- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പൈലറ്റുമാരില്‍ കുറ്റം ചാരുന്ന വിദേശ മാധ്യമങ്ങള്‍ക്ക് 'സ്ഥാപിത താത്പര്യം'; അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെ ഡീകോഡ് ചെയ്യുന്നതില്‍ വലിയ പുരോഗതി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി
പൈലറ്റുമാരില്‍ കുറ്റം ചാരുന്ന വിദേശ മാധ്യമങ്ങള്‍ക്ക് 'സ്ഥാപിത താത്പര്യം'
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു. ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു.
എഎഐബി എല്ലാവരോടും, പ്രത്യേകിച്ച് പാശ്ചാത്യമാധ്യമങ്ങളോടും അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അവര്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്ന ലേഖനങ്ങളില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാം. ഞാന്‍ എഎഐബിയില്‍ വിശ്വസിക്കുന്നു. ബ്ലാക് ബോക്സ് ഇന്ത്യയില്‍തന്നെ ഡീകോഡ് ചെയ്യുന്നതില്‍ അവര്‍ മഅദ്ഭുതകരമായരീതിയിലാണ് പ്രവര്‍ത്തിച്ചത്. അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. ഈ സമയത്ത് നിഗമനത്തില്‍ എത്തുന്നതില്‍ അര്‍ഥമില്ല. അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാല്‍ അവര്‍ക്ക് സമയം നല്‍കണം. നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വെച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍നിന്ന് ലഭിച്ച ശബ്ദരേഖപ്രകാരം എന്‍ജിനിലേക്ക് ഇന്ധനമെത്തുന്ന സ്വിച്ചുകള്‍ ഓഫാക്കിയത് ക്യാപ്റ്റനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം പറത്തിയ ഫസ്റ്റ് ഓഫീസര്‍ ടേക്ക് ഓഫിനുപിന്നാലെ സ്വിച്ചുകള്‍ എന്തിനാണ് ഓഫാക്കിയതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നതിന്റെ റെക്കോര്‍ഡുകളാണ് പുറത്തുവന്നതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഫസ്റ്റ് ഓഫീസര്‍ ആദ്യം ആശ്ചര്യവും പിന്നീട് ഭയവും പ്രകടിപ്പിക്കുമ്പോള്‍ ക്യാപ്റ്റന്‍ ശാന്തനായി തുടര്‍ന്നെന്നാണ് ശബ്ദരേഖയില്‍നിന്ന് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു
എയര്‍ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദില്‍ തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്‌ബോക്‌സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് ഓഫായത് സംബന്ധിച്ച് പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച് നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സഭര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം പൈലറ്റുമാരുടെ മേല്‍ കെട്ടിവെക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനത്തിലെ ക്യാപ്ടന്‍ പൈലറ്റായി സുമീത് സബര്‍വാളാണ് ഇന്ധന വിതരണ സ്വിച്ച് ഓഫാക്കിയതെന്ന തിയറിയാണ് വ്യാപകമായ പ്രചരിക്കുന്നത്. എന്നാല്‍, ആ വാദം വിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സിയും വെളിപ്പെടുത്തുന്നത്. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡാണ് (എന്‍ ടി എസ് ബി)വാള്‍ സ്ട്രീറ്റ് ജേണര്‍ വാര്‍ത്തയെ തള്ളുന്നത്.
അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അകാലത്തിലുള്ളതും ഊഹാപോഹം നിറഞ്ഞതുമാണെന്നാണ് എന്‍ ടി എസ് ബി മേധാവി ജെന്നിഫര്‍ ഹോമെന്റി പറയുന്നത്. ഇത്തരം വലിയ അപകടങ്ങളുടെ കാരണം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ക്ക് സമയമെടുക്കും. അവരിപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. അതുകൊണ്ടുതന്നെ ബാക്കി റിപോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാനാണെന്നാണ് എന്‍ ടി എസ് ബി പറയുന്നത്.
ഇതോടെ ബോയിങിന് എളുപ്പത്തില്‍ തലയൂരാന്‍ കഴിയില്ലെന്ന നിഗമനങ്ങള്‍ക്കും ഇടയാക്കുന്നു. അതേസമയം അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇലക്ട്രിക്കല്‍ സംവിധാനങ്ങളിലെ തകരാര്‍ കാരണമായോ എന്നറിയാന്‍ നിര്‍ണായക പരിശോധന. വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണ് പരിശോധന നടത്തുന്നത്. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ വാല്‍ഭാഗം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ടേക്ക് ഓഫിനായി നീങ്ങുമ്പോള്‍ വിമാനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളുടെ തകരാര്‍ മൂലമാണോ വാല്‍ഭാഗത്ത് തീപ്പിടിത്തമുണ്ടായത്, അതോ അപകടത്തിന് ശേഷമുണ്ടായ തീപിടിത്തം മാത്രമായിരുന്നോ ഇത് എന്ന് അന്വേഷിക്കേണ്ടതുണ്ട്. വിമാനം പറന്നുയരുന്നതിന് മുമ്പ് വൈദ്യുത തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഫ്ലൈറ്റ് സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും, അതിന്റെ ഫലമായി ഇന്ധന വിതരണം നിര്‍ത്താന്‍ വിമാനത്തിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
മാത്രമല്ല വിമാനത്തിന്റെ വാല്‍ഭാഗത്ത് എന്തൊ സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പൈലറ്റ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്ക് ശേഷം ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ച് ക്ലിയറന്‍സ് കൊടുത്തതിന് ശേഷമാണ് എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇന്ധന വിതരണം 'കട്ട്-ഓഫില്‍' നിന്ന് 'റണ്ണിലേക്ക്' തിരികെ മാറിയതിന് ശേഷം ഓക്സിലറി പവര്‍ യൂണിറ്റും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. അഹമ്മദാബാദിലെ ചൂടുള്ള കാലാവസ്ഥയില്‍ ടേക്ക് ഓഫിന് കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഇത് ഓണ്‍ ചെയ്തിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.