടെ തൊലി) സയനൈഡ്. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗം. 6 വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് 13 കന്നുകാലികളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്. കന്നുകാലികളെ ബാധിക്കുന്ന സസ്യജന്യ വിഷബാധയിൽ പ്രധാനമാണ് സയനൈഡ് വിഷബാധ. ഇതാണ് വെള്ളിയാമറ്റത്തും ദുരന്തമെത്തിച്ചത്.

മൂന്നു വർഷം മുൻപു പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ജെസി സി.കാപ്പന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കന്നുകാലികൾക്കു കപ്പത്തൊണ്ട് (കപ്പയുടെ തൊലി) തീറ്റയായി നൽകിയത്. അരമണിക്കൂറിനുള്ളിൽ പശുക്കൾ മരിച്ചു വീണു.

പരവേശം കാണിച്ച കന്നുകാലികളെ തൊഴുത്തിൽനിന്ന് അഴിച്ചുവിട്ടു. ഇറങ്ങിയോടിയവ സമീപത്തെ റബർ മരങ്ങളുടെ ചുവട്ടിലും തോട്ടിലും ബാക്കിയുള്ളവ തൊഴുത്തിലുമായി ചത്തുവീണു. 2 പശുക്കൾ ഗുരുതരാവസ്ഥയിലാണ്. മേയാൻ വിടുമ്പോൾ സയനൈഡ് പോലുള്ള വിഷപദാർഥങ്ങൾ അടങ്ങിയ സസ്യങ്ങൾ പശുക്കൾ കഴിക്കുന്നത് തടയാൻ കർഷകർ ജാഗ്രത പുലർത്തണം. മരച്ചീനി ഇല, തണ്ട്, കപ്പയുടെ അവശിഷ്ടങ്ങൾ, കപ്പ വാട്ടിയ വെള്ളം തുടങ്ങിയവ പശുക്കൾക്ക് നൽകുന്നത് ഒഴിവാക്കണം എന്നാണ് വിദഗ്ധ ഉപദേശം.

വീടിനു സമീപത്തു കപ്പ ഉണക്കുന്ന കേന്ദ്രത്തിൽ നിന്നെത്തിക്കുന്ന കപ്പത്തൊണ്ടാണ് ഉണക്കി കന്നുകാലികൾക്കു പതിവായി നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കൊടുത്ത ആഹാരം വിനയായി. പശുക്കൾക്ക് ഇൻഷുറൻസും എടുത്തിട്ടില്ല. അതുകൊണ്ട് ബെന്നിയുടെ വേദനയ്ക്ക് സമാനതകളില്ല. 2020 ഒക്ടോബറിലാണ് ബെന്നി മരിച്ചത്. തുടർന്നു കന്നുകാലികളെ ഏറ്റെടുത്ത മകൻ മാത്യുവിനെക്കുറിച്ചു വന്ന വാർത്ത കണ്ടു കൃഷിമന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടതിനെത്തുടർന്നു തൊഴുത്തു പണിയാൻ മിൽമ 1.5 ലക്ഷം രൂപ നൽകിയിരുന്നു.

ചിഞ്ചുറാണിയും മന്ത്രി റോഷി അഗസ്റ്റിനും മാത്യുവിന്റെ വീട് സന്ദർശിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫോണിൽ വിളിച്ച് സഹായവാഗ്ദാനം നൽകി. ഇതെല്ലാം ബെന്നിക്ക് ആശ്വാസമാകും. പഠനത്തോടൊപ്പമാണ് പശുക്കളേയും ബെന്നി പരിപാലിച്ചിരുന്നത്. പുലർച്ചെ 4ന് ഉണരുന്ന മാത്യു ആദ്യം തൊഴുത്തു കഴുകി വൃത്തിയാക്കും. പശുക്കളെ കുളിപ്പിച്ചു കറവ കഴിഞ്ഞു തൊഴുത്തിൽനിന്ന് ഇറങ്ങുമ്പോൾ 7 മണിയാകും. പിന്നീട് പഠനം. അറക്കുളം സെന്റ് മേരീസ് എച്ച്എസ്എസിൽ പഠിക്കുന്ന മാത്യുവിന്റെ സ്വപ്നം വെറ്ററിനറി ഡോക്ടറാകണമെന്നാണ്.

സയനൈഡ് സാന്നിധ്യമുള്ള സസ്യങ്ങളിൽ സർവസാധാരണം കപ്പയാണ് (മരച്ചീനി). ഇതിന്റെ ഇല, തണ്ട്, കായ, കിഴങ്ങ് എന്നിവയിലെല്ലാം സയനൈഡിന്റെ അംശമുണ്ട്. പശുക്കളും കിടാരികളും ഒന്നിനുപിറകേ ഒന്നായി ജീവൻ വെടിയുമ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാൻ മാത്രമേ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബാംഗങ്ങൾക്കും സാധിച്ചുള്ളൂ. ചത്ത കന്നുകാലികളെ പോസ്റ്റുമോർട്ടം നടത്തി മണ്ണുമാന്തിയന്ത്രംകൊണ്ട് വലിയ കുഴിയെടുത്ത് ഇതിലിട്ട് മൂടി.

കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാരിയെയും പേരുചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരൻ ജോർജിനും പ്രയപ്പെട്ടവരായിരുന്നു. വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിച്ചിരുന്നത്. ഇവരാണ് മരിച്ചത്.

മാത്യുവിന് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ ബെന്നി മരിക്കുന്നത്. മരണശേഷം പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ കടുംപിടുത്തത്തിനുമുൻപിൽ വീട്ടുകാർക്ക് വഴങ്ങേണ്ടിവന്നു. പശുക്കളെ വിറ്റില്ല. മാത്യുവാണ് അന്നുമുതൽ പ്രധാന പശുപരിപാലകൻ. ജ്യേഷ്ഠൻ ജോർജും അമ്മ ഷൈനിയും സഹോദരി റോസ്മേരിയും സഹായിക്കും.

ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധന കാരണം കന്നുകാലികളെ ഇൻഷുർ ചെയ്യാൻ മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്.