- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിക്ടേഴ്‌സ് ചാനൽ മോദിക്ക് സ്വന്തമാകുമെന്ന് ഉറപ്പായി; നിയമസഭയുടെ കീഴിൽ ടിവി നടത്തുന്ന 'സഖാക്കൾക്കും' പണി പോകാൻ സാധ്യതകൾ ഏറെ; സഭാ ടിവിയേയും പ്രസാർ ഭാരതി സ്വന്തമാക്കുമോ? സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ന്യായമുയർത്തി പ്രതിരോധിക്കും; സംസ്ഥാന ചാനലുകളെ കേന്ദ്രം സ്വന്തമാക്കുമ്പോൾ
ന്യൂഡൽഹി: സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിർദ്ദേശം കേരളത്തിലെ ചാനലുകൾക്കും തിരിച്ചടിയാകും. സംസ്ഥതാനങ്ങൾ നിലവിൽ നടത്തുന്ന ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശത്തിലുള്ളത്.
2023 ഡിസംബറോടെ പൂർണ്ണമായും സംസ്ഥാനങ്ങൾ ചാനൽ പ്രക്ഷേപണത്തിൽ നിന്നും പിന്മാറണമെന്നും വാർത്ത വിതരണ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഇതോടെ വിക്ടേഴ്‌സ് ചാനലിന് മാറ്റം അംഗീകരിക്കേണ്ടി വരും. സഭാ ടിവി നിലവിൽ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിന് പ്രശ്‌നമാകില്ലെന്നാണ് വിലയിരുത്തൽ. മറിച്ചൊരു തീരുമാനം കേന്ദ്രം എടുത്താൽ സഭാ ടിവിയും പ്രസാർ ഭാരതിയുടെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന.
നിർദ്ദേശം നടപ്പിൽ വരുത്തിയാൽ കേരളത്തിലെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിനെ ബാധിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.നിയമസഭാ സമ്മേളനങ്ങളുടെ ദൃശ്യങ്ങളും വിവരങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കുന്ന സഭാ ടിവിക്കും നിർദ്ദേശം ബാധകമായേക്കും. തമിഴ്‌നാട് സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ കാൽവി ടിവി,ആന്ധ്രാ പ്രദേശ് സർക്കാരിന്റെ ഐപി ടിവി എന്നിവയെയും മന്ത്രാലയത്തിന്റെ നടപടി ബാധിച്ചേക്കും.
കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ, കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ ചാനലുകളിലൂടെയായിരുന്നു കുട്ടികൾക്കായി ഓൺലൈൻ ക്ലാസുകൾ നടത്തിയിരുന്നത്.കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ മന്ത്രാലയങ്ങൾക്ക് ഇനി ബ്രോഡ്കാസ്റ്റിങ് മേഖലയിലേക്ക് കടക്കാൻ അനുമതിയില്ലെന്നും നിലവിലുള്ള ചാനൽ പ്രക്ഷേപണം പ്രസാർ ഭാരതി വഴിയാക്കണമെന്നുമാണ് നിർദ്ദേശം. സഭാ ടിവി നിയമസഭയുടെ നിയന്ത്രണത്തിലാണ്. അത് യൂട്യൂബിലൂടേയും മറ്റുമാണ് പ്രക്ഷേപണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നമാകില്ലെന്ന് പറയുന്നു.
ഈ ടിവി ചാനൽ പ്രസാർഭാരതിയുടെ നിയന്ത്രണത്തിലായാൽ നിയമസഭയ്ക്ക് അതിലുള്ള നിയന്ത്രണം നഷ്ടമാകും. ഫലത്തിൽ എല്ലാം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലെ സംവിധാനം നിയന്ത്രിക്കുന്ന അവസ്ഥ വരും. ഇത് മറ്റു ചർച്ചകൾക്കും ഇടനൽകും. സിപിഎം അനുകൂല സഖാക്കളാണ് നിലവിൽ സഭാ ടി വി നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന് താൽപ്പര്യമുള്ള ദൃശ്യങ്ങൾ മാത്രമേ പുറത്തേക്ക് കൊടുക്കുന്നതുമുള്ളൂ. ഇതിനെല്ലാം പ്രസാർഭാരതി നിയന്ത്രണം വന്നാൽ സാധ്യമല്ലാതെയാകും. അതുകൊണ്ട് തന്നെ സഭാ ടിവി സോഷ്യൽ മീഡിയയിൽ മാത്രമേയുള്ളൂവെന്ന വിശദീകരണവുമായി കേന്ദ്ര തീരുമാനത്തെ പ്രതിരോധിക്കും.
പോസ്റ്റ്, ടെലിഗ്രാഫ്, ടെലിഫോൺ, വയർലെസ്, ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ ആശയ വിനിമയോപാധികൾ യൂണിയൻ ലിസ്റ്റിൽ വരുന്നവയാണ്. കേന്ദ്രസർക്കാരിനു മാത്രമാണ് ഇത്തരം വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താൻ കഴിയുക. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള സംപ്രേഷണ പരിപാടികളുടെ ഭാഗമാകുന്നതിനു ബന്ധപ്പെട്ട സർക്കാരുകൾ പ്രസാർ ഭാരതിയുമായി കരാറിൽ ഏർപ്പെടേണ്ടതാണെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചാനൽ സംപ്രേഷണത്തിൽ പങ്കാളികളാകരുതെന്ന് 2012-ൽ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയും നിർദ്ദേശിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംപ്രേഷണങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിന് പ്രസാർഭാരതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണാവകാശമുള്ള പൊതുപ്രക്ഷേപണ സ്ഥാപനമാണ് പ്രസാർ ഭാരതി. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മീഡിയ യൂണിറ്റുകളായിരുന്ന ദൂരദർശൻ ടെലിവിഷൻ നെറ്റ്‌വർക്കും ആകാശവാണിയും (ഓൾ ഇന്ത്യ റേഡിയോ) പ്രസാർഭാരതിയുടെ സഹോദര സ്ഥാപനങ്ങളാണ്.
പൊതു പ്രക്ഷേപണ സംവിധാനം ഒരു സ്റ്റാറ്റിയൂട്ടറി കോർപ്പറേഷന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന സുപ്രീംകോടതി വിധിയുടെയും ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെയും (ട്രായ്), നിയമ മന്ത്രാലയത്തിന്റെ നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വാർത്താ വിതരണമന്ത്രാലയം അറിയിച്ചു. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കാനും ബഹുസ്വരതയും വൈവിധ്യവും സംരക്ഷിക്കാനുമാണ് ഇത്തരം കോർപ്പറേഷനുകൾ രൂപവത്കരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രക്ഷേപണരംഗത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ പ്രസാർ ഭാരതി വഴിയായിരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രസാർ ഭാരതിയിലേക്കുള്ള മാറ്റം സുഗമമാകുന്നതുവരെ നിലവിലുള്ള വിദ്യാഭ്യാസ പ്രക്ഷേപണ പരിപാടികൾക്ക് തടസ്സമുണ്ടാകരുത്.
മറുനാടന് മലയാളി ബ്യൂറോ