തിരുവനന്തപുരം: മലയാളിക്ക് പ്രണയാര്‍ദ്രമായ വിരഹകാലം സമ്മാനിച്ച വേണു നാഗവള്ളി ഓര്‍മ്മയായിട്ട് പതിനഞ്ചു വര്‍ഷമാകുന്നു. പോക്കുവെയില്‍ പൊന്നുരുകി പുഴയിലേക്കു വീഴുംപോലെ അത്രമേല്‍ സൗമ്യമായി വേണു നാഗവള്ളി എന്ന കലാകാരന്‍ വിടവാങ്ങിയപ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമായത് ഒരുപാടു കഥകളായിരുന്നു. അലസമായ മുടിയിഴകളും വിഷാദം നിഴലിച്ച കണ്ണുകളുമായി സ്‌ക്രീനിനു പുറത്തേക്കു വേണു നടന്നുപോയപ്പോള്‍ ബാക്കിയായത് മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപാത്രങ്ങള്‍.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് കിലുക്കം. കോഴിക്കറിക്കു മുന്നില്‍ തൊഴുതു നില്‍ക്കുന്ന തിലകനും ലോട്ടറിയടിച്ചെന്നു കേള്‍ക്കുമ്പോള്‍ ബോധമറ്റു വീഴുന്ന ഇന്നസെന്റും തിയേറ്ററുകളില്‍ അന്നുവരെ കേട്ടിട്ടില്ലാത്ത ചിരി പടര്‍ത്തി. മനസ്സിന്റെ വ്യാകുലതകള്‍ മൂലം സമൂഹത്തെയാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സിദ്ധാര്‍ത്ഥനെന്ന കഥാപാത്രമാണ് അഹമെന്ന ചിത്രത്തിലുണ്ടായിരുന്നത്്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ മാത്രമാണു ശരിയെന്നു വരുമ്പോള്‍ കഥയവസാനിക്കുന്നു. ഈ രണ്ടു കഥകളും കഥാപാത്രങ്ങളും അവരുടെ ഡയലോഗുകളും വേണു നാഗവള്ളി ഒരേ സമയം എഴുതിയതാണ്. മറ്റേതൊരു എഴുത്തുകാരനും കഴിയാത്ത അപാരമായ ഈ റേഞ്ചായിരുന്നു വേണുനാഗവള്ളിയെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കിയിരുന്നത്.

ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിചെയ്യുമ്പോഴായിരുന്നു വേണുവിന്റെ സിനിമാപ്രവേശം. അതിനുമുന്‍പ് ഇടക്കാലത്തു കോവളത്തെ ഒരു ഹോട്ടലില്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായി. ഡിഗ്രിക്കുശേഷം 1975ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരക്കഥാരചന പഠിക്കാന്‍ ചേര്‍ന്നെങ്കിലും ഇടയ്ക്കുവച്ചു നാട്ടിലേക്കു മടങ്ങി. സംവിധാനം പഠിക്കാനായിരുന്നു ആഗ്രഹം. തിരുവനന്തപുരം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേണലിസം പഠിച്ചിറങ്ങിയ ഉടനെയായിരുന്നു ആകാശവാണി ഉദ്യോഗം. സിനിമ എന്ന അനിവാര്യത വേണുവിനെ വന്നുപിടികൂടുകയായിരുന്നു. ജോര്‍ജ് ഓണക്കൂറിന്റെ ഉള്‍ക്കടല്‍ കെ.ജി. ജോര്‍ജ് അതേപേരില്‍ സിനിമയാക്കിയപ്പോള്‍ അതിലെ നായകനു മറ്റൊരു മുഖം പറ്റില്ലായിരുന്നെന്നു സിനിമ കണ്ടവര്‍ വിധിയെഴുതി. അങ്ങനെ ആാകശവാണിയിലെ ശബ്ദതാരം അഭ്രപാളിയിലെ താരസാന്നിധ്യമായി. പ്രണയത്തില്‍ ചാലിച്ച എത്രയോ സിനിമള്‍, അതിലൊക്കെയും നായകമുഖമായി വേണു മാറി.

ആ കണ്ണുകളിലെ വിഷാദം മലയാളി ഏറ്റുവാങ്ങി. ഇടറിയ ശബ്ദവുമായി എല്ലാം നഷ്ടപ്പെട്ടതുപോലെ വേണു നടന്നപ്പോള്‍ മലയാളി പ്രേക്ഷകരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു. അന്നത്തെ, ഓരോ കാമുകനും വേണുവിന്റെ കാല്‍പനിക ഭാവങ്ങള്‍ അണിയാന്‍ ആഗ്രഹിച്ചു. അത്രമേല്‍ തീവ്രമായി പ്രണയിക്കുന്ന ഒരു കാമുനെ കിട്ടാന്‍ പെണ്‍കുട്ടികള്‍ കാത്തിരുന്നു. ശാലിനി എന്റെ കൂട്ടുകാരി'യിലെ വേഷം വേണുവിനെ കൂടുതല്‍ ജനകീയനാക്കി. യവനിക, ചില്ല്, അര്‍ച്ചന ടീച്ചര്‍, മീനമാസത്തിലെ സൂര്യന്‍, കലി തുടങ്ങി ഒട്ടേറെ സിനിമകള്‍. പ്രണയാര്‍ദ്രമായ വേഷങ്ങളില്‍ വേണു അവിസ്മരണീയനായി. വിരഹിയായ കാമുനായി വേണുവിനെക്കാള്‍ മികച്ചൊരാള്‍ അക്കാലത്തില്ലാതെയായി. 1989 ല്‍ റിലീസ് ചെയ്ത ദേവദാസ് എന്ന ചിത്രത്തോടെയാണു വേണു നായകപദവിയില്‍ നിന്നു പിന്‍വാങ്ങിയത്. എണ്‍പതുകളിലെ പ്രണയത്തിന്റെ മുഖം പിന്നീടു തിരക്കഥാരചന, സംവിധാനം തുടങ്ങി സിനിമയിലെ മറ്റു പല മേഖലകളിലും കൈവച്ചു.

1986 ല്‍ സംവിധാനം ചെയ്ത 'സുഖമോദേവി' സ്വന്തം കഥയായിരുന്നു. തിരുവനന്തപുരത്ത് ജവഹര്‍നഗറിലെ വാടകവീട്ടില്‍ താമസിക്കാന്‍ എത്തിയപ്പോള്‍ അനുഭവിച്ചറിഞ്ഞ പ്രണയവും വേദനയുമെല്ലാം സുഖമോദേവിയിലൂടെ ഒരു വമ്പന്‍ഹിറ്റായി പിറന്നുവീണു. സുഹൃത്തായ ചെറിയാന്‍ കല്‍പ്പകവാടിയുടെ അനുഭവകഥയാണ് അടുത്ത ചിത്രത്തിനു പ്രമേയമായത്. കോളജ് ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളും സുഹൃത്ബന്ധങ്ങളും വിഷയമായ 'സര്‍വകലാശാല'യും ഹിറ്റായതോടെ വേണുനാഗവള്ളിയെന്ന സംവിധായകന്‍ മലയാളസിനിമയില്‍ അനിഷേധ്യമായ ഒരു സീറ്റിനര്‍ഹനായി. മുഖ്യധാര സിനിമയ്ക്കും സമാന്തര സിനിമയ്ക്കും ഇടയില്‍ മധ്യവര്‍ത്തി സിനിമ സൃഷ്ടിച്ച പത്മരാജന്റെയും ഭരതന്റെയും സിനിമകളുമായി ഏതാണ്ട് സമാന്തരമായതായിരുന്നു വേണുനാഗവള്ളിയുടെ സിനിമാ ഭാഷയും. പ്രണയവും വേദനയും ഹാസ്യവും ശുദ്ധസംഗീതവുമായിരുന്നു ഈ സിനിമകളെ സമൃദ്ധമാക്കിയത്. അദ്ദേഹത്തിന്റെ സ്വഭാവത്തിലുള്ളതു പോലെ ഇഴയടുപ്പമുള്ള സുഹൃത്ബന്ധങ്ങളും പലപ്പോഴും സിനിമക്ക് വിഷയമായി.

സുഹൃത്തായ ചെറിയാന്‍ കല്‍പ്പകവാടിയുടെ പിതാവ് വര്‍ഗീസ് വൈദ്യന്റെ കഥയാണു ലാല്‍സലാമിന്റെ പിറവിയിലേക്കു വഴിതെളിച്ചത്. ഇടതുപക്ഷചായ്വുള്ള വേണുവിന് ലാല്‍സലാം ഗംഭീരമാക്കാന്‍ അനായാസേന കഴിഞ്ഞു. ആ ചിത്രത്തിനു മുന്‍പു തന്നെ പുന്നപ്ര- വയലാര്‍ സമര പശ്ചാത്തലത്തില്‍ 'രക്തസാക്ഷികള്‍ സിന്ദാബാദ്' പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും ലാല്‍സലാമാണു ആദ്യം ചെയ്തത്. ബ്രാഹ്‌മണ തെരുവിലെ അയിത്താചരങ്ങള്‍ക്കിടയില്‍ സ്വന്തം വ്യക്തിത്വം അന്വേഷിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ മോഹന്‍ലാലെന്ന നടന്റെ സാധ്യത ഉപയോഗിച്ചാണു വേണുനാഗവള്ളി 'അയിത്ത'ത്തിലൂടെ ചിത്രീകരിച്ചത്. മൂന്നുവര്‍ഷത്തിനു ശേഷം അതേ മോഹന്‍ലാലിനെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാക്കി 'ഏയ് ഓട്ടോ' വന്‍വിജയമാക്കാനും വേണുനാഗവള്ളിക്കു കഴിഞ്ഞു. നഷ്ടപ്രണയത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍ ഉള്ളിലൊളിപ്പിച്ച നായകരെ അവതരിപ്പിച്ച വേണുവിന്റെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളും ആത്മസംഘര്‍ഷം അനുഭവിക്കുന്നവരുടേതായിരുന്നു.

തന്റെ കലാജീവിതത്തിന്റെ തുടക്കത്തില്‍ ഒരു ഗായകന്‍ ആകാനാണു വേണു ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത്. സുഹൃത്തുക്കളോടൊപ്പം കൂടുമ്പോഴെല്ലാം വേണു പാടുമായിരുന്നു. ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം രണ്ടു സിനിമയില്‍ പാടിയിട്ടുമുണ്ട്. എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി (1985), ചില്ല് (1982) എന്നീ ചിത്രങ്ങളിലാണ് വേണു പാടിയത്. സംവിധാനം ചെയ്ത സിനിമകളില്‍ ലാല്‍സലാം ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും തിരക്കഥളില്‍ 'അഹം' ആണു പ്രിയപ്പെട്ടതെന്നും വേണു തന്നെ പറഞ്ഞിട്ടുണ്ട്.