- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലി പ്രഭാകരൻ ജീവനോടെ ഉണ്ടെന്ന് ആദ്യം പറഞ്ഞത് 2016ൽ ശ്രീലങ്കയിലെ തമിഴ്നേതാവ്; നെടുമാരൻ പറയുന്നത് ഏഴ് കൊല്ലത്തിന് ശേഷം; രാജീവ് ഗാന്ധി വധത്തോടെ ഭീകരതയുടെ മുഖമായ നേതാവുള്ളത് യുകെയിലോ ഇന്ത്യയിലോ? കാനഡയും മലേഷ്യയും നിരീക്ഷണത്തിൽ
ചെന്നൈ: ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരൻ വെളിപ്പെടുത്തുമ്പോൾ ലോകം മുഴുവൻ ആകാംഷയിലേക്ക്. ശ്രീലങ്കയിൽ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്ന് നെടുമാരൻ പറയുന്നു. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.
''തന്റെ കുടുംബം പ്രഭാകരനുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ സാധിക്കില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തുന്നത്'' അദ്ദേഹം പറഞ്ഞു. 'തമിഴ് ഈഴം' സംബന്ധിച്ച പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ അവകാശപ്പെട്ടു. ഇന്ത്യയിൽ പ്രഭാകരൻ ഒളിജീവിതം നയിക്കുന്നുണ്ടോ എന്ന് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങിയിട്ടുണ്ട്. ജീവനോടെയുണ്ടെങ്കിൽ അത് ഇംഗ്ലണ്ടിലാകുമെന്ന് കരുതുന്നവരുമുണ്ട്. ഏതായാലും വരും ദിവസങ്ങളിൽ പ്രഭാകരനെ കണ്ടെത്താനാകും രഹസ്യാന്വേഷണ ഏജൻസികൾ പ്രധാനമായും ശ്രമിക്കുക. നെടുമാരന്റെ ഓരോ നീക്കവും നിരീക്ഷണത്തിലാക്കും. കാനഡയിലും മലേഷ്യയിലും പോലും പുലികൾക്ക് വേരുകളുണ്ട്. അതുകൊണ്ട് ഇവിടേയും പ്രഭാകരൻ ജീവിച്ചിരിക്കാമെന്ന നിഗമനം ശക്തമാണ്.
2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19ന് മൃതദേഹത്തിന്റെ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു. രാജീവ് ഗാന്ധി വധത്തിന് പിന്നിൽ പ്രഭാകരനും എൽടിടിഇയുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ചും പ്രഭാകരൻ പിടികിട്ടാ പുള്ളിയെ പോലെയാണ്. ദാവൂദ് ഇബ്രാഹിമിനെ പോലെ ഇന്ത്യ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളി. പക്ഷേ തമിഴ് ദേശീയതയാണ് പ്രഭാകരന്റെ ആയുധം. അതുകൊണ്ട് തന്നെ പ്രഭാകരനെ കണ്ടെത്താനും മറ്റും കേന്ദ്രം പ്രത്യക്ഷ ഇടപെടൽ നത്തുമോ എന്നത് നിർണ്ണായകമാണ്.
ഇന്ത്യയുടെ തെക്കു നിന്ന് 80 കിലോമീറ്റർ മാത്രം മാറി ഇന്ത്യാ സമുദ്രത്തിൽ കിടക്കുന്ന ശ്രീലങ്ക എന്ന ദ്വീപ് ഒരു തമിഴ് രാജ്യമായിരുന്നുവെന്നത് നേര്. പിന്നീടത് പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഒടുവിൽ ബ്രിട്ടീഷുകാരുടെയും കൈകളിലേക്ക് വന്നു. 1948ൽ സ്വാതന്ത്ര്യം നേടിയ സിലോൺ 1972-ലാണ് ശ്രീലങ്ക എന്ന പേരിലേക്കു മാറിയത്. എന്നാൽ, സിംഹള ഭൂരിപക്ഷത്തിനെതിരെ തമിഴ് വിഘടനവാദികൾ പോരാട്ടം ആരംഭിച്ചു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിൾ ഈലം (എൽ.ടി.ടി.ഇ) എന്ന പേരിൽ വേലുപിള്ള പ്രഭാകരൻ നേതൃത്വം നൽകിയ പ്രത്യേക രാജ്യത്തിനായുള്ള വിപ്ലവപ്രസ്ഥാനം 1982-ൽ ആരംഭിച്ച പോരാട്ടം 20 വർഷങ്ങൾ കഴിഞ്ഞാണ് കെട്ടടങ്ങിയത്. പ്രഭാകരൻ 2009-ൽ മരിക്കുകയും ചെയ്തുവെന്നാണ് ഏവരും കരുതുന്നത്.
വേലുപിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ശ്രീലങ്കയിലെ തമിഴ് ദേശീയ സഖ്യകക്ഷി നേതാവ് 2016ൽ വെളിപ്പെടുത്തിയിരുന്നു. തമിഴ് നേതാവും ശ്രീലങ്കൻ വടക്കൻ പ്രവിശ്യയിലെ കൗൺസിൽ അംഗവുമായ എം. ശിവാജിലിംഗമായിരുന്നു പ്രാദേശിക എഫ്.എം റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ഈ പ്രതികരണം നടത്തിയത്. തന്റെ രൂപസാദൃശ്യമുള്ള അപരന്മാരെയും പ്രഭാകരൻ കൊണ്ടു നടന്നിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ് നേതാവിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലിനെ അതീവ ഗൗരവമായാണ് രഹസ്യാന്വേഷണ ഏജൻസികൾ കാണുന്നത്.
2009 മെയ് 19നാണ് പ്രഭാകരനെ സൈന്യം വെടിവെച്ചു കൊന്നത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ട ആഭ്യന്തര യുദ്ധത്തിന് ശ്രീലങ്കയിൽ തിരശ്ശീല വീഴുകയായിരുന്നു. പ്രഭാകരന്റെ മരണത്തെ തുടർന്ന് ബാക്കിയുള്ള എൽ.ടി.ടി.ഇ നേതാക്കളും അണികളും സൈന്യത്തിന് മുന്നിൽ കീഴടങ്ങി. എന്നാൽ, തമിഴ് വംശജരിൽ വലിയൊരു വിഭാഗം ഇപ്പോഴും പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നവരാണ്. പ്രഭാകരന്റേതെന്ന രൂപത്തിൽ സൈന്യം പ്രദർശിപ്പിച്ച മൃതശരീരം 'അപരന്റേതാ'ണെന്നാണ് ഇവരുടെ വാദം. ഇത് ശക്തമാക്കുന്നതാണ് നെടുമാരന്റെ വെളിപ്പെടുത്തൽ.
വടക്കൻ കഥകളിലെ വീരപുരുഷന്മാരെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു വേലുപ്പിള്ള പ്രഭാകരന് ലോകം കൽപിച്ചുനൽകിയത്. ദശാബ്ദങ്ങളായി ലങ്കയിൽ നിലനിന്ന വംശീയ പോരാട്ടത്തിന്റെ ബൃഹത്തായ ഒരു അദ്ധ്യായത്തിനാണ് പ്രഭാകരന്റെ മരണത്തോടെ തിരശ്ശീല വീണതെന്നായിരുന്നു വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രഭാകരൻ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തൽ ശ്രീലങ്കൻ രാഷ്ട്രീയത്തേയും സ്വാധീനിക്കും. ദുർബല സാമ്പത്തിക സ്ഥിതിയിൽ തിങ്ങി നിരങ്ങുന്ന രാജ്യത്തിന് പ്രഭാകരൻ ജീവിച്ചിരിക്കുന്നുവെന്ന ഇന്ത്യൻ നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടലും ആകാംഷയുമാകും.
1954 നവംബർ 26ന് ജാഫ്‌നയിൽ ജനിച്ച് സിംഹളാധിപത്യത്തിന്റെ കരിനിഴലിൽ ജീവിതം തുടങ്ങിയ വേലുപ്പിള്ള പ്രഭാകരൻ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത് പുലി നേതാവായാണ്. ശ്രീലങ്കയിലെ തമിഴ് ജാതിവ്യവസ്ഥ അനുസരിച്ച് കീഴ്ജാതിക്കാരനാണ് പ്രഭാകരൻ. 'തമ്പി' എന്ന വിളിപ്പേരുള്ള പ്രഭാകരൻ 1972ൽ പതിനെട്ടാം വയസ്സിലാണ് ഒളിവിൽ പോകുന്നത്. ഒളിവിലിരുന്നും കെട്ടുറപ്പില്ലാതെ ചിതറിക്കിടന്ന ത്മിഴ് ജനതയെ ഈ വംശീയ പോരാട്ടത്തിൽ ഒരു കുടക്കീഴിൽ അണിനിരത്താനായി എന്നതായിരുന്നു പ്രഭാകരന്റെ ഏറ്റവും വലിയ വിജയം. ജാഫ്‌നയിലെയും മുല്ലൈത്തീവിലെയും കൊടും കാടുകളിൽ നിന്ന് എൽടിടിഇ എന്ന തീവ്രവാദസംഘടനയുടെ പ്രവർത്തനം നിയന്ത്രിച്ച പ്രഭാകരൻ പലപ്പോഴും ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒരു ഭീകരനേതാവായാണ് ചിത്രീകരിക്കപ്പെട്ടത്. ലങ്കൻ പ്രസിഡന്റ് പ്രേമദാസയുടെ കൊലപാതകവും ശ്രീ പെരുമ്പത്തൂരിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതും ഈ നിഗമനങ്ങൾ സാധൂകരിക്കുന്ന സംഭവങ്ങളായി.
1975 ജൂലൈയിൽ ജാഫ്‌ന മേയറായ ആൽഫ്രഡ് ദുരയപ്പയെ വെടിവച്ചുകൊന്നാണ് പ്രഭാകരനും കൂട്ടരും സിംഹളവശജരുടെ പീഡനത്തിന് ചോരകൊണ്ട് കണക്കെഴുതി തുടങ്ങിയത്. 1984ൽ പ്രഭാകരൻ വിവാഹിതനായി. ചെന്നൈക്കടുത്തുള്ള തിരുപ്പോരൂരിൽ ഒക്‌ടോബർ ഒന്നിനായിരുന്നു മതിവതനി ഏരമ്പുവുമായുള്ള വിവാഹം. മൂന്നു മക്കളുണ്ടെന്നും കരുതുന്നു. ദ്വാരക എന്ന പെൺകുട്ടിയും ചാൾസ് ആന്റണി, ബാലചന്ദ്രൻ എന്നീ ആൺകുട്ടികളും. ഇതിൽ ബാലചന്ദ്രനെ ശ്രീലങ്കൻ സൈന്യം കൊന്നുവെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയുടെ വടക്ക്-കിഴക്കൻ മേഖലയിൽ വിഹരിച്ച എൽ ടി ടി ഇയുടെ അംഗബലം ഒരു ഘട്ടത്തിൽ കാൽ ലക്ഷത്തോളമായിരുന്നു. ഇന്ത്യയെ ഒരു കാലത്ത് അഭയകേന്ദ്രമായി കണ്ടിരുന്ന പ്രഭാകരനും കൂട്ടർക്കും രാജീവ്ഗാന്ധി വധത്തോടെ ആ ധാരണ തിരുത്തേണ്ടിവന്നു.
ലങ്കയിൽ സമാധാന പാലനത്തിനെത്തിയ ഇന്ത്യൻ സേനയുമായി എൽ ടി ടി ഇ ഏറ്റുമുട്ടിയതിൽ തുടങ്ങിയ വൈരാഗ്യമാണ് 1991ൽ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽ എത്തിച്ചത്. പിന്നീട് പ്രഭാകരനും കൂട്ടർക്കും കണക്കുകൾ പിഴയ്ക്കുകയായിരുന്നു. ലോകരാജ്യങ്ങൾക്ക് മുമ്പിൽ എൽടിടിഇ തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെട്ടു. 93ൽ കൊളംബോയിൽ ബോംബ് സ്‌ഫോടനത്തിൽ ലങ്കൻ പ്രസിഡന്റ് പ്രേമദാസയെ വധിച്ചതോടെ തീവ്രവാദ നേതാവായി പുലി പ്രഭാകരൻ മാറി.
മറുനാടന് മലയാളി ബ്യൂറോ