ആലപ്പുഴ: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളത്ത് കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ വേണു ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും. കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

വേണു, ഭാര്യ ശാരദാ മുരളീധരൻ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരിക്കേറ്റത്. വേണുവിന്റെ ഭാര്യ ശാരദാ മുരളീധരനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്. തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. കേരളത്തിലെ സത്യസന്ധരായ ഐഎഎസ് കുടുംബമായാണ് വേണുവിനേയും ഭാര്യയേയും അറിയപ്പെടുന്നത്. ഈ അടുത്ത കാലത്താണ് ആഭ്യന്തര വകുപ്പിന്റെ ചുമതല വേണുവിന് സർക്കാർ നൽകിയത്.

അപകടത്തിൽ വേണുവിന്റെ മൂക്കിനും വയറിനും പരിക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവമുണ്ട്. പരുമല ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ വേണു. കാറിലുണ്ടായിരുന്ന എല്ലാവർക്കും പരിക്കേറ്റെങ്കിലും മറ്റാർക്കും കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.