തൊടുപുഴ: പഠനത്തിനൊപ്പം 22 പശുക്കളെ വളർത്തി ക്ഷീര മേഖലയിൽ വിസ്മയം സൃഷ്ടിച്ച എട്ടാംക്ലാസ് വിദ്യാർത്ഥിയായ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി എന്ന കുട്ടികർഷകന്റെ കഥ മലയാളി അറിയുന്നത് രണ്ടു കൊല്ലം മുമ്പാണ്. ക്ഷീരകർഷകനായ അച്ഛൻ തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് 14 പശുക്കളുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു എട്ടാംക്ലാസുകാരൻ. ഈ ക്ഷീരകർഷകന്റെ കഥ പത്രങ്ങളിൽ വാർത്തയായി. മന്ത്രി ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിക്കുകയും പശുക്കൾക്ക് തൊഴുത്ത് നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായവും ചെയ്തിരുന്നു. അവിടെയാണ് കഴിഞ്ഞ ദിവസം പശുക്കൾ കൂട്ടത്തോടെ മരിക്കുന്ന ദുരന്തമുണ്ടായത്.

2020 ഒക്ടോബറിലാണ് ബെന്നി മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്. പ്രായമായ അച്ഛനെയും മൂന്ന് മക്കളെയും നോക്കുന്നതിന്റെ ഉത്തരവാദിത്തം ഇതോടെ ഭാര്യ ഷൈനിക്കായി. പശുപരിപാലനം ഷൈനിക്ക് ബുദ്ധിമുട്ടായി. പുല്ല് വെട്ടുന്നതും പാല് കറക്കുന്നതും മറ്റും പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതോടെ മാത്യുവിന് പ്രതിഷേധത്തിലായി. ആ കരച്ചിൽ ഷൈനിക്ക് പശുക്കളെ വിൽക്കുന്നതിന് വിലങ്ങുതടിയായി.

പശുക്കളെ കൊടുക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും അവൻ അമ്മയോട് പറഞ്ഞു. മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങി. പിന്നീട് പശുക്കൾക്കൊപ്പം കുടുംബത്തിന്റെ മുന്നോട്ട് പോക്ക് കൂടി മാത്യുവിന്റേതായി. അച്ഛൻ ബെന്നി മരിക്കുമ്പോൾ 10 പശുക്കളാണുണ്ടായിരുന്നത്. പിന്നീട് അത് 22 ആയി. സഹോദരങ്ങളായ ജോർജും റോസ്മേരിയും മാത്യുവിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ ആ കുട്ടികൾ ക്ഷീരകർഷകർക്ക് പോലും മാതൃകാ പ്രവർത്തനം കാഴ്ച വച്ചു മുമ്പോട്ട് പോയി. ആർക്കും ഇവരോട് ദേഷ്യമില്ല. അതുകൊണ്ട് തന്നെ അട്ടിമറി സംശയവുമില്ല. കപ്പത്തൊണ്ടിലെ സയനൈഡ് തന്നെയാണ് ദുരന്തമെത്തിച്ചതെന്ന് ഇവരും വിശ്വസിക്കുന്നു.

മാത്യു ബെന്നിയുടെ കഠിനാദ്ധ്വാനം മനസിലാക്കിയ മിൽമ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിർമ്മിക്കാൻ അനുവദിക്കുകയും ചെയ്തു. മാത്യുവിനും സഹോദരങ്ങൾക്കും 18 വയസ് പൂർത്തിയാകാത്തതിനാൽ ഡ്രൈവിങ് ലൈസൻസില്ല. അതിനാൽ അറക്കുളത്തുനിന്നും പാൽ ശേഖരിക്കാൻ എത്തുന്ന വാഹനത്തിൽ കയറ്റി പാൽ അയയ്ക്കുകയാണ് പതിവ്. മക്കളുടെ കാലിവളർത്തലിന് പ്രോൽസാഹനവും പിന്തുണയുമായി മാതാവ് ഷൈനി ബെന്നിയും ഒപ്പമുണ്ട്. ഈ കുടുംബത്തെയാണ് കഴിഞ്ഞ ദിവസത്തെ ദുരന്തം ഉലയ്ക്കുന്നത്.

22 കന്നുകാലികളിൽ 13ഉം ചത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ മാത്യു തളർന്നു വീണു. മാത്യുവിനൊപ്പം അമ്മ ഷൈനി, സഹോദരി റോസ്മേരി എന്നിവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കപ്പത്തൊലി ഉള്ളിൽ ചെന്നതാണ് പശുക്കൾ ചാകാനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. പ്രീമിയംതുക താങ്ങാനാവാത്തതിനാൽ പശുക്കൾക്ക് ഇൻഷുറൻസ് എടുത്തിരുന്നില്ല. മൂന്ന് പശുക്കളുടെ നില ഇപ്പോഴും ഗുരുതരമാണ്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു പശു വളർത്തൽ.

31നു രാത്രി കുടുംബാംഗങ്ങളെല്ലാവരും പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് സമീപത്ത് തന്നെയുള്ള ബന്ധുവീടുകളിലേക്ക് പോയിരുന്നു. ആദ്യം തിരികെയെത്തിയ മാതാവും മകളും പശുക്കൾക്ക് പതിവ് പോലെ തീറ്റ നൽകി. ഇതിൽ മരച്ചീനിയുടെ തൊലിയും ഉൾപ്പെട്ടിരുന്നു. ഇവ കഴിച്ച ശേഷം ഏതാനും സമയത്തിനുള്ളിൽ പശുക്കൾ കുഴഞ്ഞ് വീഴാൻ തുടങ്ങി. ഏതാനും സമയത്തിനുള്ളിൽ ഇവയിൽ പലതും ചത്തു. ഉടനെതന്നെ മാത്യുവും ജോർജും എത്തി.

വീട്ടുകാരുടെ ബഹളം കേട്ട് അയൽവാസികളും ഓടിക്കൂടി. ഉടനെ മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചു. ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. ലീന തോമസ്, വിവിധ മൃഗാശുപത്രികളിലെ ഡേക്ടർമാരായ ക്ലിന്റ്, ജോർജിയൻ, ഗദ്ദാസി, ഷാനി തോമസ് ഉൾപ്പെടെയുള്ളവർ അപ്പോൾതന്നെ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും കടുത്ത വിഷബാധ ഏറ്റിരുന്നതിനാൽ പശുക്കളെ രക്ഷപെടുത്താനായില്ല. 12 പശുക്കൾ രാത്രിയിലും ഒന്ന് രാവിലെയുമാണ് ചത്തത്.

പത്തു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണു കണക്കാക്കുന്നത്. ഇന്നലെ രാവിലെ ജില്ലാ മൃഗാശുപത്രിയിൽനിന്നുള്ള ചീഫ് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധസംഘം വീട്ടിലെത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്നു വിവിധയിടങ്ങളിലായി ജഡങ്ങൾ മറവുചെയ്തു.