- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്തെ പുകച്ചുരുകൾ ഭീതിയുയർത്തുന്നത് വിളപ്പിൻശാലയിലെ ജനങ്ങളുടെ നെഞ്ചിലും! വർഷങ്ങൾക്ക് മുൻപ് മണ്ണിൽ കുഴിച്ചിട്ട മാലിന്യം വരും കാലത്ത് തിരിച്ചടിയാകുമോയെന്ന് ആശങ്ക; സ്ഥലത്തെ പഴയ രീതിയിലാക്കണമെന്ന കോടതി ഉത്തരവും രേഖകളിലൊതുങ്ങി; ബ്രഹ്മപുരത്ത് നിന്ന് വിളപ്പിൻശാലയിലേക്ക് ദൂരം കുറയുമ്പോൾ
തിരുവനന്തപുരം: ബ്രഹ്മപുരത്ത് നിന്ന് ഇങ്ങ് തിരുവനന്തപുരത്തെ വിളപ്പിൻ ശാലയിലേക്ക് അധികം ദൂരമില്ല..എല്ലാവരും ഇന്ന് വിരൽ ചൂണ്ടുന്നത് വിളപ്പിൽ ശാലയിലെ ശാന്തതയിലേക്കാണ്.വിവാദങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ എല്ലാം കെട്ടടങ്ങി എന്ന് കരുതുമ്പോഴും വിളപ്പിൽ ശാലയിലെ മണ്ണിനടിയിൽ ഇപ്പോഴും ഭീതി ഒളിച്ചിരിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ ഒരുകാലത്ത് മാലിന്യം തള്ളുന്ന കേമന്ദ്രമായിരുന്നു വിളപ്പിൽശാല.ഇതിനെച്ചൊല്ലി ഇവിടെ വിവാദവും സമരങ്ങളും കെട്ടടങ്ങിയെങ്കിലും ഭുമിക്കടിയിൽ കുഴിച്ചിട്ട മാലിന്യം ഇനിയും പുറത്തെടുത്തിട്ടില്ല.
കൊച്ചിയിലെ ബ്രഹ്മപുരത്തെ അവസ്ഥയും ഒന്ന് തന്നെയാണ്.ഈ രണ്ട് പ്രദേശങ്ങളെക്കുറിച്ചും പൊതുവായൊന്ന് പരിശോധിച്ചാൽ ഈ വസ്തു എത്രയോ ശരിയാണെന്ന് നമുക്ക് വ്യക്തമാകും.110 ഏക്കർ വരുന്ന ഒരു പ്രദേശം. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള വിളപ്പിൽ ഗ്രാമം പോലെ കൊച്ചി നഗരത്തിന് പുറത്ത് വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിൽപ്പെടുന്നതാണ് ബ്രഹ്മപുരം. കൊച്ചി കോർപ്പറേഷന് പുറമേ തൃക്കാക്കര, തൃപ്പുണിത്തുറ, ആലുവ, അങ്കമാലി, കളമശ്ശേരി, ചേരാനെല്ലൂർ, കുമ്പളങ്ങി തുടങ്ങിയ പരിസരത്തെ തദ്ദേശസ്ഥാനങ്ങളും അവിടേക്ക് ചവർ നീട്ടിയെറിയുന്നു.
വിളപ്പിൽശാലയിലെ പോലെ ബ്രഹ്മപുരത്തെ നാട്ടുകാരോട് യാതൊരു ഉത്തരവാദിത്വവും മാലിന്യമിടുന്ന എറണാകുളത്തെ തദ്ദേശസ്ഥാപനങ്ങൾക്കില്ല.നിസ്സാര കൂലിക്ക് പണിയെടുക്കുന്ന കുടുംബശ്രീക്കാരും ഹരിതകർമ്മ സേനയുമൊക്കെയാണ് വീടുകളിൽ നിന്ന് ചവർ ശേഖരിക്കുന്നത്.നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്തിനും ഇതൊരു കറവ പശുവാണ്. വൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നടത്തുന്ന പകൽ കൊള്ളയിൽ മാറി മാറി ഭരിക്കുന്ന ഇരു മുന്നണിക്കാർക്കും തുല്യ പങ്കാണ്.വീടുകളിൽ നിന്ന് തരം തിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. എന്നാൽ ഇങ്ങനെ രണ്ടായി തിരിക്കുന്ന മാലിന്യം ഒന്നായി ബ്രഹ്മപുരത്ത് തന്നെ എത്തിചേരുന്നു. ഭക്ഷണ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതെ അവിടെ കിടന്ന് അഴുകി സർവ്വവിധ രോഗങ്ങളും പരത്തുകയും ചെയ്യുന്നു.
കൊച്ചി കോർപ്പറേഷന്റെ മാലിന്യനിക്ഷേപ കേന്ദ്രം ബ്രഹ്മപുരമാണെങ്കിൽ 2011 വരെ തിരുവനന്തപുരം കോർപ്പറേഷൻ മാലിന്യം തള്ളിയിരുന്നത് വിളപ്പിൽ ശാലയിലായിരുന്നു. ജൈവ മാലിന്യ സംസ്‌ക്കരണത്തിന് ആധുനിക യന്ത്രങ്ങൾ വരെ സ്ഥാപിച്ചിരുന്നെങ്കിലും അവയൊന്നും ഉപയോഗപ്പെടുത്താതെ അവയെ നോക്കുകുത്തിയാക്കി പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും ഒരുമിച്ചാണ് പ്രദേശത്ത് തള്ളിയിരുന്നത്.കോടതി നിർദ്ദേശിച്ച ഉദ്യോഗസ്ഥരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും പരിശോധന തുടരെ തുടരെ ഉണ്ടായപ്പോൾ കുന്നുകൂട്ടിയിട്ടിരുന്ന മാലിന്യം കോർപ്പറേഷൻ അവിടെ തന്നെ കുഴിച്ചിട്ടു.അങ്ങിനെ മണ്ണിനടിയിലുള്ള മാലിന്യങ്ങളാണ് ഇപ്പോഴത്തെ ഭീഷണി.
ആ മാലിന്യം പൂർണ്ണമായും നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന ചെന്നൈ ഹരിത ട്രിബ്യൂണൽ കോടതി പിന്നാലെ ഉത്തരവിട്ടിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ല.പ്രവർത്തനം നിലച്ച മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ ടൗൺ ടിപ്പ് സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോർപ്പറേഷൻ.ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേയർ ആയിരുന്നപ്പോഴാണ് തിരുവനന്തപുരത്തെ വിളപ്പിൽശാല ഗ്രാമത്തിൽ, നഗരസഭാ ക്വാർട്ടേഴ്സ് പണിയാനെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് മാലിന്യ ഫാക്ടറി തുടങ്ങിയത്. എതിർത്തവരെ കായികമായിത്തന്നെ നേരിട്ടു.വിളപ്പിൽശാലയിലെ ജനങ്ങൾ പൊറുതി മുട്ടി നടത്തിയ സമരത്തെ നീചമായി അടിച്ചമർത്തി.
വിളപ്പിൽശാലയിൽ മാത്രമല്ല പരിസരത്തെങ്ങും ജനങ്ങൾ നിത്യരോഗികളായപ്പോൾ നഗരത്തിലിരുന്ന് രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വവും കരാറുകാരും വൻ നേട്ടമുണ്ടാക്കി.ഒടുവിൽ വിളപ്പിൽശാലക്കാർ വൻ ഉപരോധം തീർത്ത് മാലിന്യം കയറ്റാതാക്കി.തിരുവനന്തപുരം നഗരസഭ വൻ തുക മുടക്കി വ്യവഹാരം നടത്തിയത് ഇതിലെ ലാഭത്തിൽ മാത്രം കണ്ണ് വച്ചായിരുന്നു.എന്തു വിലകൊടുത്തും ചവർശാല നടത്തിയത് തന്നെ അഴിമതിക്ക് വേണ്ടിയായിരുന്നു. ആദ്യം പോബ്സൺ എന്ന പാറ ക്വാറി കമ്പനി വഴിയും പിന്നീട് നഗരസഭ തന്നെ നേരിട്ടും ഇതിനായി കോടികൾ കുഴിച്ചിട്ടു കൊണ്ടേയിരുന്നു.
ഇതിന് പുറമെ വിളപ്പിൽശാല പ്ലാന്റ് പ്രവർത്തിച്ചിരുന്നപ്പോൾ ഓടിയ നൂറുകണക്കിന് ലോറികൾ പതിവായി ഇന്ധനം നിറച്ചിരുന്ന പമ്പിൽ വൻ വെട്ടിപ്പാണ് നടത്തിയിരുന്നത്. ഇതിന്റെ വിഹിതം വികേന്ദ്രീകരണ അഴിമതിയായി എല്ലാ തലത്തിലും പങ്കിട്ടിരുന്നു.തലസ്ഥാന നഗരസഭയിലെയും സംസ്ഥാനത്തെയും ഭരണം ഇടതുപക്ഷത്തായിരുന്നതിനാൽ എല്ലാ ഇടപാടുകളും സുഗമമായി നടന്നു.2000 -ൽ വിളപ്പിൽശാലയിൽ പ്ലാന്റ് തുടങ്ങി 2012 -ൽ അയ്യായിരത്തോളം വരുന്ന സമരക്കാർ ചെറുത്ത് നിൽപ്പിലൂടെ സംസ്‌കരണശാലയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത് വരെ 70 കോടിയാണ് തിരുവനന്തപുരം നഗരസഭ അവിടെ ചെലവഴിച്ചത്.
എന്നിട്ടും അവിടെ മാലിന്യം കൂട്ടിയിടുകയല്ലാതെ യാതൊരുവിധത്തിലുള്ള ശാസ്ത്രീയമാ സംസ്‌കരണവും നടന്നിരുന്നില്ല. കോടികൾ മുടക്കി എത്തിച്ച യന്ത്രങ്ങൾ അഴിമതിയുടെ നിത്യസ്മാരകങ്ങളായി.അവിടത്തെ ജലസ്രോതസ്സുകൾ മലിനമാക്കുകയും അന്നാട്ടുകാർക്ക് വ്യാപക രോഗങ്ങൾ പകർന്ന് നൽകുകയും മാത്രമാണ് ഉണ്ടായത്.ഒരുതരത്തിലും അവിടെ ജീവിക്കാനാകാത്ത അവസ്ഥയായിരുന്നു അന്നെന്ന് അക്കാലത്ത് അവിടെ താമസിച്ചിരുന്നവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സംസ്‌കരണത്തിനായി കേന്ദ്ര സർക്കാറിൽ നിന്ന് കിട്ടിയ 24 കോടി രൂപയിൽ 11 കോടിയേ തിരുവനന്തപുരം നഗരസഭയ്ക്ക് ചെലവഴിക്കാനായുള്ളൂ. അപ്പോഴത്തേക്കും പ്ലാന്റ് അടച്ചു പൂട്ടി.എന്നിട്ടും വീണ്ടും മറ്റൊരു 12 കോടിയുടെ പദ്ധതി നഗരസഭ ഉണ്ടാക്കി.അഴിമതിക്ക് അവസരം നഷ്ടപ്പെട്ട നഗരസഭാ അധികൃതരാകട്ടെ സുപ്രീം കോടതി വരെ പയറ്റിയെങ്കിലും പരാജയപ്പെട്ടു.സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.
സമരം ശക്തമായപ്പോഴും ചവർ നീക്കം എന്തു വിലകൊടുത്തും തുടരാൻ നഗരസഭ ശ്രമിച്ചു. പല ജില്ലകളിൽ നിന്നായി സമരക്കാർക്കെതിരെ വൻ പൊലീസ് സന്നാഹം ഒരുക്കി. എന്നാൽ, പൊലീസ് അവർക്ക് നേരെ വെടിവയ്ക്കില്ലെന്ന് ഉമ്മൻ ചാണ്ടി സമരക്കാർക്ക് വാക്ക് കൊടുത്തു.ഇതോടെയാണ് വിളപ്പിൻ ശാല പതിയെ പതിയെ ഇന്നുകാണുന്ന ശാന്തതയിലേക്കെത്തിയത്.പക്ഷെ ആ ശാന്ത എത്രനാൾ ഇങ്ങനെ തുടരുമെന്ന ചോദ്യമാണ് ബ്രഹ്മപുരത്ത് ഉയരുന്ന പുകച്ചുരുളുകൾ ഒരോ തിരുവനന്തപുരത്തുകാരന്റെ മനസ്സിലും ഉണ്ടാക്കുന്നത്.