ആലപ്പുഴ: ഓമൽ കൺമണി ഇതിലെ വാ എന്നൊരറ്റ ഗാനം കൊണ്ടും ഇന്നും ആസ്വാദകരെ കൈയിലെടുക്കാൻ കഴിയുന്ന ഗായകൻ കൂടിയാണ് വിനീത് ശ്രീനിവാസൻ.സംവിധായകൻ എന്ന നിലയിൽ അടയാളപ്പെടുത്തുമ്പോഴും പാട്ടിനോടുള്ള തന്റെ പ്രിയം വിനീത് മറച്ചുവച്ചിരുന്നില്ല.അങ്ങിനെയാണ് പിന്നിണി ഗാനരംഗത്തും അദ്ദേഹം സജീവമായിത്തുടരുന്നത്.ഗാനമേളകളിൽ നിന്ന് വിനീത് ഒരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ഈ രംഗത്തും സജീവമാകുകയാണ്.

പക്ഷെ താരമൂല്യം കൂടിയ വിനീതിന് ഇപ്പോൾ ആരാധകരും ഏറെയാണ്.അതിനാൽ തന്നെ അദ്ദേഹം പൊതുവേദികളിൽ പ്രത്യേക്ഷപ്പെടുമ്പോൾ ജനങ്ങളുടെ സ്‌നേഹ പ്രകടനം അതിരുവിടുന്നതാണ് ഇപ്പോഴത്തെക്കാഴ്‌ച്ച.വാരനാട് ദേവീ ക്ഷേത്രത്തിൽ നിന്നുള്ള വിനീത് ശ്രീനിവാസന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.എന്നാൽ സംഭവത്തെക്കുറിച്ചുള്ള യഥാർത്ഥ വസ്തുതയല്ല പ്രതികരിക്കുന്നതെന്നാണ് മറ്റൊരു കാര്യം.

വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിനിടയിലായിരുന്നു സംഭവം.ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള. ഇതിന് ശേഷമാണ് വിനീത് തന്റെ കാറിലേക്ക് ഓടുന്നത്.അദ്ദേഹത്തെ വലയം ചെയ്തുകൊണ്ട് ക്ഷേത്രം ഭാരവാഹികളും ഓടുന്നുണ്ട്.വിനീതിന്റെ തന്നെ ചിത്രമായ മലർവാടി ആർടസ് ക്ലബിലെ സുരാജിന്റെ ഹാസ്യരംഗത്തോട് ഉപമിക്കാവുന്ന തരത്തിലായിരുന്നു വിനീതിന്റെ ഓട്ടം.

 

കോട്ടയം നസീറിന്റെ പ്രേമൻ എന്ന കഥാപാത്രം ഓടി രക്ഷപ്പെടുമ്പോൾ പിന്നീലെ ഓടുന്ന സുരാജിന്റെ കഥാപാത്രം ആവശ്യപ്പെടുന്നുണ്ട്.. എടാ പ്രേമ പതിയെപ്പോടാ.. എനിക്കീ ദേശത്തെ വഴിയറിയില്ല എന്ന്! വിനീത് ഒാടി കാറിൽ കയറുന്ന വീഡിയോയ്ക്ക് താഴെ പ്രചരിക്കുന്ന രസകരമായ ഒരു കമന്റും ഈ സംഭാഷണം തന്നെയാണ്.സംഭവത്തെക്കുറിച്ച് പലവിധ വ്യാഖ്യാനങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.പരിപാടി മോശമായതിനാൽ നാട്ടുകാർ വിനീതിനെ ഓടിച്ചുവെന്നും, വിനീത് സ്വമേധയ ഓടി രക്ഷപ്പെട്ടുവെന്നൊക്കായാണ് പ്രചരിക്കുന്നത്.

എന്നാൽ അതൊന്നുമല്ല സത്യമെന്നും ആരാധക സ്‌നേഹം അതിരുകടന്നതാണ് ഇത്തരമൊരു സാഹസത്തിന് വിനീതിന്റെ പ്രേരിപ്പിച്ചതെന്നുമാണ് യാഥാർത്ഥ്യം.പ്രദേശവാസി കൂടിയായ തിരക്കഥാകൃത്ത് സുനീഷ് വരനാടാണ് സംഭവത്തിന്റെ യാഥാർത്ഥ്യം പങ്കുവെച്ച് രംഗത്തെത്തിയത്.തന്റെ ഫേസ്‌ബുക്കിൽ ഇത് സംബന്ധിച്ച് വിശദമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഗാനമേള വലിയ വിജയമായതിനാലും,വിനീതിനോടുള്ള ഇഷ്ടത്താലും ഒപ്പം നിന്നു ഫോട്ടോയെടുക്കാൻ ജനം തിക്കിത്തിരക്കി.അമ്പലത്തിന്റെ മതിലിനുള്ളിലാണ് സ്റ്റേജ്.കിഴക്കേ നടയിലൂടെ പുറത്തിറങ്ങിയാലേ കാറിൽ കയറാൻ പറ്റൂ. ജനം സമ്മതിക്കണ്ടേ.പിടിച്ചു നിർത്തി സെൽഫി എടുക്കുവാ.നിക്ക് എവിടെ പോണ് എന്നൊക്കെ ചോദിച്ച് പിടിച്ചു നിർത്തി സെൽഫി എടുക്കാൻ തുടങ്ങി. ഒന്നോ രണ്ടോ ആളല്ല. ചിലർ കിടന്ന് ഒക്കെ സെൽഫി എടുക്കുവായിരുന്നു.

അതിനിടെ വിനീതിന്റെ സ്റ്റേജ് ഷോസിന്റെ മാനേജർ നിലത്തു വീണു പോയി.അദ്ദേഹത്തെ ആളുകൾ ചവിട്ടി.ഞങ്ങൾ കുറച്ചു പേരും കമ്മറ്റിക്കാരുമൊക്കെ ചേർന്ന് ഒരു വഴിയുണ്ടാക്കി വിനീതിനെ പുറത്തെത്തിക്കുകയായിരുന്നു.ഒടുവിൽ ഗത്യന്തരമില്ലാതെ കാറിലേക്ക് ഓടിക്കയറിക്കോളാൻ പറയുകയായിരുന്നു.ആ ഓട്ടമാണ് 'ഗാനമേള പൊളിഞ്ഞു, വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു' എന്ന പേരിൽ ചിലർ പ്രചരിപ്പിച്ചതെന്ന്.സുനീഷ് വാരനാട് കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
------------------------------------
വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്