- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ചാരക്കപ്പലിനെ സിഗ്നൽ മതിലിൽ തളർത്തിയ സാങ്കേതിക കരുത്ത്; ഇനി യുദ്ധമുണ്ടായാൽ പോർമുനയിൽ എതിരാളിയെ തളർത്താൻ 'കൊച്ചിയുടെ' സ്വന്തം വിക്രാന്തും; ചെറു നഗരത്തിന് വേണ്ടതിലും കൂടുതൽ സൗകര്യമുള്ള 14 നിലകളിലെ കപ്പൽ വിസ്മയം; അശുപത്രിയും ക്യാന്റീനുമെല്ലാം പഞ്ചനക്ഷത്രം; ഇനി കടലിൽ ഇന്ത്യ അജയ്യർ
കൊച്ചി: ഇനി ഒരു യുദ്ധമുണ്ടായാൽ, പോർമുനയിൽ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലാകാൻ പോകുന്ന കപ്പൽ. ഏതു നിർണായക ഘട്ടത്തിലും കടലിനു നടുവിൽ എല്ലാ സംവിധാനങ്ങളുമുള്ള കൊച്ചു നഗരമായിരിക്കും ഐഎൻഎസ് വിക്രാന്ത്. യുദ്ധനിരയുടെ മധ്യഭാഗത്തു മറ്റു പടക്കപ്പലുകൾക്കും സൈനികർക്കും വിമാനങ്ങൾക്കും വേണ്ട എല്ലാ സംവിധാനങ്ങളും നൽകി വിക്രാന്തുണ്ടാകും. ഒരു ചെറുനഗരത്തിനു വേണ്ടതിലും ഏറെ സംവിധാനങ്ങളുമുള്ള, 14 നില വരുന്ന ഒരു കൂറ്റൻ കെട്ടിട സമുച്ചയം എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ വിമാനവാഹിനി പടക്കപ്പൽ
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി നാവികക്കപ്പൽ വിക്രാന്ത് രാജ്യത്തിനും കൊച്ചിക്കും ഒരു പോലെ അഭിമാനം. ചൈനീസ് ചാരക്കപ്പിലനെ സിഗ്നൽ മല തീർത്ത് തളർത്തിയ സാങ്കേതിക കരുത്തിന്റെ മറ്റൊരു അസുലഭ നേട്ടം. വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുമ്പോൾ നാവിക യുദ്ധമുഖത്ത് ഇന്ത്യ പകരം വയ്ക്കാത്ത ശക്തിയാകും. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചി കപ്പൽ നിർമ്മാണകേന്ദ്രത്തിൽ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിലായിരിക്കും ചടങ്ങ്. നാലാംഘട്ട സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ജൂലായ് 28-ന് വിക്രാന്തിനെ നാവികസേനയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്ന് വിരമിച്ച ജീവനക്കാർ, പ്രതിരോധസേനാ ഉദ്യോഗസ്ഥർ, ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ, കേരളസംസ്ഥാന സർക്കാർ പ്രതിനിധികൾ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങി 1500-2000 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
കരുത്തുറ്റ ഇന്ത്യൻ നാവികസേനയ്ക്ക് വിക്രാന്ത് വലിയ മുതൽക്കൂട്ടായിരിക്കും. 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായകപങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിനോടുള്ള ആദരസൂചകമായാണ് പുതിയ കപ്പലിന് വിക്രാന്ത് എന്ന് നാമകരണം ചെയ്തത്. കരുത്തുറ്റത് എന്നാണ് വിക്രാന്ത് എന്ന സംസ്‌കൃതപദത്തിനർഥം. തദ്ദേശീയമായി നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ കപ്പൽ കൂടിയാണ് വിക്രാന്ത്. നാവികസേനയുടെ ആഭ്യന്തരവിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി)യാണ് കപ്പൽ രൂപകൽപന ചെയ്തത്.
കപ്പൽ സൈന്യത്തിന്റെ ഭാഗമാകുമ്പോൾ അതിന്റെ നിർമ്മാണത്തിനു ചുക്കാൻ പിടിച്ച കൊച്ചിൻ ഷിപ്പ്യാർഡിനും നാവിക സേനയ്ക്കുമൊപ്പം മുഴുവൻ മലയാളികളും അഭിമാനത്തിന്റെ നെറുകയിലാകുമെന്നു നിസംശയം പറയാം. തദ്ദേശീയമായി വിമാന വാഹിനി രൂപകൽപന ചെയ്തു നിർമ്മിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടമാണ് നമ്മൾ കൈവരിക്കുന്നത്. വിമാനവാഹിനി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കെത്തുകയാണ് കൊച്ചിൻ ഷിപ്പ് യാർഡ്.
യുദ്ധമുണ്ടായാൽ കാഴ്ചകളുടെ വിശാലലോകമായ ബിഡ്ജിൽ നിന്നു ക്യാപ്റ്റൻ അരണ്ട നീല വെളിച്ചമുള്ള ഓപ്സ് റൂമിലെത്തും. കപ്പലിലെ ഏറ്റവും സുരക്ഷിതമായ ഇടം. ക്യാപ്റ്റന്റെ ചുറ്റുമുള്ള സ്‌ക്രീനുകളിലൂടെ കപ്പലിലെ മുഴുവൻ വിവരങ്ങളും കാഴ്ചകളും റഡാർ സന്ദേശങ്ങളുമെത്തും. ഇതു വിലയിരുത്തിയാണ് പിന്നെ നിർദേശങ്ങൾ നൽകുക. എസ് സിസി അഥവാ ഷിപ്സ് കൺട്രോൾ സെന്ററാണു കപ്പലിന്റെ തലച്ചോർ. കപ്പലുകളെ കടലിലൂടെ സുഗമമായി മുന്നോട്ടു നയിക്കുന്നത് ഫോർവേഡ് ത്രോട്ടിൽ കൺട്രോൾ റൂം എന്നും അറിയപ്പെടുന്ന ഭാഗമാണ്. കപ്പലിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന യന്ത്രങ്ങളുടെയെല്ലാം പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും എസ് സിസിയിൽ നിന്നായിരിക്കും.
യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നുയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന ഫ്‌ളെറ്റ് ഡെക്ക് . ടേക്ക് ഓഫ് വേളയിൽ 14 ഡിഗ്രിയിൽ സ്‌കീ ജംപിനുതകുന്ന നീണ്ടു വളഞ്ഞ മൂക്കുകാരണം പറന്നുയരാൻ വിമാനങ്ങൾക്ക് ആവശ്യമായ വായുമർദം വളരെ പെട്ടെന്നു ലഭിക്കും. മൂന്ന് റൺവേയുണ്ട്. ഹാങ്ങർ എന്ന വിമാനങ്ങളുടെ വർക് ഷോപ്പും കപ്പലിൽ. ദിവസത്തിന്റെ 20 മണിക്കൂറും പ്രവർത്തനനിരതമായ കുക്ക് ഹൗസും. ചെറിയൊരു സൂപ്പർ സ്പെഷൽറ്റി ആശുപത്രി തന്നെയുണ്ടു വിക്രാന്തിൽ. സിടി സ്‌കാൻ സൗകര്യമുള്ള, രാജ്യത്തിന്റെ ആദ്യ നാവികക്കപ്പലാണു വിക്രാന്ത്.
2,300-ലധികം കംപാർട്മെന്റുകൾ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാനാകും. വനിതാ ഉദ്യോഗസ്ഥർക്കായി പ്രത്യേക കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. 262 മീറ്റർ നീളവും 62 മീറ്റർ വിസ്താരവും വിക്രാന്തിനുണ്ട്. രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള വിക്രാന്ത് പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്ടറുകളുമടക്കം മുപ്പതോളം വിമാനങ്ങളെ വഹിക്കാൻ ശേഷിയുണ്ടാകും. 2023 മധ്യത്തോടെ ഫ്ളൈറ്റ് ട്രയലുകൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
28 നോട്ടിക്കൽമൈൽ വേഗതയിൽ വിക്രാന്തിന് സഞ്ചരിക്കാനാകും. 18 നോട്ടിക്കൽ മൈൽ വേഗതയിൽ 7,500 മൈൽ ദൂരം സഞ്ചരിക്കാനുമാകും. കൊച്ചി നഗരത്തെ പൂർണമായും പ്രകാശസജ്ജമാക്കാനുതകുന്ന വിധത്തിലുള്ള എട്ട് പവർ ജനറേറ്ററുകളാണ് വിക്രാന്തിലുള്ളത്. മുങ്ങിക്കപ്പലുകളെ തിരിച്ചറിയുന്നതിനും അതിനനുസൃതമായി അതിവേഗം ഗതി മാറ്റുന്നതിനും വിക്രാന്തിന് സാധിക്കും. കപ്പലിലെ സെൻസറുകൾ, റഡാറുകൾ, ദിശാനിർണയ ഉപകരണങ്ങൾ എന്നിവയൊക്കെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നു. 2009-ലാണ് വിക്രാന്തിന്റെ നിർമ്മാണം ആരംഭിച്ചത്.
മറുനാടന് മലയാളി ബ്യൂറോ