തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ കാതലുള്ള ധിക്കാരിയായാണ് സംവിധായകൻ വിനയനെ വിശേഷിപ്പിക്കുന്നത്. സിനിമയിലെ ചില ക്ലിക്കുകളുടെ കളിയിൽ

പെട്ട് വിനയനെ ഏറെക്കാലം പ്രമുഖർ സഹകരിപ്പിച്ചിരുന്നില്ല. അതിൽ സൂപ്പർതാരങ്ങളും ഉൾപ്പെടും. എന്നാൽ, തന്റേതായ ചെറുസിനിമകളിലൂടെ, തന്റേടത്തോടെ വിനയൻ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. ഒടുവിൽ നിയമപരമായി തന്നെ വിനയനുള്ള വിലക്ക് നീങ്ങുകയും എല്ലാവരും സഹകരണത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് 19 ാം നൂറ്റാണ്ട് എന്ന ഹിറ്റ് സിനിമ അദ്ദേഹം ചെയ്തത്. ഈ സിനിമ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കാതെ ഇരുന്നതിന് പിന്നിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ കുബുദ്ധിയാണെന്ന് വിനയൻ ആരോപിച്ചു.

ഫേസ്‌ബുക്കിലാണ് വിനയന്റെ വിമർശനം. രഞ്ജിത്തിനെ വിമർശിച്ച് കഴിഞ്ഞ ദിവസം ഒരു വേദിയിൽ വിനയൻ സംസാരിച്ചിരുന്നു. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വിനയന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അരുണിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് വിനയൻ കാര്യങ്ങൾ വിശദീകരിക്കുന്നത്.

വിനയന്റെ കുറിപ്പ്

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ ശ്രീ എൻ അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.. എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്. അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും 'പത്തൊൻപതാം നൂറ്റാണ്ട്' എന്നസിനിമ IFFK യിലെ ഡെലിഗേറ്റ്‌സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബൈലോ അനുവദിക്കുന്നില്ല എന്ന ചെയർമാന്റെ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്..

ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു: മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺമറഞ്ഞ നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്ന നിലയിലും കലാമൂല്യത്തിലും ടെക്‌നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു. പക്ഷേ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയെ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മിറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളൂ എന്നാണ് എന്റെ അറിവ്.

ശ്രീ രഞ്ജിത്തിന്റെ 'പലേരിമാണിക്യം' അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യൂട്ടായി കാണിച്ചതു പ്രശംസനീയം തന്നെ. അതുപോലെ തന്നെ ചരിത്രത്തിന്റെ ഏടുകൾ തമസ്‌കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു. പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപ്പുകഴ്‌ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്. വിനയനെ തമസ്‌കരിക്കാനും സിനിമ ചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു..