കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്രാ തോമസ് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലങ്ങളിലേക്ക്. മത്സരത്തില്‍നിന്ന് സാന്ദ്രയുടെ നാമനിര്‍ദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ സാന്ദ്രക്ക് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഒരു വ്യക്തിക്കല്ല, കമ്പനിക്കാണ് സെന്‍സര്‍ എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിജയ് ബാബു പറഞ്ഞു. സാന്ദ്രക്ക് കഴിഞ്ഞ പത്തുവര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി യാതൊരു ബന്ധവുമില്ല. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. ഈ ചിത്രങ്ങളുടെ എണ്ണം കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തനിക്ക് സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി മുതലായ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് സാന്ദ്ര സമര്‍ഥിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെയും സമീപിച്ചിരിക്കുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിംഗ് പാര്‍ട്‌നര്‍ ആയിരുന്ന സമയത്ത് ആ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങള്‍ തന്റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഒരു വ്യക്തിക്കല്ലെന്നും മറിച്ച് നിര്‍മ്മാണ കമ്പനിക്ക് ആണെന്നും ആയതിനാല്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്രയ്ക്ക് തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവില്ലെന്നുമാണ് വിജയ് ബാബു പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിജയ് ബാബുവിന്റെ പ്രതികരണം.

''തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തില്‍- ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസിന് കഴിയില്ല. തന്റെ സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ മാത്രമാണ് സാധിക്കുക. എന്റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്. ഫ്രൈഡേ ഫിലിം ഹൗസിനെ ഒരു സമയത്ത് സാന്ദ്ര തോമസ് പ്രതിനിധീകരിച്ചിരുന്നു. അവിടെ നിന്ന് 2016 ല്‍ നിയമപരമായി രാജി വെക്കുകയും ചെയ്തിരുന്നു. തന്റെ ഓഹരിയോ അതില്‍ കൂടുതലുമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ബന്ധമേതുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരികയെങ്കില്‍ അത് നമുക്കെല്ലാം ഒരു പുതിയ അറിവായിരിക്കും'', വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേ സമയം വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ് രംഗത്ത് വന്നു. ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു , ഒരു തമാശയായി മാത്രം നമുക്കതിനെ കാണാം .

ഞാന്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അര്‍ത്ഥത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ 2016 വരെ പുറത്തുവന്ന സെന്‍സര്‍ഷിപ് ക്രെഡിറ്റും മാനേജിങ് പാര്‍ട്ണര്‍ ആയിരുന്ന എന്റെ പേരിലാണെന്നും ഇതില്‍നിന്നും വ്യക്തമാണ്. 2016 ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസില്‍ ഞാനൊരു അവകാശവാദവും ഉന്നയിച്ചിട്ടില്ല . എന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നിയമാവലി പ്രകാരം ഞാന്‍ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്‌സര്ഷിപ് ക്രെഡിറ്റ് എന്റെ പേരില്‍ ഉള്ളതാണെന്നാണ് .

അതിനാല്‍ KFPA യുടെ റെഗുലര്‍ മെമ്പര്‍ ആയ എനിക്ക് അസോസിയേഷന്റെ കീപോസ്റ്റില്‍ നിയമപരമായി മത്സരിക്കാം , അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല . ഞാന്‍ പാര്‍ട്ണര്‍ഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തര്‍ക്കവിഷയമേ അല്ല എന്നാല്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ് .

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല , മറിച്ച് അസോസിയേഷന്റെ ബെലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ആണ് നിയമത്തിന്റെ കണ്ണില്‍ എങ്ങനെ എന്നുള്ളതാണ് , അത് കോടതി വിലയിരുത്തും . ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്ന് ഓര്‍ത്താല്‍ നന്ന് .

ഈ മാസം നാലാം തീയതിയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത്. പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ മുഖ്യസ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ 3 ചിത്രങ്ങളെങ്കിലും നിര്‍മ്മിച്ചിരിക്കണമെന്നാണ് സംഘടനയുടെ ബൈലോ. എന്നാല്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ചിത്രങ്ങള്‍ കൂടി കൂട്ടി ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നാണ് സാന്ദ്ര തോമസിന്റെ വാദം. സാന്ദ്ര തോമസിന്റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റില്‍ ഹാര്‍ട്‌സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍.

തിരഞ്ഞെടുപ്പ് ബൈലോ പ്രകാരം മൂന്നോ അതിലധികമോ സിനിമകള്‍ സ്വതന്ത്രമായി നിര്‍മിച്ച ഏതൊരു അംഗത്തിനും പത്രിക സമര്‍പ്പിക്കാമെന്നിരിക്കേ സാന്ദ്രാ തോമസ് രണ്ട് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് സമര്‍പ്പിച്ചതെന്നു കാണിച്ചാണ് പത്രിക തള്ളിയത്. മൂന്നാമതായി ചേര്‍ത്ത സര്‍ട്ടിഫിക്കറ്റ് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ഉള്ളതാണെന്നും അത് യോഗ്യതയായി പരിഗണിക്കനാവില്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസറുടെ നിലപാട്. തന്റെ പത്രിക തള്ളാന്‍ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.