- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന; പ്രതിപക്ഷ നേതാവിന് ക്ലീന്‍ചിറ്റ് നല്‍കിയ കഴിഞ്ഞ സെപ്റ്റംബറിലെ കത്ത് പുറത്ത്; സിബിഐ അന്വേഷണ നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് തെളിയുന്നു
വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്നത് പകപോക്കല്‍ രാഷ്ട്രീയമെന്ന് വ്യ്ക്തമാക്കുന്ന തെളിവുകള്‍ പുറത്തുവരുന്നു. കേസ് വിജിലന്‍സ് അന്വേഷിച്ച ശേഷം പുനര്‍ജനി പദ്ധതി കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അനുകൂലമായാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു.
ചട്ടവിരുദ്ധമായി വിദേശഫണ്ട് വാങ്ങി ദുരുപയോഗം ചെയ്തുവെന്ന പരാതിയില്‍ സതീശനെതിരെ അഴിമതി നിരോധനവകുപ്പ് പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ വിജിലന്‍സ് ഡയറക്ടറേറ്റ് സര്‍ക്കാരിന് നല്‍കിയ കത്താണ് പുറത്തവന്നത്.
പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സെപ്റ്റംബറില്‍ കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പീക്കറുടെ വിശദീകരണ കത്തിന് നല്‍കിയ മറുപടിയിലാണ് സതീശന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്. സ്പീക്കറുടെ അനുമതിയില്ലാതെ വിഡി സതീശന്‍ വിദേശത്ത് പോയതായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിലാണ് ആഭ്യന്തര സെക്രട്ടറിയോട് സ്പീക്കര്‍ വിശദീകരണം നല്‍കിയത്.
ഈ കത്ത് പുറത്തുവന്നതോടെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് നീക്കതത്തിന് പിന്നിലെ രാഷ്ട്രീയവും വെളിവാകുകയാണ്. ഒരു വര്‍ഷം മുന്‍പ് വിജിലന്‍സ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് മുന്‍പ്, 2025 സെപ്റ്റംബര്‍ 19ന് പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന വിജിലന്‍സിന്റെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ആ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്.
സതീശന്‍ കുറ്റക്കാരനാണോയെന്നും ഫണ്ട് കൈമാറ്റം ചെയ്തിട്ടുണ്ടോയെന്നും ഒരു വര്‍ഷം മുന്‍പുള്ള വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നില്ല. എന്നാല്‍ വിദേശ നാണയ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാവുന്നതാണ്. അതിന് നല്ലത് സിബിഐയാണ് എന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശയില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള ആരോപണത്തില്‍ വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്നുള്ള വിജിലന്‍സ് ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് വി ഡി സതീശനെതിരെ തെളിവില്ലെന്നും അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയിട്ടില്ലെന്നുമുള്ള മറ്റൊരു റിപ്പോര്‍ട്ട് വന്നത്.
സ്വന്തം മണ്ഡലമായ പറവൂരില്‍ നടപ്പാക്കിയ 'പുനര്‍ജനി' പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സിന്റെ ശുപാര്‍ശ എത്തിയത്. എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യകതയിലേക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എഫ്സിആര്‍എ നിയമം, 2010 ലെ സെക്ഷന്‍ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. കേരള നിയമസഭയുടെ റൂള്‍ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂള്‍ 41 പ്രകാരം നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതും ഗൗരവമുള്ള വിഷയമാണ്. എംഎല്‍എ സ്ഥാനത്തിന് അയോഗ്യത വരെ വരാം.
മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ 'പുനര്‍ജ്ജനി പദ്ധതി'ക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചാണ് വിദേശത്ത് നിന്നും പണം സ്വീകരിച്ചത്. യുകെയില്‍ നിന്നും 22500 പൗണ്ട് (19,95,880.44 രൂപ) വിവിധ വ്യക്തികളില്‍ നിന്നും സമാഹരിച്ച് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായാണ് വിജിലന്‍സസിന്റെ കണ്ടെത്തല്‍. യുകെ ആസ്ഥാനമായുള്ള മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒ വഴിയാണ് മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ അക്കൗണ്ടിലേക്ക് പണം അയച്ചത്. യുകെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരോട് പ്രളയബാധിതരായ സ്ത്രീകള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നെയ്ത്തു യന്ത്രം വാങ്ങാന്‍ 500 പൗണ്ട് വീതം നല്‍കണമെന്ന് വി ഡി സതീശന്‍ അഭ്യര്‍ഥിക്കുന്ന വീഡിയോ തെളിവായി വിജിലന്‍സ് പരിശോധിച്ചിട്ടുണ്ട്.
മണപ്പാട് ഫൗണ്ടേഷന്റെ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയും നല്‍കിയ മൊഴിയും വിജിലന്‍സ് വിശകലനം ചെയ്തു. മണപ്പാട് ഫൗണ്ടേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ളതും FCRA രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. 2018-ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വി.ഡി. സതീശന്‍ എം.എല്‍.എ തങ്ങളെ സമീപിച്ചു. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ XIME-നെ ചുമതലപ്പെടുത്തുകയും അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ലണ്ടനില്‍ 'മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ്' (MIAT) എന്ന എന്‍ജിഒയുടെ സഹായത്തോടെ ഒരു ലഞ്ച് മീറ്റിംഗ് സംഘടിപ്പിച്ചു. ഈ ചടങ്ങിലൂടെ 22,500 പൗണ്ട് സമാഹരിക്കുകയും അത് മണപ്പാട് ഫൗണ്ടേഷന്റെ FCRA അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതിനായി ഫൗണ്ടേഷന്‍ 'പുനര്‍ജനി പ്രോജക്ട്' എന്ന പേരില്‍ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിരുന്നു.
വിമാന ടിക്കറ്റുകള്‍ ഒമാന്‍ എയര്‍ സ്പോണ്‍സര്‍ ചെയ്തപ്പോള്‍ താമസസൗകര്യവും മറ്റ് ചെലവുകളും ട്രസ്റ്റ് നേരിട്ടാണ് വഹിച്ചത്. ബി.പി.സി.എല്ലില്‍ നിന്ന് സി.എസ്.ആര്‍ ഫണ്ടായി 31,20,000 രൂപ ലഭിച്ചു. ഈ തുക പൂര്‍ണ്ണമായും തയ്യല്‍ മെഷീനുകള്‍ വാങ്ങാന്‍ ഉപയോഗിച്ചു. മൊത്തത്തില്‍ 1,31,88,375 രൂപ പുനര്‍ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ ചെലവഴിച്ചു. ഇതില്‍ 4,74,441 രൂപ ഫൗണ്ടേഷന്‍ അധികമായി ചെലവാക്കിയതാണ്. ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയത് എം.എല്‍.എ ആണെങ്കിലും അദ്ദേഹത്തിന് നേരിട്ട് സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് അവകാശപ്പെടുന്നു. വിജിലന്‍സ് ഡയറക്ടറായിരിക്കെ യോഗേഷ് ഗുപ്തയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്.




