വിക്രവാണ്ടി: പുലര്‍ച്ചെ മുതല്‍ തന്നെ ജനക്കൂട്ടം വിക്രവാണ്ടിയിലേക്ക് ഒഴുകി. കാല്‍നടയായും, ട്രെയിനിലും ബൈക്കിലും എല്ലാം. അതും കൂട്ടം കൂട്ടമായി. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം കൊണ്ട് എതിരാളികളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു വിജയ് പടത്തിന്റെ ആദ്യ ഷോ പോലെ മൊത്തത്തില്‍ കളറായി പരിപാടി. തിരക്കിനിടെ നൂറിലേറെപ്പേര്‍ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്

സമ്മേളനത്തിനായി വിക്രവrണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 110 അടിയുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ച് കൊടി ഉയര്‍ത്തിയ ശേഷം 600 മീറ്ററോളം റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്നായിരുന്നു അഭിസംബോധന.

നടനത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന വിജയുടെ ഫാന്‍സിന് ഇത് വെറും റാലിയല്ല. വിജയുടെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ ദിവസമാണ്. തമിഴ്‌നാട്, കേരളം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി മൂന്നുലക്ഷത്തോളം പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. രാഷ്ട്രീയ ലോകത്തേക്ക് ഇതോടെ വിജയ് ഔദ്യോഗികമായി ചുവട് വച്ചിരിക്കുകയാണ്. എം ജി ആറിന്റെയും ജയലളിതയുടെയും വിജയകാന്തിന്റെയും കമല്‍ഹാസന്റെയും ഒക്കെ വഴിയേ വിജയും.

എന്നാല്‍, വിജയുടെ രാഷ്ട്രീയ രംഗപ്രവേശനം മുന്‍ഗാമികളുടേതില്‍ നിന്നും വേറിട്ടതാണ്. താരമൂല്യത്തിന്റെ വലിപ്പത്തില്‍ മാത്രമല്ല, രാഷ്ട്രീയ പ്രവേശനത്തിന് കുറിച്ച സമയവും പ്രധാനമാണ്. ആദ്യ തവണ വോട്ടുചെയ്യുന്ന യുവാക്കളെ ആകര്‍ഷിക്കാനും അതിനൊപ്പം മുതിര്‍ന്നവരെയും ഒപ്പം കൂട്ടാന്‍ ഉള്ള വ്യക്തിപ്രഭാവം വിജയുടെ കൈമുതലാണ്.

ഞായറാഴ്ച ഒത്തുകൂടിയ ജനക്കൂട്ടം മറ്റുപതിവ് രാഷ്ട്രീയ റാലികളില്‍ നിന്നും വ്യത്യസ്തമാണ്. 70-.80 ശതമാനത്തോളം പേരും 20 കളില്‍ ഉള്ള യുവാക്കളാണ്. തെലുഗു സൂപ്പര്‍ താരം ചിരഞ്ജീവി പ്രജ രാജ്യ പാര്‍ട്ടി രൂപീകരിച്ചതിന് സമാനമാണ് വിജയുടെ റാലി.

പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്‌നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്. സമ്മേളനത്തില്‍ വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ഇവര്‍ക്കായി പ്രത്യേകം ക്യാരവന്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷക്കായി അയ്യായിരത്തിലധികം പോലീസിനെയും സമ്മേളനത്തില്‍ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ച് എത്തുന്നവരെ സമ്മേളനത്തില്‍ കയറ്റില്ലെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ വിജയ് വ്യക്തമാക്കിയതാണ്.

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം. തുടര്‍ ഭരണം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കുന്ന ഡിഎംകെ ഇതുവരെ വിജയുടെ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. അണ്ണാഡിഎംകെ വിജയിയെ പിന്തുണച്ചു രംഗത്ത് വന്നിരുന്നു ബിജെപി നീരസം പ്രകടമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഭരണ - പ്രതിപക്ഷ പാര്‍ട്ടികളോടുള്ള നയവും നിലപാടും വിജയ് ഇന്നത്തെ പ്രസംഗത്തിലൂടെ വിശദീകരിക്കും. സിനിമ ലോകത്തു നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശം ഏറെ കണ്ട തമിഴകം വിജയ് എന്ന നടനെ രാഷ്ട്രീയക്കാരനായി എത്രത്തോളം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

സെപ്റ്റംബര്‍ 23ന് നടത്താനിരുന്ന യോഗമാണ് ഇന്നത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാസം 22ന് പാര്‍ട്ടിഗാനവും പതാകയും അദ്ദേഹം പുറത്തിറക്കിയിരുന്നു.