കൊച്ചി: സ്വപ്ന സുരേഷ് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ചു വിജേഷ് പിള്ള. സ്വപ്നയുണ്ടാക്കിയ ഒരു തിരക്കഥയിൽ തന്നെ എത്തിക്കുകയായിരുന്നെന്ന് വിജേഷ് ആരോപിച്ചു. 30 കോടിയുടെ വാഗ്ദാനത്തെക്കുറിച്ച് സ്വപ്ന തെളിവ് പുറത്തുവിടട്ടെയെന്നും മാധ്യമങ്ങളോട് വിജേഷ് പിള്ള പ്രതികരിച്ചു. ഫെബ്രുവരി 27നാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. ബംഗളൂരുവിൽ വൈറ്റ്ഫീൽഡിൽ എല്ലാവരും കാണുന്ന ഹോട്ടലിലെ ലോബിയിലാണ് സ്വപ്നയുമായി കൂടിക്കാഴ്ച നടന്നത്.

ഒപ്പം സരിത്തും കുട്ടികളുമുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് അവിടെ പോയത്. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ എന്തിന് ഈ വിഷയത്തിൽ ഉൾപ്പെടുത്തിയെന്നും വിജേഷ് ചോദിച്ചു. തന്റെ നാടിന് അടുത്താണ് എം.വി ഗോവിന്ദന്റെ സ്ഥലം എന്നതിനാൽ അങ്ങനെ സ്വപ്നയെ പരിചയപ്പെടുക മാത്രമാണ് ചെയ്തത്. തനിക്ക് അദ്ദേഹത്തെ അറിയില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമില്ലെന്ന് സ്വപ്നയെ അറിയിച്ചു.

ഒരു രാഷ്ട്രീയ പാർട്ടിയുടെയും ലോക്കൽ നേതാക്കളുമായിപ്പോലും ബന്ധമില്ലെന്ന് വിജേഷ് പറഞ്ഞു. ക്ഷേത്രങ്ങളിലെ കാര്യങ്ങളിൽ താൽപര്യമുള്ളയാളായതിനാൽ ബിജെപിയോട് അനുഭാവമുണ്ടെന്നും വിജേഷ് അറിയിച്ചു. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്നാണ് സ്വപ്നയോട് പറഞ്ഞത്. ഇതിന്റെ ഫണ്ടിംഗിനെക്കുറിച്ച് എങ്ങനെയെന്ന് തന്നോട് സ്വപ്ന ചോദിച്ചു. ഇതിന് ഒടിടി പ്‌ളാറ്റ്ഫോമിലെ അഡ്‌മിൻ പാനലിലേക്ക് അവസരം നൽകും. അതിലൂടെ സീരീസ് കണ്ടവരുടെ എണ്ണം അറിഞ്ഞ് അതിന്റെ 30 ശതമാനം വരുമാനം നൽകുമെന്നാണ് അറിയിച്ചത്.

സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും മാനനഷ്ടത്തിന് പരാതി നൽകിയെന്ന് വിജേഷ് പിള്ള പറഞ്ഞു.മൂന്ന് മണിക്കൂറോളം ഇ.ഡി മൊഴിയെടുത്തതായും അതിനുശേഷവും ഓഫീസിൽ തുടർന്നെന്നും വിജേഷ് പറഞ്ഞു.

ഇപ്പോൾ പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു. കൂടുതൽ തെളിവുണ്ടെങ്കിൽ സ്വപ്ന പുറത്തു വിടട്ടേയെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദൻ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമർശിക്കുകയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താൻ സംസാരിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി. സ്വപ്ന എത്തിയത് കുട്ടികളുമായി. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താൻ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.

കഴിഞ്ഞ ദിവസം സ്വപ്ന ഉന്നയിച്ച ആരോപണങ്ങളിൽ യാതൊരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാർട്ടികളെയൊന്നും തനിക്കറിയില്ലെന്നും വിജേഷ് വ്യക്തമാക്കി. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താൻ കണ്ടിട്ടുള്ളു. തെളിവുകൾ ഉണ്ടെങ്കിൽ അവർ പുറത്തുവിടട്ടെയെന്നും വിജേഷ് വ്യക്തമാക്കി. അതിന്റെ പേരിലുള്ള ഭവിഷ്യത്തുകൾ നേരിടാൻ ഒരുക്കമാണെന്നും വിജേഷ് പറഞ്ഞു.

അതിനിടെ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യം ചെയ്തു. 15 മണിക്കൂറോളം ഇഡി ഇയാളെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് തന്നെ ഇഡി വിളിപ്പിച്ചതെന്നും വിജേഷ് പറഞ്ഞു. എല്ലാ കാര്യങ്ങളും താൻ ഇഡിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജേഷ് പിള്ള വ്യക്തമാക്കി.