- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ; കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം വൻ ഭക്തജനപ്രവാഹം
തിരുവനന്തപുരം: വിജയദശമി നാളിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് ആയിരക്കണക്കിന് കുരുന്നുകളാണ് ചുവടുവയ്ക്കുന്നത്. ക്ഷേത്രങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച വേദികളിലാണ് വിദ്യാരംഭചടങ്ങുകൾ പുരോഗമിക്കുന്നത്.
നവരാത്രിയുടെ അവസാന നാൾ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തിൽ, കുരുന്നുകളിൽ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
കൊല്ലൂർ മൂകാംബികാ ദേവീക്ഷേത്രത്തിൽ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകൾക്കായി എത്തിയിട്ടുള്ളത്. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലർച്ചെ മുതൽ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കുട്ടികളെ എഴുത്തിനിരുത്താൻ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട്. പുലർച്ചെതന്നെ ഇവിടെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും പുലർച്ചെ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിച്ചിരുന്നു. മൂകാംബിക ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രം മേൽശാന്തി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിൽ സരസ്വതി മണ്ഡപത്തിന് സമീപത്തായി പ്രത്യേകം തയ്യാറാക്കിയ ഇടത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയത്. കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് കുരുന്നുകൾ മൂകാംബിക സന്നിധിയിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നുണ്ട്. ക്ഷേത്രത്തിൽ എത്താൻ പ്രത്യേക ബസ് സർവീസുകളും, കൊങ്കൺ വഴിയുള്ള എല്ലാ തീവണ്ടികൾക്കും ബൈന്ദൂരിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന രഥോത്സവ ചടങ്ങുകൾക്കും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് രാത്രി നടക്കുന്ന വിജയോത്സവത്തോടെ ഒൻപത് നാൾ നീണ്ടുനിന്ന കൊല്ലൂരിലെ നവരാത്രി മഹോത്സവത്തിന് പരിസമാപ്തിയാകും.
മറുനാടന് മലയാളി ബ്യൂറോ