- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് അപകടത്തിൽ മരിച്ചയാളുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക നൽകിയില്ല; ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി; 10 ലക്ഷവും കോടതി ചെലവും നൽകണം
പത്തനംതിട്ട: വിദേശത്ത് അപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് അർഹതയുണ്ടായിട്ടും ഇൻഷുറൻസ് തുക നൽകാതിരുന്ന ഇഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. പരാതിക്കാരിക്ക് 10 ലക്ഷവും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധിച്ചു.
തിരുവല്ല കുറ്റൂർ കരിയിരിക്കുംതറ പരേതനായ കെ.ആർ ബാബുവിന്റെ ഭാര്യയും അനന്തരാവകാശികളും ചേർന്ന് കമ്മിഷനിൽ നൽകിയ ഹർജിയിലാണ് വിധിയുണ്ടായത്. ബാബു 2017 ൽ ഒമാനിൽ ജോലിക്കു പോയ സമയത്ത് പ്രവാസി ഭാരതീയ ബീമയോജന പോളിസി (പി.ബി.ബി.വൈ) എടുത്തിരുന്നു. 10ാം ക്ലാസിൽ തോറ്റവർ ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടണമെങ്കിൽ ഈ പോളിസി എടുത്തിരിക്കണം. എമിഗ്രന്റ് തൊഴിലാളികളുടെ സുരക്ഷക്കായി ഇന്ത്യാ ഗവൺമെന്റ് ഏർപ്പടുത്തിയ പോളിസിയാണ് ഇത്. ഇതു പ്രകാരം തൊഴിലാളി വിദേശ രാജ്യത്ത് വച്ച് മരിച്ചാൽ 10 ലക്ഷം രൂപ ആശ്രിതർക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ.
തൊഴിലാളിയായ ബാബു ഒമാനിൽ 2017 ൽ അപകടത്തിൽ മരിക്കുകയും തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ കമ്പനി നിഷേധിക്കുകയുമാണ് ചെയ്തത്. ഒമാനിൽ വെച്ച് മറ്റൊരു സ്പോൺസറുടെ കൂടെ ജോലിക്ക് പോയി എന്ന ബാലിശമായ കാര്യം പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. ഏതു സ്പോൺസറിന്റെ കൂടെ ജോലി ചെയ്താലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലായെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവിൽ വ്യക്തമായിട്ടും ഇൻഷുറൻസ് കമ്പനി ആനുകൂല്യങ്ങൾ കൊടുക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിഷൻ കണ്ടെത്തി.
വാദിയുടെയും പ്രതിയുടേയും തെളിവുകളും വാദങ്ങളും കേട്ട കമ്മിഷൻ ഇൻഷുറൻസ് കമ്പനി 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഹർജികക്ഷിക്ക് കൊടുക്കാൻ വിധിക്കുകയാണുണ്ടായത്.ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്