- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലഹരി ഉപയോഗിക്കുന്ന ആ നടന്‍ ഷൈന്‍ ടോം ചാക്കോ: ധൈര്യപൂര്‍വ്വം പരാതി ചേമ്പറിന് എഴുതി നല്‍കി വിന്‍സി അലോഷ്യസ്; ആ മോശം പെരുമാറ്റമുണ്ടായത് സൂത്രവാക്യം എന്ന സിനിമാ സെറ്റില്‍; ലഹരി കേസില്‍ കോടതിയിലെ കുറ്റവിമുക്തിയ്ക്ക് പിന്നിലെ അട്ടിമറി ചര്‍ച്ചകള്‍ക്കിടെ നടന്‍ വീണ്ടും കുരുക്കില്‍; ആ സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നത് ജനുവരിയില്‍; സിനിമയില്‍ 'ലഹരി മാഫിയ' ശക്തമോ?
കൊച്ചി: ലഹരി ഉപയോഗിച്ച് നടി വിന്‍ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഒരു നടന്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിന്‍സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു. സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നല്‍കി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബര്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. എക്‌സൈസ് വിന്‍സിയുടെ വിശദ മൊഴി എടുക്കും. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിലായിരുന്നു വിവാദ സംഭവം. ജനുവരിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. അതായത് വിന്‍സിയുടെ പരാതിയ്ക്ക് അടിസ്ഥാനമായ സംഭവം നടന്നത് അടുത്ത കാലത്താണ്. ഇത് സിനിമയിലെ 'ലഹരി മാഫിയാ' സാന്നിധ്യത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
'സൂത്രവാക്യം' സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ചേംബര്‍ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. അതേസമയം, ഷൂട്ടിങ് ലൊക്കേഷനില്‍ നടന്‍ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലില്‍ വിന്‍സി അലോഷ്യസില്‍ നിന്നും എക്‌സൈസ് വിവരങ്ങള്‍ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ തേടുക. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തൂ. അതിനിടെ പോലീസിലോ എക്‌സൈസിലോ പരാതി കൊടുക്കാതിരിക്കാന്‍ നടിയില്‍ സമ്മര്‍ദ്ദവുമുണ്ട്. താര സംഘടനയായ അമ്മയും ഫെഫ്കയുമെല്ലാം ഈ വിഷയത്തില്‍ എടുക്കുന്ന നടപടികളും ശ്രദ്ധേയമാകും. മുന്‍പ് ലഹരി കേസില്‍ ഷൈന്‍ പെട്ടിരുന്നു. പിന്നീട് കോടതി കുറ്റവിമുക്തനാക്കി. ഇതിന് പിന്നിലും ഉന്നതതല ഗൂഡാലോചനയുണ്ടെന്ന ആരോപണം ശക്തമാണ്. അതുകൊണ്ട് തന്നെ വിന്‍സിയുടെ വെളിപ്പെടുത്തലില്‍ എടുക്കുന്ന നടപടികള്‍ നിര്‍ണ്ണായകമാകും.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. ഒരു സിനിമാ സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവം മൂലമാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ആയിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഒരു നടന്‍ സിനിമാ സെറ്റില്‍വച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറി. ഏറെ ബുദ്ധിമുട്ടിയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. അതിനാലാണ് ഇനി അത്തരം വ്യക്തികള്‍ക്കൊപ്പം സിനിമ ചെയ്യില്ലെന്ന നിലപാടെടുത്തതെന്നും ആയിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂത്രവാക്യം'. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത് ഈ വര്‍ഷം ആദ്യമാണ്.
ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്റഗുല ആണ്. ശ്രീമതി കണ്ട്റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന 'സൂത്രവാക്യ' തിയേറ്ററുകളില്‍ എത്തിയിട്ടില്ല.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)