- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തപാൽ മാർഗം അയച്ച വികാസ് പത്ര നഷ്ടമായി; അസ്സൽ സർട്ടിഫിക്കേറ്റ് ഇല്ലാതെ പണം നൽകാമെന്ന് തപാൽ വകുപ്പിന്റെ വാഗ്ദാനം; ഒടുവിൽ തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത് വിചിത്രമായ വിശദീകരണം; ഓഫീസിൽ വെച്ച് രേഖകൾ 'ചിതൽ' തിന്നത് ആരുടെ പ്രശ്നം ?
തിരുവനന്തപുരം: വിദേശത്ത് നിന്നും അയച്ച രേഖകൾ നഷ്ടമായെന്ന പരാതിയിൽ പുറത്ത് വരുന്നത് തപാൽ വകുപ്പിന്റെ ഗുരുതര വീഴ്ച. തിരുവനന്തപുരം സ്വദേശിയായ മേരി ഐസക്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 20000 രൂപയുടെ വികാസ് പത്രമാണ് തപാൽ വകുപ്പിന്റെ അനാസ്ഥയിൽ നഷ്ടമായതെന്നാണ് ആരോപണം. വികാസ് പത്രം മുഖേന ലഭിക്കാനുള്ള തുകയുടെ ആവശ്യവുമായി വർഷങ്ങളോളം തപാൽ ഓഫിസിൽ പരാതിക്കാരി കയറിയിറങ്ങിയതായാണ് ആരോപണം. ആദ്യമൊക്കെ വികാസ് പത്രത്തിന്റ തുക നൽകാമെന്നായിരുന്നു തപാൽ വകുപ്പ് അധികാരികൾ പരാതിക്കാരിയോട് പറഞ്ഞിരുന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം രേഖകൾ ചിതലരിച്ച് നഷ്ടമായെന്ന വിചിത്രമായ വിശദീകരണമാണ് തപാൽ വകുപ്പ് നല്കിയിരിക്കുന്നത്.
5000 രൂപയുടെ നാല് വികാസ് പത്രങ്ങളായിരുന്നു പരാതിക്കാരിയുടെ പക്കലുണ്ടായിരുന്നത്. 2000ൽ തുകയുടെ കാലാവധി അവസാനിച്ചിരുന്നു. ഈ സമയം പരാതിക്കാരി വിദേശത്തായിരുന്നതിനാൽ പണം കൈപ്പറ്റാൻ സാധിച്ചിരുന്നില്ല. തുടർന്ന് വികാസ് പത്രത്തിന്റെ രേഖകൾ വിദേശത്ത് നിന്നും തപാൽ മാർഗ്ഗം പിതാവ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ വിലാസത്തിൽ അയച്ചിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പരാതിക്കാരിയുടെ പിതാവിന് കാശ് നല്കണമെന്ന് പോസ്റ്റ് മാസ്റ്റർക്ക് അപേക്ഷയും സമർപ്പിച്ചു. എന്നാൽ ഇത് തിരുവന്തപുരത്തെ വിലാസത്തിൽ ലഭിച്ചിരുന്നില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
ഇതുമായി ബന്ധപ്പെട്ടും പല തവണ പരാതി നൽകിയിട്ടും ഉചിതമായ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഈ രേഖകൾ കൊച്ചിയിൽ എത്തിയതായുള്ള വിവരം അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പരാതിക്കാരി പറയുന്നു. ഈ രേഖകൾ ബന്ധപ്പെട്ട തപാൽ ഓഫിസിൽ എത്തിയാൽ മാത്രമേ പരാതിക്കാരിക്ക് ലഭിക്കേണ്ട തുക കൈപ്പറ്റാൻ കഴിയുമായിരുന്നുള്ളൂ. ബന്ധപ്പെട്ട രേഖകൾ എത്താതായതോടെ അധികാരികളും കൈമലർത്തി. നഷ്ടമായ അസ്സൽ രേഖകളുടെ പകർപ്പ് പരാതിക്കാരിയുടെ പക്കലുണ്ടായിരുന്നു. പണം കൈപ്പറ്റാൻ ഈ രേഖകൾ മതിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ അസ്സൽ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ പണം നൽകാൻ കഴിയില്ലെന്ന് അധികാരികളിൽ വ്യക്തമാക്കുന്നത് വർഷങ്ങൾക്ക് ശേഷമാണെന്നാണ് പരാതിക്കാരി പറയുന്നത്.
അതേസമയം മുൻപ് പല തവണയും നാട്ടിലുള്ള വിലാസത്തിൽ അയച്ച കത്തുകൾ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തപാൽ വകുപ്പിന്റെ അനാസ്ഥ കാരണമാണ് രേഖകൾ നഷ്ടമായതെന്നാണ് ആരോപണം. ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തി സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതായാണെന്നും മേരി ഐസക് പറയുന്നത്. 6 മാസത്തിനകം മറ്റ് അവകാശികൾ വന്നില്ലെങ്കിൽ തുക ലഭിക്കുമെന്നായിരുന്നു അധികാരികളിൽ നിന്നും പരാതിക്കാരിക്ക് മനസ്സിലാക്കാൻ സാധിച്ചത്. 1 വർഷത്തിൽ കാശ് ലഭിക്കുമെന്നായിരുന്നു ആദ്യം തപാൽ വകുപ്പിൽ നിന്നും ലഭിച്ച മറുപടി. പണം ലഭിക്കുന്നതിനായി ഒരു ബോണ്ട് വേണമെന്നും നിർദ്ദേശം ലഭിച്ചിരുന്നു.
എന്നാൽ ഓരോ തവണ കാശിന്റെ ആവശ്യവുമായെത്തുമ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ ഒഴിഞ്ഞു മാറുകയായിരുന്നു എന്നാണ് പരാതിക്കാരി പറയുന്നത്. 17 വർഷമായി കാശിന്റെ ആവശ്യവുമായി ഓഫീസുകൾ കയറിയിറങ്ങുകയാണിവർ. അവസാനം വേണ്ടപ്പെട്ട രേഖകൾ ഓഫീസിൽ സൂക്ഷിച്ചിരിക്കവെ ചിതൽ തിന്നുവെന്ന വിചിത്ര വാദമാണ് അധികാരികൾ നൽകിയത്. എന്നാൽ പോസ്റ്റൽ വകുപ്പുമായി നിരന്തരം പരാതിക്കാരി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. അപ്പോഴൊന്നും ഇതിനെ പറ്റി പോസ്റ്റൽ വകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. തുക ലഭിക്കുമെന്നായിരുന്നു 2015 വരെ അധികാരികൾ പറഞ്ഞിരുന്നത്.
എന്നാൽ വർഷങ്ങളോളം തുകയുടെ ആവശ്യവുമായി ഓഫീസുകൾ കയറിയിറങ്ങിയ ശേഷം ഇത്തരം ഒരു മറുപടി ലഭിച്ചതിൽ വലിയ നിരാശയാണ് ഉണ്ടായതെന്നാണ് പരാതിക്കാരി പറയുന്നത്. മുൻപും തപാൽ വകുപ്പിനെതിരെ സമാനമായ പരാതി ഉയർന്നിരുന്നു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ നടത്തിയ നിയമ പോരാട്ടം വലിയ വാർത്തയായി. 5 വർഷമാണ് വയോധികൻ നീതിക്കായി പോരാടിയത്. സേലത്ത് നിന്നും പാട്ടിയാലയിലേക്ക് അയച്ച തപാൽ നഷ്ടമായതോടെയാണ് വയോധികൻ കോടതിയെ സമീപിക്കുന്നത്. കേസിൽ വയോധികന് അനുകൂലമായ വിധിയും കോടതി പുറപ്പെടുവിച്ചിരുന്നു. 2500 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകാനാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്.