- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അവൻ തട്ടിയിട്ടുണ്ടല്ലോ' നോക്കാമെന്ന് ഒഴുക്കൻ മട്ടിൽ പോലീസ്; ആത്മഹത്യയ്ക്ക് പിന്നിൽ വീഡിയോ പ്രചരിച്ചതിലുണ്ടായ അപമാനമെന്ന് വിശ്വാസമില്ല; വാർഡ് മെമ്പറായ യുവതിയുടെ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം; ദീപക്കിന്റെ മരണത്തിൽ നാട് ഒന്നടങ്കം പ്രതിഷേധത്തിൽ

കോഴിക്കോട്: ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി പങ്കുവെച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് (32) ജീവനൊടുക്കിയ സംഭവത്തില്‍ നാട് ഒന്നടങ്കം പ്രതിഷേധത്തിലാണ്. റീച്ചിന് വേണ്ടി ദീപക്കിനെ മോശക്കാരനായി ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ച മലപ്പുറം സ്വദേശിയായ യുവതിക്കെതിരെയും പോലീസിന്റെ അനാസ്ഥയ്ക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. വാർഡ് മെമ്പറായ യുവതിയുടെ സ്വാധീനത്തിൽ കേസ് ഒതുക്കി തീർക്കാൻ നോക്കുന്നതായും ആരോപണമുണ്ട്.
യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചത്. വീഡിയോ പ്രചരിച്ചതിനെ പിന്നാലെ യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. തന്നോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് യുവതി വീഡിയോ ഇട്ടത്. എന്നാൽ ദീപക് അത്തരമൊരു സ്വഭാവക്കാരനല്ലെന്നും അങ്ങേയറ്റം സാധുവായ മനുഷ്യനാണെന്നും നാട്ടുകാരും അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.
വീഡിയോ പങ്കുവെച്ച യുവതി അരീക്കോട് പഞ്ചായത്തിലെ യുഡിഎഫ് വാർഡ് മെമ്പറാണെന്നും തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ ശ്രമിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. യുവതിയുടെ പേരോ വീഡിയോയോ പരാമർശിക്കാൻ പോലും പോലീസ് തയ്യാറാകുന്നില്ല. ദീപക്കിന്റെ മരണത്തിന് പിന്നിൽ ഈ വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനിലെത്തിയ നാട്ടുകാരോട് പോലീസ് അങ്ങേയറ്റം നിരുത്തരവാദപരമായാണ് പെരുമറിയത്.
"അവൻ തട്ടിയിട്ടുണ്ടല്ലോ (അതായത് മോശമായി പെരുമാറിയിട്ടുണ്ടല്ലോ)" എന്ന് മരിച്ചു കിടക്കുന്ന ഒരാളെക്കുറിച്ച് പോലും സി.ഐ മോശമായി സംസാരിച്ചതായി അയൽവാസി മറുനാടനോട് പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിൽ വീഡിയോ വഴി ഉണ്ടായ അപമാനമാണെന്ന് പോലീസ് സമ്മതിക്കുന്നില്ല. നോക്കാം, ആലോചിക്കാം എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്നത്.പാവപ്പെട്ട ഒരു യുവാവിനെ റീച്ചിന് വേണ്ടി ആത്മഹത്യയിലേക്ക് തള്ളിയിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അവർ അറിയിച്ചു.
ഇന്ന് രാവിലെയാണ് ദീപക്കിനെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സങ്കടത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. യുവതി നടത്തിയത് വസ്തുതാവിരുദ്ധമായ പ്രചാരണമാണെന്നും ഒരു പ്രശ്‌നത്തിലും ഇടപെടാത്ത ആളായിരുന്നു ദീപക്കെന്നും ബന്ധുക്കള്‍ ആരോപിച്ചു. യുവതി വീഡിയോ സോഷ്യല്‍ മീഡിയ കണ്ടന്റിന് വേണ്ടി ഉപയോഗിച്ചതാണോ എന്ന് ദീപക്കിന്റെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ഏഴ് വര്‍ഷമായി ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദീപക്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് അത്തരത്തില്‍ മോശം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നയാളല്ലെന്നും കച്ചവട ആവശ്യാര്‍ഥമാണ് കണ്ണൂരിലേക്ക് പോയതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവജ്ഞതയോടെ തള്ളിക്കളയുകയാണുണ്ടായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.


