കൊച്ചി: മലയാള സിനിമയിൽ സംവിധായകൻ വിനയനെ വിലക്കിയ സംഭവത്തിൽ സിനിമ സംഘടനകളായ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും കോപറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയത് 7 വർഷം മുമ്പാണ്. മൂന്നു വർഷത്തിന് ശേഷം 2020 ൽ, സുപ്രീം കോടതി കോംപറ്റീഷൻ കമ്മീഷന്റെ വിധി ശരിവച്ച് വിനയന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോൾ, പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് ശേഷം താൻ ഒരുക്കുന്ന പ്രൊജക്ടുകൾക്കും ചുറ്റും പഴയ വിലക്കുകൾ ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് വിനയൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

'പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം വന്ന ചില പ്രോജക്ടുകൾക്കു ചുറ്റും പഴയ ഊരു വിലക്കിന്റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുണ്ടന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു. കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകർക്കു മുന്നിൽ തെളിവു സഹിതം വിചാരണക്ക് താമസിക്കാതെ എത്തിക്കും. അപ്പോൾ ശിക്ഷ പഴയ പെനാൽറ്റി ആയിരിക്കില്ല എന്നാണ് വിനയൻ കുറിപ്പിൽ പറയുന്നത്. തന്റെ അടുത്ത ചിത്രം 2025ൽ റിലീസ് ചെയ്യുമെന്നും. അതിന് ശേഷം അത്ഭുത ദ്വീപ് രണ്ടാം ഭാഗം ഒരുക്കുമെന്നും വിനയൻ വ്യക്തമാക്കി.

വിനയന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്ത്യൻ സിനിമയിലെ തന്നെ വിപ്‌ളവകരമായ ഒരു വിധി ഉന്നത നീതി പീഠമായ സുപ്രീം കോടതി യുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ചിട്ട് നാലുവർഷം ആകുകയാണ്. 2020 ലാണ് സിനിമയിൽ ഞാനെടുത്ത നിലപാടുകളെ ശരിവച്ചു കൊണ്ടുള്ള ആ സുപ്രധാന വിധി ഉണ്ടായത്. ജസ്റ്റീസ് നരിമാൻ, ജസ്റ്റീസ് നവീൻ സിൻഹ, ജസ്റ്റീസ് കെ എം ജോസഫ് എന്നിവരാണ് ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ വിധിക്കെതിരെ കൊടുത്ത അപ്പീൽ തള്ളിക്കൊണ്ട് ചരിത്ര പരമായ വിധി പ്രഖ്യാപിച്ചത്.

ഒരു പതിറ്റാണ്ടിൽ കൂടുതൽ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാൻ രഹസ്യ വിലക്കുമായി നടന്ന ശ്രീ ബി ഉണ്ണികൃഷ്ണനും, പരേതനായ ശ്രീ ഇന്നസെന്റും ഉൾപ്പടെ വിലക്കിനു ചുക്കാൻ പിടിച്ച നിരവധി പ്രമുഖ സിനിമാ പ്രവർത്തകരും അവരുടെ സംഘടനകളും ചേർന്ന് ലക്ഷക്കണക്കിനു രൂപ പെനാൽറ്റി അടക്കേണ്ടി വന്ന ശിക്ഷ ലോകസിനിമാ രംഗത്തു തന്നെ ആദ്യമാണന്നു തോന്നുന്നു.

കേരളത്തിലെ സിനിമാ മേധാവിത്വത്തിന്റെ ശക്തി മൂലം നമ്മുടെ മീഡിയകൾക്ക് നല്ല ലിമിറ്റേഷൻ ഉള്ളതു കൊണ്ട് ആ ചരിത്രപരമായ വിധി ഇവിടെ വേണ്ട രീതിയിൽ ചർച്ച ചെയ്തില്ലന്നതാണ് സത്യം. ഇന്നും നമ്മുടെ മീഡിയകളിൽ ബഹുമാന്യനായ നടൻ തിലകൻചേട്ടനെ രണ്ടു വർഷം സിനിമാസംഘടനകൾ വിലക്കിയതിനെപ്പറ്റി പറയുമ്പോഴും, പന്ത്രണ്ടു വർഷം ആ വിലക്കിനെ നേരിട്ടു കൊണ്ട് സുപ്രീം കോടതി വരെ പോയി ഫൈറ്റ് ചെയ്ത് ശിക്ഷ വാങ്ങിക്കൊടുത്ത് തിരിച്ച് ഇൻഡസ്ട്രിയിൽ വന്ന ഒരു ചലച്ചിത്രകാരന്റെ സ്ട്രഗിൾ പലരും ചർച്ചകളിൽ തമസ്്കരിക്കാൻ ശ്രമിക്കുന്നു എന്നെനിക്കു തോന്നിയിട്ടുണ്ട്.

ഞാനുമായുള്ള ബന്ധം തിലകൻ ചേട്ടന്റെ വിലക്കിനും, തിലകൻ ചേട്ടനുമായുള്ള ബന്ധം എന്റെ വിലക്കിനും പരസ്പരം കാരണമായിരുന്നു എന്നത് പലർക്കും അറിയാമെന്ന് തോന്നുന്നില്ല. തിലകൻ ചേട്ടന് അവസരം കൊടുക്കാതെ മാറ്റി നിർത്തിയതു കൂടി ചൂണ്ടിക്കാട്ടിയാണ് ഞാൻ കേസിനുപോയത്. 89 പേജുള്ള വിധിന്യായത്തിൽ അതു വിശദമായി പറയുന്നുമുണ്ട്.

തിലകൻ ചേട്ടൻ മരിച്ചു പോയതു കൊണ്ടായിരിക്കും പലപ്പോഴും മീഡിയകൾ അദ്ദേഹം നേരിട്ട വിലക്ക് ചർച്ച ചെയ്യുന്നത്. ചിലപ്പോൾ എന്റെ മരണ ശേഷം മലയാള സിനിമയിൽ ഒരു വ്യാഴ വട്ടക്കാലത്തോളം ഞാനനുഭവിച്ച ഊരു വിലക്കിനേപ്പറ്റി ചാനലുകളിൽ സ്റ്റോറികൾ വന്നേക്കാം.

2007 ൽ തുടങ്ങിയ വിലക്കിനെതിരെ വിധി വന്നശേഷം 2020ൽ മാത്രമാണ് മനസ്സിന് ഇഷ്ടം പോലെ ഒരു സിനിമ ഷുട്ടിങ് തുടങ്ങാൻ കഴിഞ്ഞത്. 2022 ൽ റിലീസ് ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട് ' എനിക്കു കിട്ടിയ ആ സ്വാതന്ത്യം പ്രേക്ഷകർക്ക് ബോധ്യപ്പെട്ട ഒരു സിനിമ ആയിരുന്നു എന്ന് ആ ചിത്രത്തെ പറ്റി നടന്ന നിരൂപണങ്ങളിൽ നിന്നും മനസ്സിലാകുന്നതാണ്.

അടുത്ത കാലത്തിറങ്ങിയ ചരിത്ര സിനിമകളേക്കാൾ ഒക്കെ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് എന്ന ഒരു ചർച്ച തുടങ്ങിയപ്പോൾ തന്നെ ആ ചർച്ചക്കു തടയിടാനാണ് ഇവിടുത്തെ ചില പ്രഗത്ഭ സിനിമാക്കാരും അവരുടെ കൂടെ ഉള്ളവരും ശ്രമിച്ചത്, ഞാനത് കാര്യമാക്കിയില്ല.. പക്ഷേ.. അതിനു ശേഷം വന്ന ചില പ്രോജക്ടുകൾക്കു ചുറ്റും പഴയ ഊരു വിലക്കിന്റെ കാണാപ്രേതങ്ങൾ കറങ്ങി നടക്കുന്നുണ്ടന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു.കൃത്യമായി ആ പ്രേതങ്ങളുടെ ചെവിക്കു പിടിച്ച് പ്രേക്ഷകർക്കു മുന്നിൽ തെളിവു സഹിതം വിചാരണക്ക് എത്തിക്കുന്നതായിരിക്കും.. താമസിയാതെ. അപ്പോൾ ശിക്ഷ പഴയ പെനാൽറ്റി ആയിരിക്കില്ല. മറ്റൊരു മികച്ച സിനിമയുമായി നിങ്ങൾക്കു മുന്നിൽ ഉടൻ തന്നെ എത്തും. റിലീസ് 2025 ലെ കാണൂ. അതിനു ശേഷമായിരിക്കും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം.

സിനിമാ പ്രവർത്തകർ സിനിമയിലൂടെ കഴിവു കാണിക്കുക.അല്ലാതെ രാഷ്ട്രീയക്കാർ ഇന്നു കാണിക്കുന്ന സ്വജന പക്ഷപാതം പോലെ പിൻ വാതിലിൽ നിന്നു കളിക്കാതിരിക്കുക.

കോംപറ്റീഷൻ കമ്മീഷന്റെ 2017 ലെ വിധി

താരസംഘടനയായ അമ്മയും നിർമ്മാതാക്കളുടെ സംഘടനയായ ഫെഫ്കയും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ട് യൂണിയൻ എന്നിവയ്‌ക്കെതിരെ സംവിധായകൻ വിനയൻ 2014 ഡിസംബറിൽ നൽകിയ പരാതിയിലാണ് 2017 ൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടി. താരങ്ങളെയും സാങ്കേതിക വിഗദ്ധരേയും വിലക്കിയതിലൂടെ തനിക്കുണ്ടായ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് കോംപറ്റീഷൻ കമ്മീഷന്റെ തീരുമാനം.

അമ്മയ്ക്ക് നാല് ലക്ഷത്തി 65 രൂപ, ഫെഫെകയ്ക്ക് 85,594, ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന് 3,86,354 രൂപ, ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയന് 56,661 രൂപ എന്നിങ്ങനെയാണ് പിഴ ത്തുക. വരുമാനത്തിന്റെ അഞ്ച് ശതമാനം എന്ന നിരക്കിലാണ് പിഴ. സംഘടനാ ഭാരവാഹികളായ ( അന്നത്തെ പ്രസിഡന്റ്) ഇന്നസെന്റിന് 51,478 രൂപ, ഇടവേള ബാബുവിന് 19,113, സിബി മലയിൽ 66,356ഉം, ബി ഉണ്ണികൃഷ്ണന് 32,0026ഉം കെ മോഹനൻ 27,737 രൂപയും പിഴയൊടുക്കണം എന്നായിരുന്നു വിധി.

കോംപറ്റീഷൻ കമ്മീഷനെ സമീപിച്ച സിനിമ സംഘടനകൾ ഹോക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നാല് ഹർജികളും തള്ളിയ കോടതി വിഷയം കോംപറ്റീഷൻ കമ്മീഷന് വിടുകയായിരുന്നു. മൂന്ന് തവണ കേരളത്തിലെത്തി സിനിമസംഘടനകളുമായും വിനയനുമായും നടത്തിയ തെളിവെടുപ്പിന് ശേഷമാണ് പിഴയടക്കാനുള്ള കോംപറ്റീഷൻ ഡയറക്ടർ ജനറലിന്റെ ഉത്തരവ് വന്നത്. ഇതിനെതിരെ അപ്പീൽ പോയെങ്കിലും സുപ്രീം കോടതി വിധി ശരിവയ്ക്കുകയായിരുന്നു.