- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായും ഡോവലും ചൂണ്ടിയിട്ട് എടുക്കുന്നത് പിണറായിയുടെ അതിവിശ്വസ്തനെ; കേരളത്തിലെ രഹസ്യമെല്ലാം അറിയുന്ന ഐപിഎസുകാരനെ എൻഐഎയിൽ ഐജിയാക്കുന്നത് പോപ്പുലർ ഫ്രണ്ട് വേട്ടയ്ക്ക്; സ്വപ്നയുടെ ആത്മകഥയിൽ അന്വേഷണം സജീവമായാലും കേന്ദ്ര ഏജൻസിക്ക് എല്ലാം അറിയുന്ന ഉദ്യോഗസ്ഥൻ മുതൽക്കൂട്ടാകും; സാഖറെയ്ക്ക് ഡൽഹിയിലെ താക്കോൽ സ്ഥാനം കിട്ടുമ്പോൾ
തിരുവനന്തപുരം: വിജയ് സാഖറെ എൻഐഐയിൽ എത്തുന്നതിന് പിന്നിലെ ലക്ഷ്യം പോപ്പുലർ ഫ്രണ്ടിനെ തളയ്ക്കലോ? ഏറെ കാലം സംസ്ഥാന പൊലീസിൽ ക്രമസമാധാന ചുമതല വഹിച്ച ഉദ്യോഗസ്ഥനാണ് സാഖറെ. കൊച്ചി കമ്മീഷണറായിരുന്നു. മലബാറിലും പ്രവർത്തന പരിചയമുണ്ട്. ഇതെല്ലാമാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ഒതുങ്ങാൻ ആഗ്രഹിച്ച സാഖറെയെ എൻഐഎയിലേക്ക് എടുക്കാനുള്ള കാരണമെന്നാണ് സൂചന.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിർദ്ദേശം ആഭ്യന്തര മന്ത്രി അമിത് ഷായും അംഗീകരിച്ചു. ഇതിനൊപ്പം സ്വർണ്ണ കടത്തിലെ എൻഐഎ അന്വേഷണ ഗതിയും മാറുമെന്ന സൂചനയുമുണ്ട്. ഈ ഘട്ടത്തിലാണ് എൻഐഎയിലേക്ക് സാഖറെ പോകുന്നത്. കേരളത്തിലെ സർക്കാരിനുള്ളിലെ 'രഹസ്യം' അറിയാവുന്ന സാഖറെ എൻഐഎയിലെത്തുമ്പോൾ പലരുടേയും ചങ്കിടിപ്പ് കൂടും.
കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ. എൻഐഎയിൽ ഇൻസ്‌പെക്ടർ ജനറലായാണ് നിയമനം. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് നിയമിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചത്. പക്ഷെ എൻഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. ചുമതലയേറ്റെടുക്കുന്ന ദിവസം മുതൽ അഞ്ച് വർഷത്തേക്കാണ് ഇദ്ദേഹത്തെ എൻഐഎയിൽ നിയമിക്കുന്നത്. ആവശ്യമെന്ന് തോന്നിയാൽ കേന്ദ്ര സർക്കാരിന് അതിന് മുൻപ് തന്നെ അദ്ദേഹത്തെ ചുമതലയിൽ നിന്ന് നീക്കാവുന്നതുമാണ്.
1996 കേരള കേഡറിലെ ഐപിഎസ് ഓഫീസറാണ് വിജയ് സാഖറെ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു വിജയ് സാഖറെയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് എഡിജിപി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന സ്വപ്ന സുരേഷിന്റെ മൊഴി ഇദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിട്ടിരുന്നു. എന്നാൽ സാഖറെയ്ക്കെതിരെ സ്വപ്നയ്ക്ക് തെളിവുകൾ ഹാജരാക്കനായില്ല.
ഈ സാഹചര്യത്തിലാണ് സാഖറെയുടെ കൂടുമാറ്റം ശ്രദ്ധേയമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായാണ് സാഖറെ അറിയപ്പെട്ടിരുന്നത്. അതുകൊണ്ട് എൻഐഎയിലേക്ക് മാറുന്നത് കേരളത്തിലെ സർ്ക്കാരിന് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവരുമുണ്ട്. ഏതായാലും കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വേരുകൾ നന്നായി മനസ്സിലാക്കിയ ഉദ്യോഗസ്ഥനാണ് സാഖറെ. എൻഐഎയിൽ എന്തു ഉത്തരവാദിത്തം സാഖറെയ്ക്ക് നൽകിയാലും പോപ്പുലർ ഫ്രണ്ടിനെതിരായ അന്വേഷണങ്ങളിൽ സാഖറെയുടെ അനുഭവവും ഇനി കേന്ദ്ര ഏജൻസി പരിഗണിക്കും. കൊച്ചി കമ്മിഷണറായിരിക്കെ എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിച്ചാണ് വിജയ് സാഖറെ ക്രമസമാധാനച്ചുമതലയിലേക്ക് എത്തിയത്.
സമീപകാലത്ത് ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആക്ഷേപങ്ങൾ ഉയർന്നപ്പോൾ പൊലീസ് മേധാവിക്കെതിരേയും ക്രമസാമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേയും വിമർശനങ്ങളുയർന്നിരുന്നു. എസ്ഡിപിഐ- ബിജെപി പ്രവർത്തകരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ സാഖറെ നേരിട്ടു. എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ പിടികൂടാൻ വൈകിയതിലും പഴികേൾക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതിന് പിന്നിലെ കളികളും സാഖറെയ്ക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് എൻഐഎയിലേക്കുള്ള പോക്കിലെ അജണ്ടയിൽ ചർച്ച ഉയരുന്നത്.
കേന്ദ്രസർക്കാറുമായി പലകാര്യങ്ങളിൽ ഏറ്റുമുട്ടലിന്റെ പാതയിലാണ് സംസ്ഥാന സർക്കാർ. ഇഡിക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോൾ തന്നെ സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി കൊമ്പു കോർക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തിൽ സംസ്ഥാനവും കേന്ദ്രവും ഏറ്റുമുട്ടുന്ന വഴിയിൽ പോകുമ്പോൾ കേരളത്തിൽ നിന്നും എങ്ങനെയെങ്കിലും നാടുവിടുന്ന ഐപിഎസ്, ഐഎഎസുകാരുടെ എണ്ണവും കൂടി വരികയാണ്. ശിവശങ്കരൻ എപ്പിസോഡിന് ശേഷം ശക്തമായി കേരളത്തിൽ തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥരും കുറവാണ്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കേയാണ് പിണറായി സർക്കാറിന്റെ അതിവിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരും മറുകണ്ടം ചാടുന്നത്.
മുൻകാലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഒരിക്കൽ പിണറായിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് പിന്നീട് അദ്ദേഹത്തിന്റെ ഒന്നാം നമ്പർ ശത്രുവായി. ടോമിൻ തച്ചങ്കരി ആകട്ടെ മൗനത്തിലുമാണ്. ഇതിനിടെയാണ് സർക്കാറിന്റെ ഏറ്റവും വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ എ.ഡി.ജി.പി. വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷ നൽകിയതും കേന്ദ്രം എൻഐഎയിലേക്ക് എടുക്കുന്നതും. പിണറായി സർക്കാരിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് സാഖറെ എന്നതു കൊണ്ട് തന്നെ ഈ യാത്രയ്ക്ക് മാനങ്ങൾ ഏറെയാണ്. സ്വപ്നാ സുരേഷിന്റെ ആത്മകഥ പുറത്തു വന്നതിന് പിന്നാലെയാണ് സാഖറെയുടെ യാത്രയെന്നതും ശ്രദ്ധേയമാണ്.
കോവിഡ് കാലത്ത് അടക്കം സാഖറെ മാജിക്ക് കേരളം ചർച്ചയാക്കിയിരുന്നു. കോവിഡന്റെ തുടക്കത്തിൽ കാസർഗോഡ് കോവിഡ് പടർന്ന് പിടിച്ചപ്പോൾ അവിടെ എത്തി എല്ലാം നിയന്ത്രിച്ചതും കൊച്ചി കമ്മീഷണറായിരുന്ന വിജയ് സാഖറെയാണ്. ഈ അനുഭവ കരുത്തുമായി കേരളത്തിൽ ഉടനീളം പ്രതിരോധ പ്രവർത്തനത്തിനും വിജയ് സഖാറെ എത്തിയെന്നതാണ് വസ്തുത. എഡിജിപിയായി പ്രെമോഷൻ കിട്ടിയതോടെയാണ് വിജയ് സാഖറെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയായത്. പല സീനിയർമാരും ഇതിൽ അതൃപ്തിയുള്ളവരുമായി. കാസർകോട് കോവിഡ് വ്യാപിക്കുമ്പോൾ കൊച്ചിയിലെ കമ്മീഷണറായിരുന്നു സാഖറെ. കാസർഗോട്ട് എത്തിയ സാഖറെ ആദ്യം ചെയ്തതു ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ്. അതു ഫലം കണ്ടു.
കാസർഗോഡ് ദൗത്യത്തിന്റെ ദൗത്യത്തിന്റെ പ്രാരംഭദിനങ്ങളിൽ ദിവസം നാലുമണിക്കൂറോളം മാത്രമായിരുന്നു ഉറക്കം. പൊലീസിന്റെ മർക്കടമുഷ്ടി ഒഴിവാക്കി, ജനങ്ങളുമായി ഇടപഴകി. ജില്ലയുടെ മുക്കിലും മൂലയിലും സഞ്ചരിച്ചു. സ്വന്തം കുടുംബത്തിലെ ഒഴിവാക്കാൻ പറ്റാത്ത ആവശ്യം പോലും മാറ്റിവച്ചു. ഈ സ്നേഹം കാസർകോടിനെ അനുസരണയുള്ള ജില്ലയാക്കി എന്നതാണ് വസ്തുത. ഇതോടെയാണ് പിണറായിയുടെ ഗുഡ് ബുക്കിലെ പ്രധാനിയായി സാഖറെ മാറിയത്. സർക്കാരിന്റെ വിശ്വസ്തനുമായി.
പല ഇടപെടലുകളിലും സാഖറെയ്ക്കെതിരെ പ്രതിപക്ഷം വിമർശനമുയർത്തി. സർക്കാരിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ഉദ്യോഗസ്ഥനെന്ന പേരും വന്നു. ഇതിനിടെയാണ് കേന്ദ്ര ഡെപ്യൂട്ടേഷന് സാഖറെ അപേക്ഷിച്ചത്. അതിന്റെ കാരണം ഇനിയും വ്യക്തമല്ല. ഇതിനിടെയാണ് നിയമനം എൻഐഎയിലേക്ക് ആകുന്നത്.
മറുനാടന് മലയാളി ബ്യൂറോ