പത്തനംതിട്ട: പണയം വച്ച സ്വർണം തിരികെ കൊടുക്കാത്ത സ്വകാര്യ പണമിടപാട് സ്ഥാപനം ഉടമ വീട്ടമ്മയ്ക്ക് അതിന്റെ നിലവിലുള്ള വിലയും കോടതി ചെലവും ചേർത്ത് 10.83 ലക്ഷം രൂപ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു. അടൂർ വടക്കടത്തുകാവ് ഇടപടിക്കൽ വീട്ടിൽ സാറാമ്മ അലക്സ് ഫയൽ ചെയ്ത കേസിൽ പത്തനംതിട്ട കളീക്കൽ ഫിനാൻസിയേഴ്സ് നടത്തുന്ന കെ.ജി.ഹരികുമാറിനെതിരേയാണ് വിധി. 1

89 ഗ്രാം സ്വർണത്തിന്റെ ഇപ്പോഴത്തെ വിലയായ 10,48,005 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിനത്തിൽ 5,000 രൂപയും ചേർത്ത് 10,83,000 രൂപ ഒരു മാസത്തിനകം കൊടുക്കാനാണ് കമ്മിഷന്റെ ഉത്തരവ്. ഭർത്താവിന്റെ ചികിത്സയുടെ ആവശ്യത്തിലേക്കായി കളീക്കൽ ഫിനാൻസിയേഴ്സിൽ 189 ഗ്രാം സ്വർണം പണയംവച്ച് 2013,14,15 വർഷങ്ങളിലായി 4,80,000 രൂപ വായ്പ സാറാമ്മ എടുത്തിരുന്നു. പലിശയിനത്തിൽ 5,000 രൂപ പ്രതിമാസം തിരികെ അടച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനു വേണ്ടി പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ ഫിനാൻസിയേഴ്സിൽ ചെന്നപ്പോൾ പലിശ കൂട്ടി നോക്കാൻ എന്നു പറഞ്ഞ് മൂന്ന് പണയ രസീതുകളും ഉടമ തിരികെ വാങ്ങി.

ഈ സമയം സ്ഥാപനം ഉടമ ഹരികുമാറിന്റെ അഭിഭാഷകനും അവിടെ ഉണ്ടായിരുന്നു. എന്നാൽ പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ വേണ്ടി സാറാമ്മ വീണ്ടും സ്ഥാപനത്തിൽ ചെന്നപ്പോൾ ഹരികുമാർ പണയ രസീതുകൾ ആവശ്യപ്പെട്ടു. നിങ്ങൾ ഇവിടെ പണയം വച്ചിട്ടില്ലെന്നും നേരത്തേ രസീത് തനിക്ക് തന്നിട്ടില്ലെന്നും പറഞ്ഞ് സാറാമ്മയെ ഇറക്കി വിട്ടു.

ഈ പ്രവൃത്തിക്കെതിരെയാണ് സാറാമ്മ കമ്മിഷനിൽ അന്യായം ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മിഷൻ എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുകയും ആവശ്യമായ തെളിവെടുപ്പുകൾ നടത്തുകയും ചെയ്തു. രസീതുകൾ സാറാമ്മ ഹരികുമാറിന് കൈമാറുമ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകനെയും വിസ്തരിച്ചു.

അദ്ദേഹത്തിന്റെ കൂടി മൊഴിയുടെ അടിസ്ഥാനത്തിൽ എതിർകക്ഷി കുറ്റക്കാരനാണെന്നു കണ്ടെത്തി. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രഖ്യാപിച്ചത്.