കൊച്ചി: സിനിമ സെറ്റില്‍ വച്ച് നടന്‍ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തില്‍ എടുക്കാന്‍ എക്‌സൈസ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് വിന്‍സി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താന്‍ അറിഞ്ഞിട്ടുള്ള ആളുകള്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താന്‍ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും വിന്‍സി പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിന്‍സിയുടെ മൊഴിയെടുക്കാനാണ് എക്‌സൈസ് തീരുമാനം. നടന്റെ പേര് പറഞ്ഞാല്‍ നടനെതിരെ കേസുമെടുക്കും.

2018ല്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത നായികാ നായകന്‍ എന്ന ടാലന്റ്-ഹണ്ട് ഷോയിലെ റണ്ണറപ്പായിരുന്നു വിന്‍സി. ഷോയുടെ വിജയത്തെ തുടര്‍ന്ന് മഞ്ജു വാര്യര്‍ക്കൊപ്പം ഗര്‍ഭിണിയായി ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. മഴവില്‍ മനോരമയില്‍ ഡി5 ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോ അവതരിപ്പിച്ചു. 2019 ല്‍ വികൃതി എന്ന സിനിമയിലെ പ്രധാനപ്പെട്ട വേഷത്തിന് വഴിയൊരുക്കി. സൗബിന്‍ താഹിറിന്റെ നായിക വേഷം വിന്‍സിക്ക് നിരൂപകപ്രശംസ നേടിക്കൊടുത്തു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത 2021ലെ ആക്ഷേപഹാസ്യ ചിത്രമായ കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയായി വിന്‍സി അഭിനയിച്ചു. അവളുടെ പ്രകടനത്തിന് പൊതുവെ നല്ല പ്രതികരണം കിട്ടി. മൂന്നാമത്തെ സിനിമ ഭീമന്റെ വഴി ആയിരുന്നു, അതില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഭീമനുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ബ്ലെസിയായി അഭിനയിച്ചു. 2021ല്‍ കരിക്ക് മിനി-സീരീസ് കലക്കാച്ചിയില്‍ വിന്‍സി പ്രത്യക്ഷപ്പെട്ടു. 2022ലെ എമിലി എന്ന വെബ് സീരീസിലും വിന്‍സി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. ജനഗണമനയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലഹരിയ്‌ക്കെതിരെ പ്രതികരിച്ചത്.

'എന്റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി വന്നപ്പോള്‍ അതിന്റെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോഴാണ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകള്‍ക്കുള്ളതെന്ന് കമന്റുകള്‍ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാല്‍ ആളുകള്‍ക്ക് പല കഥകള്‍ ഉണ്ടാക്കേണ്ടതില്ലല്ലോ?ഞാന്‍ ഒരു സിനിമയുടെ ഭാഗമായപ്പോള്‍ ആ സിനിമയിലെ പ്രധാന താരത്തില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാള്‍ ലഹരി ഉപയോഗിച്ച് മോശമായ രീതിയില്‍ പറഞ്ഞാലും മനസിലാവാത്ത രീതിയില്‍ എന്നോടും സഹപ്രവര്‍ത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്പോള്‍, എന്റെ വസ്ത്രത്തില്‍ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ അത് ശരിയാക്കാന്‍ പോയപ്പോള്‍ ഞാനും വരാം, ഞാന്‍ വേണമെങ്കില്‍ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി-ഇതാണ് വിന്‍സിയുടെ പ്രതികരണം.

എല്ലാവരുടെയും മുന്നില്‍വച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.വേറൊരു സംഭവം കൂടി പറയുകയാണെങ്കില്‍, ഒരു സീന്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ ഈ നടന്‍ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റില്‍ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോള്‍ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാന്‍ എടുക്കുന്ന തീരുമാനമാണത്. ഞാന്‍ അണ്‍കംഫോര്‍ട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകന്‍ അയാളോട് സംസാരിക്കുകയും ചെയ്തു. പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവര്‍ക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീര്‍ക്കണമല്ലോ. ആ ഒരു നിസഹായാവസ്ഥയും ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു-വിന്‍സി പറയുന്നു.

പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫര്‍ട്ടാക്കിയാണ് ആ സിനിമ തീര്‍ത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയില്‍നിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാന്‍ ആ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളില്‍നിന്നുണ്ടാവുന്നത്.എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയില്‍നിന്ന് പുറത്തായി എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവര്‍ക്കുള്ള മറുപടിയാണിത്-വിന്‍സി വിശദീകരിക്കുന്നു.

സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും ഞാനല്ലേ അനുഭവിക്കേണ്ടത്? സിനിമയില്ലെങ്കില്‍ സിനിമയില്ല എന്നുപറയാനുള്ള മനോധൈര്യവും മനക്കട്ടിയും ഉള്ള വ്യക്തിയാണ് ഞാന്‍. സിനിമയില്ലെങ്കില്‍ ഞാനില്ല എന്ന് കരുതുന്ന മൈന്‍ഡ്‌സെറ്റല്ല എനിക്ക്. സിനിമ എന്റെ ജീവിതത്തിന്റെ ഭാ?ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനില്‍ക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ട്. അവസരങ്ങള്‍ കിട്ടുകയെന്നത് പ്രധാനമാണ്. അങ്ങനെയൊരു പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. സൂപ്പര്‍സ്റ്റാറാണെങ്കിലും സാധാരണക്കാരനാണെങ്കിലും ഒരു നിലപാട് ഒരു വ്യക്തി എടുക്കുന്നുണ്ടെങ്കില്‍ അത് നിലപാട് തന്നെയാണ്. അത് ചിന്തിക്കാനുള്ള ബോധം കമന്റിടുന്നവര്‍ക്കുണ്ടാവണം.

ലഹരി ഉപയോ?ഗിക്കുന്നവര്‍ വ്യക്തിജീവിതത്തില്‍ എന്തും ചെയ്‌തോട്ടേ. പക്ഷേ പൊതുവിടത്ത് ശല്യമാകുമ്പോഴാണ് എല്ലാത്തിന്റെയും പ്രശ്‌നം. അങ്ങനെയുള്ളവര്‍ക്ക് പരോക്ഷമായി കൊടുക്കുന്ന പിന്തുണയാണ് എനിക്ക് കമന്റ് ബോക്‌സുകളില്‍ കാണാനായത്. അവരെപ്പോലുള്ളവര്‍ക്ക് സിനിമകളുണ്ട്. അവരെവെച്ച് സിനിമകള്‍ ചെയ്യാന്‍ ആള്‍ക്കാരുണ്ട്. അങ്ങനെയൊക്കെ ചെയ്യുന്നത് അവര്‍ക്ക് വിനോദമാണ്. എന്റെ ജീവിതത്തില്‍ ആല്‍ക്കഹോള്‍, സി?ഗരറ്റ്, മയക്കുമരുന്ന് തുടങ്ങി എന്റെ മനസിനേയോ ആരോഗ്യത്തെയോ ബാധിക്കുന്ന ഒന്നും ജീവിതത്തിലുണ്ടാവില്ല എന്ന് അത്രയും ഉറപ്പിച്ചതാണ്.' വിന്‍സിയുടെ വാക്കുകള്‍.