ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഉപയോഗിക്കുന്ന പ്രചാരണ വാഹനം പിടിച്ചെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാമക്കൽ പോലീസ് വൈകാതെ വാഹനം കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ നിർദ്ദേശം.

കരൂരിൽ കഴിഞ്ഞ ദിവസം നടന്ന ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയിൽ വീണ് നിരവധി പേർക്ക് ജീവഹാനിയുണ്ടായിരുന്നു. ബൈക്ക് ബസിനടിയിൽപെട്ടിട്ടും വാഹനം നിർത്താതെ മുന്നോട്ടെടുത്തുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് സാധാരണഗതിയിലുള്ള അപകടമല്ലെന്നും, എന്തുകൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി, സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും, വിജയ് നയിച്ച പ്രചാരണ ബസ്സിനകത്തും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറാനും പോലീസ് നടപടി സ്വീകരിക്കും.

കരൂരിലെ ദുരന്തത്തിൽ നടൻ വിജയ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾക്കെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ദുരന്തമുണ്ടായ ഉടൻ അണികളെ ഉപേക്ഷിച്ച് സ്ഥലംവിട്ട നേതാക്കളുടെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. "ദുരന്തമുണ്ടായ ഉടൻ നേതാവ് സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനാവുകയാണ് ചെയ്തത്. അത് നേതാക്കൾക്കു പറ്റിയ ഗുണമല്ല. ആപത്തിൽപ്പെട്ടവരെ രക്ഷിക്കുന്നത് അവരുടെ ഉത്തരവാദിത്വമാണ്. എത്രയോ കുട്ടികൾക്കും സ്ത്രീകൾക്കുമാണ് ജീവൻ നഷ്ടമായത്. പക്ഷേ, നേതാക്കൾക്ക് ഒട്ടും പശ്ചാത്താപമില്ല," കോടതി നിരീക്ഷിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) സംഭവം വിശദമായി അന്വേഷിക്കണമെന്നും കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ദുരന്തത്തിന്റെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാനും തെളിവ് ശേഖരണം കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള കോടതി നടപടികൾ ഈ കേസിൽ നിർണായകമാകും.