കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കണ്ണൂർ സ്വദേശി ഒത്തുതീർപ്പിന് ശ്രമിച്ചെന്ന സ്വപ്നയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് വിജേഷ് പിള്ളയുടെ പിതാവ് ഗോവിന്ദൻ. വിജയ് പിള്ള എന്നാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെങ്കിലും യഥാർത്ഥ പേര് വിജേഷ് എന്നാണെന്നും പിതാവ് വ്യക്തമാക്കി. വിജേഷിന് ബിസിനസ് എന്നേ അറിയൂ. വിജേഷിന് സിപിഎമ്മുമായും എം വി ഗോവിന്ദനുമായും ബന്ധമില്ലെന്നും പിതാവ് ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

ഓട്ടോ മൊബൈൽ ഡിപ്ലോമാ പഠിച്ചയാളാണ്. കൊണ്ടുനടക്കുന്ന കാറുകൾ കൂട്ടുകാരുടേതാണെന്നും പിതാവ് പറഞ്ഞു. ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. വിജേഷിന്റെ സാമ്പത്തിക ഇടപാടികളെപ്പറ്റി അറിയില്ല. വിജേഷിപ്പോൾ എറണാകുളത്താണെന്നും വിജേഷിന്റെ പിതാവ് ഗോവിന്ദൻ വ്യക്തമാക്കി.

ഒരുമാസം മുമ്പ് കണ്ണൂരിലെ വീട്ടിൽ വന്നിരുന്നു. നാടുവിട്ട് പോയിട്ട് കാലം കുറെയായി. മൂന്നു ദിവസം വിളിച്ചിരുന്നു. അപ്പോൾ ബംഗളുരുവിലാണ് എന്നാണ് പറഞ്ഞത്. രണ്ട് ദിവസം മുമ്പ് പൊലീസ് വീട്ടിൽ എത്തി വിജേഷിനെപ്പറ്റി അന്വേഷിച്ചിരുന്നു. സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കുന്നില്ലെന്നും പിതാവ് ഗോവിന്ദൻ പറഞ്ഞു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഇടനിലക്കാരൻ 'വിജയ് പിള്ള'യുടെ യഥാർഥ പേര് 'വിജയ് കൊയിലേത്ത്' എന്നാണെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരായ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ അറിവോടെ ഇയാൾ എത്തിയെന്നാണു സ്വപ്നയുടെ ആരോപണം.

ഒത്തുതീർപ്പിനെത്തിയത് 'വിജയ് പിള്ള' എന്നാണ് സ്വപ്ന ഫേസ്‌ബുക് ലൈവിൽ പറഞ്ഞത്. 'വിജേഷ് പിള്ള' എന്നാണ് വാട്‌സാപ് ചാറ്റിൽ അയാൾ പരിചയപ്പെടുത്തുന്നതെന്നും സ്വപ്ന വെളിപ്പെടുത്തി. ഇയാളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇമെയിൽ സന്ദേശങ്ങളും സ്വപ്ന പുറത്തുവിട്ടിരുന്നു.

കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. സ്വപ്ന നൽകിയ രേഖയിലെ വിലാസം അനുസരിച്ച് കൊച്ചി ഇടപ്പള്ളിയിൽ ഇത്തരമൊരു ഓഫിസില്ല. 2017ൽ കമ്പനി തുടങ്ങിയെങ്കിലും ആറുമാസത്തിനകം പൂട്ടിയെന്ന് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. വാടക കുടിശിക നൽകാനുണ്ടെന്നും കെട്ടിട ഉടമ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിടുന്നതിന് ഇടനിലക്കാർ 30 കോടിരൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്ന സുരേഷ് പറഞ്ഞത്. സമൂഹമാധ്യമത്തിൽ ലൈവ് വിഡിയോയിലാണ് സ്വപ്ന ആരോപണങ്ങൾ ഉന്നയിച്ചത്. സ്വർണക്കടത്ത് കേസിൽ ഒരുവിധത്തിലുള്ള ഒത്തുതീർപ്പിനും വഴങ്ങില്ലെന്നും അവസാനശ്വാസം വരെ പൊരുതുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ ആരാണ് വിജയ് പിള്ള എന്ന കാര്യത്തിൽ ചർച്ച സജീവമായിരുന്നു.

കണ്ണൂർ മൊറാഴ സ്വദേശിയാണ് വിജേഷ് എന്നാണ് വിവരം. ആഡംബര കാറുകളിലാണ് യാത്ര. രണ്ടു ദിവസം മുൻപും വീട്ടിലെത്തിയിരുന്നു. ഇയാൾ കൊച്ചിയിലെ ഡബ്ല്യുജിഎൻ ഇൻഫോടെക് എന്ന കമ്പനിയുടെ സിഇഒ എന്നാണ് സ്വപ്ന പുറത്തുവിട്ട രേഖയിൽ പറയുന്നത്. രേഖകളിൽ 'ആക്ഷൻ ഒടിടി'യുടെ സിഇഒ ആണെന്ന് സൂചിപ്പിക്കുന്ന വാട്‌സാപ് ചാറ്റും പുറത്തുവിട്ടിരുന്നു. ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ പഴയ ചിത്രങ്ങളാണ് റിലീസ് ചെയ്തിരുന്നത്.

മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ളയെന്നൊരാളാണ് മുഖ്യമന്ത്രിയുടെയും സി പി എം സംസ്ഥാന സെക്രട്ടറിയുടെയും അടക്കം പേരിൽ തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. ഇതോടെയാണ് വിജയ് പിള്ള പുതിയ ഇടനിലക്കാരനാണെന്ന നിലയിലുള്ള ചർച്ചയും സജീവമായത്.

വിജയ് പിള്ള എന്ന് സ്വപ്‌ന പറഞ്ഞ വിജേഷ് ബംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ആക്ഷൻ ഒടിടി എന്ന സ്ഥാപനവും രണ്ടുവർഷം മുൻപ് തുടങ്ങിയത്. ഇയാൾ എറണാകുളം സ്വദേശയാണെന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്ന് വ്യക്തമാകുന്നത്. കമ്പനിയുടെ വിവരങ്ങളിൽ ഇയാളുടെ പേരിൽ പിള്ള ഇല്ല. വിജേഷ് കേയിലേറ്റ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ഇതേ കമ്പനിയാണ് പുതിയ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ആക്ഷൻ ഒടിടി എന്ന സ്ഥാപനവും രണ്ടുവർഷം മുൻപ് തുടങ്ങിയത്

നേരത്തെ ഷാജ് കിരൺ എന്ന ഇടനിലക്കാരനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കേരളത്തിന് അറിവുള്ളതാണ്. ഷാജ് കിരൺ ആദ്യം സ്വപ്നയുടെ ഇടനിലക്കാരനായാണ് എത്തിയത്. സ്വപ്നയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്ന ഷാജ് കിരൺ പിന്നീട് ഉന്നതർക്ക് വേണ്ടി ഇടപെട്ടു എന്നാണ് അന്ന് സ്വപ്ന വെളിപ്പെടുത്തിയത്. എന്നാൽ പിന്നീട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പരാതി നൽകിയതോടെ പൊലീസ് കേസെടുത്തിരുന്നു. അതിന് ശേഷം ഇപ്പോളാണ് പുതിയൊരു പേര് സ്വപ്ന വെളിപ്പെടുത്തിയത്.

''കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്നയാൾ മൂന്നു ദിവസം മുൻപ് വിളിച്ചു. അഭിമുഖത്തിനെന്ന പേരിലാണ് ബെംഗളൂരുവിലേക്ക് വിളിപ്പിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള പരാമർശങ്ങൾ ഒഴിവാക്കി കേരളം വിടുന്നതിന് 30 കോടി ഇയാൾ വാദ്ഗാനം ചെയ്തു. കേരളം വിടുന്നതിന് സഹായം ചെയ്യാമെന്നും പറഞ്ഞു. വഴങ്ങിയില്ലെങ്കിൽ ജീവനു അപകടമാണെന്നു ഭീഷണിപ്പെടുത്തി'' എന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും താൽപര്യങ്ങൾക്കായി മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനും തന്നെ ഉപയോഗിച്ചു. സ്വർണക്കടത്തുകാരിയായാണ് താൻ അറിയപ്പെടുന്നത്. അതിലൊന്നും പങ്കാളിയല്ലാതിരുന്നിട്ടും വലിച്ചിഴക്കപ്പെട്ടു. എല്ലാം എന്റെ തലയിൽ വയ്ക്കാൻ ജയിലിൽ അടച്ചു. ജയിലിൽ ട്രാപ്പ് ചെയ്യപ്പെട്ടു. വിവിധ തരത്തിലുള്ള വോയ്സ് ക്ലിപ്പുകൾ ജയിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ശിവശങ്കറിന്റെ യഥാർഥ മുഖം മനസ്സിലാക്കിയശേഷമാണ് വെളിപ്പെടുത്തലുകൾ നടത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ സത്യം പുറത്തു വരുമെന്ന് വിശ്വാസമുണ്ട്. വിജയ് പിള്ള ബെംഗളൂരുവിലെ ഹോട്ടൽ ലോബിയിൽവച്ചു സംസാരിച്ചപ്പോൾ ഒത്തുതീർപ്പിനു ശ്രമിച്ചു. ഒരാഴ്ച സമയം തരാം മക്കളുമായി ഹരിയാനയിലോ ജയ്പുരിലോ മാറണമെന്ന് ആവശ്യപ്പെട്ടു. ജീവിക്കാൻ എല്ലാ സൗകര്യവും തരാമെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിക്കണമെന്നും ക്ലൗഡിലോ മറ്റോ വിവരങ്ങൾ ഉണ്ടെങ്കിൽ അവർ നശിപ്പിക്കാമെന്നും വിജയ് പിള്ള പറഞ്ഞു. കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞതായി വിജയ് പിള്ള പറഞ്ഞു.

എന്നെ നശിപ്പിക്കുമെന്നും കൊല്ലുമെന്നുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് കള്ളം പറഞ്ഞതാണെന്ന് ജനങ്ങളോട് പറയണമെന്ന് ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽനിന്ന് യുകെയിലോ മലേഷ്യയിലോ പോകാനുള്ള അവസരം ഉണ്ടാക്കാമെന്നും സ്വപ്ന ജീവിച്ചിരിക്കുന്നതായി ആരും അറിയരുതെന്നും പറഞ്ഞു.