- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ട്; ആരോഗ്യവാനായി ഇരിക്കുന്നു; തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നു; വെളിപ്പെടുത്തലുമായി പി നെടുമാരൻ; തമിഴ് മക്കളുടെ പിന്തുണ തേടി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ്
തഞ്ചാവൂർ: പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വേലുപ്പിള്ള പ്രഭാകരൻ സഥാപിച്ച തമിഴ് ഈഴം വിടുതലൈപ്പുലികൾ (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം-എൽ ടി ടി ഇ) തോൽവി സമ്മതിച്ചത് 2009 മെയ് 17നാണ്. ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്ന് എൽ ടി ടി ഇ പ്രഖ്യാപിച്ചതിനു പിന്നാലെ തലവൻ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണു കരുതുന്നത്. പ്രഭാകരൻ മരണപ്പെട്ടുവെന്ന് മെയ് 18നു ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. മൃതദേഹ ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി നെടുമാരൻ രംഗത്തെത്തിയിരിക്കുകയാണ്. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.
തന്റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് തന്റെ വെളിപ്പെടുത്തലെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. തമിഴ് ഇഴം സംബന്ധിച്ച തന്റെ പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ പറഞ്ഞു.
നിലവിലെ ശ്രീലങ്കയിലെ സാഹചര്യം തമിഴ് ഈഴം ദേശീയ നേതാവിന് തിരിച്ച് വരാനുള്ള മികച്ച അവസരമാണെന്നും നെടുമാരൻ പറയുന്നു. പ്രഭാകരൻ ആരോഗ്യവാനായി ഇരിക്കുന്നുവെന്നുമാണ് നെടുമാരൻ പറയുന്നു. ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് നെടുമാരൻ.
അതേസമയം, പ്രഭാകരൻ മരണപ്പെട്ടതായി 2009, മെയ് 18ന് എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി ബി സിയോട് സമ്മതിച്ചിരുന്നു. പ്രഭാകരൻ വെടിയേറ്റ് മരിച്ചതായാണ് ശ്രീലങ്കൻ സൈന്യം അവകാശപ്പെട്ടിട്ടുള്ളത്. യുദ്ധമേഖലയിൽ തെരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിൽ നിന്ന് വാഹനത്തിൽ രക്ഷപ്പെടുമ്പോൾ വെടിവയ്ച്ചു കൊല്ലുകയായിരുന്നുവെന്ന് സൈന്യം അവകാശപ്പെട്ടിരുന്നു. ആംബുലൻസിലും ചെറിയ വാനിലുമായിരുന്നു പ്രഭാകരനും അടുത്ത അനുയായികളും രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈന്യം കൊലപ്പെടുത്തുകയുമായിരുന്നു.
പ്രഭാകരനൊപ്പം വാഹനത്തിലുണ്ടായിരുന്ന ഭാര്യ മതിവദനി, മകൾ ദ്വാരക എന്നിവരും കൊല്ലപ്പെട്ടു. ഇളയമകൻ 12 വയസ്സുകാരൻ ബാലചന്ദ്രനെ ലങ്കൻ സൈന്യം കസ്റ്റഡിയിൽവെച്ച് നിഷ്ഠുരമായി കൊലപ്പെടുത്തി.
പ്രഭാകരന്റെ മകൻ ചാൾസ് ആന്റണി അടക്കം എൽടിടിഇയുടെ മുതിർന്ന ആറു നേതാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുപത്തിനാലുകാരനായ ചാൾസ് പുലികളുടെ വ്യോമവിഭാഗം തലവനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ