തിരുവനന്തപുരം: ബലാൽസംഗ കേസിൽ, ജാമ്യത്തിലിറങ്ങിയ ടിക് ടോക്-ഇൻസ്റ്റ റീൽസ് താരം വിനീത് കലിപ്പൻ( മീശക്കാരൻ) (വിനീത് വിജയൻ) മീശ വടിച്ചതാണ് സോഷ്യൽ മീഡിയയിലെ വലിയ വാർത്ത. കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസിലാണ് വിനീത് അറസ്റ്റിലായത്. കർശന ഉപാധികളോടയാണ് ഇയാൾക്ക് ഈ മാസം 13 ന് ജാമ്യം അനുവദിച്ചത്.

വെറുതെ മീശ വടിക്കുക മാത്രമല്ല, താൻ തെറ്റുകാരനല്ലെന്നും, ഏതാനും ദിവസങ്ങൾക്കുള്ളിൽ സത്യാവസ്ഥ പുറത്തുവരുമെന്നും ചങ്ങാതിക്കൂട്ടം എന്ന വീഡിയോ ഗ്രൂപ്പിൽ വിനീത് വിജയൻ അവകാശപ്പെട്ടു.

ജാമ്യം കിട്ടിയ ശേഷം ബെൻസിൽ നിന്നിറങ്ങുന്ന വീഡിയോ ഇട്ടതിന് ഒരുപാട് ട്രോളുകൾ വന്നെന്നും, ആ വീഡിയോ സ്‌റ്റോറി ഒരുവർഷം മുമ്പുള്ളതാണെന്നും വിനീത് പറഞ്ഞു. തന്നെ മീശക്കാരനെന്ന്‌ പറഞ്ഞ് ട്രോളൊക്കെ ഇട്ട് കുറേ പേര് പൈസ ഉണ്ടാക്കി എന്നും പരിഹസിക്കുന്നുണ്ട്. താൻ മീശ എടുക്കാനുള്ള കാരണവും, ഇപ്പോൾ വീഡിയോ ചെയ്യാനുള്ള കാരണവും വിനീത് വിശദീകരിക്കുന്നു.

'ചേച്ചിമാരെയും, വീട്ടമ്മമാരെയുമാണ്, വിനീത് വലയത്തിൽ പെടുത്തുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ഇതുവരെയും എന്റെ ജീവിതത്തിൽ, ഞാൻ അങ്ങോട്ട് മോശമായി മെസേജ് അയയ്ക്കുകയോ, ഫിനാൻഷ്യലി  ഹെൽപ് ചോദിക്കുകയോ ഉണ്ടായിട്ടില്ലെ'ന്നും ഇയാൾ അവകാശപ്പെടുന്നു. താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും, സൗഹൃദത്തിന്റെ പേരിലുണ്ടായ പ്രശ്‌നമാണെന്നും, താൻ സഹായം ചെയ്ത ഒരാളാണ് തന്നെ കുരുക്കിയതെന്നും
വിനീത് വീഡിയോയിൽ പറയുന്നു. ഇയാളെ ഉദ്ദേശിച്ചാണ് കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോയിൽ അകത്തോട്ട് തള്ളി വിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ...ഒന്നു കാണണമല്ലോ എന്ന് ക്യാപ്ഷൻ ഇട്ടതെന്നും പറയുന്നു.

'അതായത് എന്റെയീ മുഖം, ഈ മീശക്കാരൻ, എന്ന് നിങ്ങളുടെ മുന്നിൽ എങ്ങനെയായിരുന്നോ, അങ്ങനെ തന്നെ നിൽക്കണം, എനിക്കൊരാഗ്രഹമാണ്. അതുകൊണ്ട്, ഞാൻ കേസിന്റെ പുറകേ, തീരുമാനമാക്കുന്ന രീതി എന്തായാലും, കേസ് ഒത്തുതീർപ്പാണോ, എന്തായാലും, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാൻ മനസ്സിലാക്കും. അതിനോട് അനുബന്ധിച്ച് ചിലപ്പോൾ, ഒത്തുതീർപ്പെന്നല്ല, ചിലപ്പോൾ വിവാഹം, ചിലപ്പോൾ, ഒത്തുതീർപ്പ്, എന്തുരീതിയാലും നിങ്ങൾ മനസ്സിലാക്കും.'-ബലാൽസംഗ കേസിന്റെ കാര്യത്തിൽ വിനീത് പറയുന്നത് ഇങ്ങനെയാണ്.

വിനീത് വിജയന്റെ വാക്കുകൾ:

ഈ മുഖം കണ്ടാൽ മനസ്സിലാകുമെന്ന് വിചാരിക്കുന്നു...മീശക്കാരനെന്ന് പറഞ്ഞ് ട്രോളൊക്കെ വന്നു..യു ട്യൂബിലൊക്ക വൈറലായി. കുറെ പേര് പൈസ ഒക്കെ അങ്ങ് ഉണ്ടാക്കി. എന്തായാലും ഒരു 65 ദിവസത്തെ ഇടവേള കഴിഞ്ഞ്, 13 ാം തീയതി പുറത്തിറങ്ങി. ദൈവം സഹായിച്ച് മീശ ഞാൻ തന്നെ അങ്ങെടുത്തു. ഈ 18 ാം തീയതിയാണ് മീശ എടുത്തതും, ഈ കഴിഞ്ഞ ദിവസം ഞാൻ ഒരു സ്റ്റോറി ഇട്ടിരുന്നു...എന്റെ പഴയ വീഡിയോ..ബെൻസീന്ന് ഇറങ്ങുന്ന വീഡിയോ ആണ് ഇട്ടത്.

 
 
 
 
View this post on Instagram

A post shared by Vineeth Vijayan (@vineeth___official)

അതു വച്ചുതന്നെ ഭയങ്കരമായ രീതിയിൽ ട്രോളും, മനോരമ ന്യൂസില്, 24 ന്യൂസില്, പിന്നെ പൊലീസുകാരൻ എന്നൊരു ചട്ടം തലയിൽ കിട്ടീട്ടുണ്ട്...അതുവച്ചിട്ട് വരെ ട്രോളുവന്നു. അപ്പോ വിനീത് ഒഫീഷ്യല് തന്നെയാണ്, അച്ഛന്റെ പേര് വിജയൻ. വിനീത് വിജയൻ തന്നെയാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഞാനും ട്രോള് ചെയ്തിട്ടുണ്ട്..ഒരു പാട്...യുട്ഊബർ, ഇൻസ്റ്റാഗ്രാമർ, റീൽസ്, ടിക്ക്‌ടോക്കറായിരുന്നു...അപ്പോൾ, ഇതൊക്കെ വച്ചിട്ട് ഞാനും മുന്നെ വീഡിയോസ് ഒരുപാട് ചെയ്തിട്ടുണ്ട്.

മീശ എടുക്കാൻ കാരണം

ഈ മീശ എടുക്കാൻ കാരണം എന്താന്ന് വച്ചാൽ, ഞാൻ ജയിലിൽ നിന്ന്, അതായത് സത്യത്തിന് പുറമേ അസത്യം വലിച്ചുകാട്ടുന്ന ജയിലിൽ നിന്ന് ഞാൻ പുറത്തിറങ്ങി, കുറച്ചുദിവസമായപ്പോൾ, എനിക്ക് ജംഗ്ഷനിലോട്ടൊക്കെ ഇറങ്ങുമ്പോൾ, എന്നെ മനസ്സിലാകുന്നില്ല ആർക്കും. സ്വാഭാവികമായി ഇതവനാണോ, ഇതവനല്ലേ, പീഡനവീരനല്ലേ എന്ന രീതിയിൽ പലരും, ഒരു ചായ കുടിക്കാൻ പോയാൽ തന്നെ, ആൾക്കാര് വന്നു ചോദിക്കുന്നു...അപ്പോ സത്യം പറയണമല്ലോ. ഞാൻ കുറെ ആൾക്കാരുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞിരുന്നു. മീശ ഞാനിപ്പോ എടുത്തിട്ട് രണ്ടുമൂന്ന് ദിവസം ആകുന്നതേയുള്ളു.

ഇന്നലെ ഞാൻ ഒരു സ്‌റ്റോറി ഇട്ടിരുന്നു..അതായത് ബെൻസിൽ നിന്നിറങ്ങുന്നത്..ഒരു വൺ ഇയർ ബാക്ക് വീഡിയോ ആണ്. അത് സ്‌റ്റോറിയിലും, റീൽസിലും കേറി നോക്കിയാൽ മനസ്സിലാകും കാണുന്നവർക്ക്. അത് വിനീത് വിജയൻ മീശക്കാരൻ വീണ്ടും പെമ്പിള്ളേരെ വലയിലാക്കാൻ പുറത്തിറങ്ങി എന്നുപറഞ്ഞിട്ടാണ്...വീഡിയോ. മാനസികമായി ഒത്തിരി തളർത്തുന്ന വീഡിയോ ആണ്. കാര്യം സത്യാവസ്ഥ, ഇതുവരെയും, ഒരു കൊലയാളിയെ പോലും, കോടതിയിൽ ഇപ്പോൾ ശിക്ഷിക്കുന്നതിന് ഇത്ര കാലയളവുണ്ട്. കുറ്റം ചെയ്തിട്ടുണ്ടോ എന്നതിന് തീരുമാനം ആവാൻ, അതായത് എഫ്‌ഐആറിട്ട് കേസെടുത്തു, റിമാൻഡ് ചെയ്തു..അയാൾക്ക് ജാമ്യം കൊടുക്കുന്നത്, കോടതിയിൽ പോയി അഭിഭാഷകനെ വച്ച് കുറ്റക്കാരനോ അല്ലയോ എന്ന് തെളിയിക്കാനുള്ള കാലയളവാണ്. ഞാനും അതേപോലെ ഒരു ബെയിൽ കണ്ടീഷനിൽ നിൽക്കുന്ന വ്യക്തിയാണ്.

ഒരുപാട് ട്രോളുകളും മറ്റും വരുന്നുണ്ട്..ഞാനും ചിലപ്പോൾ പ്രതികരിക്കും. എന്നാലും ഞാൻ പ്രതികരിക്കാതെ ഇരിക്കുന്നത് എന്റെ ഭാഗത്ത് ഉണ്ടായ ഒരു തെറ്റ് എന്നുപറഞ്ഞാൽ, ഒരുപാട് കൂട്ടുകെട്ടുകൾ ഞാൻ അങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ, ഒരുപാട് കടമകൾചയ്തുകൊടുത്തു പലർക്കും. അപ്പോ അങ്ങനെ നിന്നതിൽ ഒരാൾ, അത്രയേ എനിക്ക് പറയാൻ പറ്റുള്ളു...ഞാനൊരു സ്റ്റോറി ഇട്ടിരുന്നു..അകത്തോട്ട് തള്ളി വിട്ട ചേട്ടൻ ഇവിടെ പുറത്തുണ്ടോ...ഒന്നു കാണണമല്ലോ എന്നുപറഞ്ഞ് ഞാനൊരു സ്റ്റോറി ഇട്ടു. അതെടുത്തിട്ടാണ് എനിക്ക് ഒരുപാട് ട്രോള് ഇതുവരെ വന്നത്.

വീഡിയോ ചെയ്യാൻ കാരണം

ഇന്ന് വീഡിയോ ചെയ്യാൻ കാരണം എന്നുപറയുന്നതും, ..അവൻ എങ്ങനെയാണ് എന്നുമനസ്സിലാക്കി കുറച്ചുപെരെങ്കിലും ഉണ്ട്...അത് എനിക്ക് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരണം. അതിന് കോടതിയുടെ മുന്നിലുള്ള ഒരുവലയത്തിൽ ഞാനിപ്പോൾ നിൽക്കുകയാണ്. അത് ഏതാനും ദിവസങ്ങൾക്കകം തന്നെ കേസ് തീരുമാനമാകും. അപ്പോൾ, നിങ്ങളുടെയെല്ലാം, മുന്നിൽ ഞാൻ തെറ്റുകാരൻ ആണെങ്കിൽ അത്, കോടതി തന്നെ വിധിക്കും. പിന്നെ എല്ലാവരും പറയുമ്പോലെ, കാശ് മേടിച്ചു, സാമ്പത്തിക ഇടപാട്, പല പല കാര്യങ്ങൾ, നഗ്നചിത്രം പകർത്തി, ഞാൻ വീഡിയോ ചെയ്തു, അതുവച്ചു ഞാൻ ഭീഷണിപ്പെടുത്തിയെന്നും..ഞാൻ ജയിലിൽ കിടക്കുമ്പോഴാണ് ഇതേപോലെയുള്ള കേസുകൾ വന്നു എന്ന് വക്കീൽ മുഖാന്തിരം അറിയുന്നത്. അതായത് പൊലീസ് സ്റ്റേഷനീന്ന് പത്രത്തിൽ കൊടുക്കുന്ന റിപ്പോർട്ടാണ്. ശരിയായ രീതിയിൽ ഒരു കേസ് ഉണ്ട് എന്ന് പറഞ്ഞിട്ട് ഫയൽ വരികയോ, ഒന്നുമില്ല. കാരണം ഞാൻ അകത്ത് കിടക്കുന്നതുകൊണ്ട്, എത്രത്തോളം പുറത്ത് എന്നെ, അകത്തോട്ടാക്കാൻ ശ്രമിച്ച വ്യക്തികൾ, എത്രത്തോളമുണ്ടോ, അവർക്കത് ഉപയോഗം തന്നെയാണ്.

ഇടയ്ക്ക് വന്ന ഒരുവാർത്തയാണ്, വിനീത് ഒഫീഷ്യൽ, വിനീത് വിജയന്റെ പേരിൽ വീട്ടമ്മയുടെ, അതായത് പറയാൻ പറ്റാത്ത ഒരുവാർത്ത. അതായത് വിനീത് വിജയൻ, ഒരുപാട് രീതിയിൽ മോശമായി പെരുമാറി, നഗ്ന ചിത്രങ്ങൾ പകർത്തി, ഒരുവീട്ടമ്മ കേസുകൊടുത്തു എന്നുപറഞ്ഞ് ഒരു കേസ് വന്നു. അതായത് എന്റെ അറിവിൽ, ഞാൻ, ഞാൻ സ്‌നേഹിച്ചിരുന്ന, അതായത് എന്റെ ഇപ്പോൾ തുടർന്നുള്ള ജീവിക്കുന്നതിന് അടിച്ചമർത്തപ്പെട്ട കേസെന്താണോ അതിനോട് അനുബന്ധിച്ചുള്ള കേസിൽ, വന്ന കാര്യം തന്നെയാണിത്. കേസ് എന്നു പറയുന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. അങ്ങനെയുള്ള ഒരു കേസോ ഒന്നും എന്നെ സംബന്ധിച്ചില്ല.

സോഷ്യൽ മീഡിയയിൽ ഞാനൊരു വിവാദമായിട്ടുനിൽക്കുന്ന ആളായിരുന്നു..ഒരു ടിക്ടോക്കില്, റീൽസ് ഒക്കെ ചെയ്തിരുന്ന നല്ല രീതിയിൽ വളർന്നുവരുന്ന ഒരു മറ്റുള്ളവരെ പോലെ സാധാരണക്കാരനായിരുന്നു. അപ്പോൾ, എന്നെ ഒരുപാട് അടിച്ചമർത്തുന്ന രീതിയിൽ ട്രോളുകൾ വന്നു. എങ്ങനെയെങ്കിലും എന്നെ അടിച്ചമർത്തി താഴ്‌ത്തി കെട്ടണം. എന്നിലൂടെ വളർന്നു വരണം എന്നുദ്ദേശിച്ചവർ മാത്രമേ അതിൽ പറഞ്ഞിട്ടുള്ളു. അതല്ലാതെ എന്റെ പേരിൽ ഉണ്ടായിരുന്നു എന്നുപറയുന്ന കേസ്, ഞാൻ ഈ നിമിഷം, പറയുന്നു, എന്റെ പേരിൽ കന്റോൺമെന്റ് സ്‌റ്റേഷനിൽ, ഒരു കേസ് വന്നിരുന്നു..ഞാൻ വണ്ടി പണയമെടുത്ത് ഒരുകേസ്...എനിക്ക് വണ്ടി ക്രേസ് ഒരുപാടുള്ളതാണ്. അതിനെ തുടർന്ന് പെറ്റി പിടിക്കുമ്പോഴൊക്കെ കേസ് വന്നു. അതിൽ ഞാൻ വാദി എന്ന രീതിയിൽ കേസ് വന്നിട്ടുണ്ട്. അത് കിളിമാനൂർ സ്‌റ്റേഷൻ പരിധിയിലാണ്. അല്ലാതെ കേസില്ല.

ഒരു സ്ത്രീയെന്ന നിലയ്ക്ക്, ഒരു പെണ്ണിന് തുറന്നുപറയാൻ പറ്റാത്തതായിട്ട് ഒന്നുമുണ്ടാവില്ല. ഒരുഫാമിലി ബേസ്ഡ്, എല്ലാ ചേച്ചിമാരെയും, വീട്ടമ്മമാരെയുമാണ്, വിനീത് വലയത്തിൽ പെടുത്തുന്നത് എന്നാണ് എല്ലാവരും പറയുന്നത്. ഇതുവരെയും എന്റെ ജീവിതത്തിൽ, ഞാൻ അങ്ങോട്ട് മോശമായി മെസേജ് അയയ്ക്കുകയോ, ഫിനാൻഷ്യലി, വിനീത് ഹെൽപ് ചോദിക്കുകയോ ഉണ്ടായിട്ടില്ല.

എന്നെ സംബന്ധിച്ച് ഒരുപാട് പേര് ട്രോളിറക്കിയിട്ടുണ്ട്. പല പല കേസുകൾക്ക് വിധേയമായ വിനീത്, വീണ്ടും അവന്റെ തിരിച്ചുവരവ്, എന്നുപറഞ്ഞ്, ഇതുവരെയും ഒരു കേസ് നിലവിലില്ല. ഞാനിത്രയും ദിവസവും, ഞാൻ ഇറങ്ങിയത് 13 നാണ്. എനിക്ക് ഉണ്ടായിരുന്ന കേസ് ഈ പറഞ്ഞത് പോലെയാണ്. അല്ലാതെ നമ്മുടെ നാട്ടിൽ പറയുമ്പോലെ പെണ്ണുകേസ്, എന്നുപറയാൻ, അത്രയ്ക്ക്, ഒരു സ്വഭാവം കാണിക്കേണ്ട കാര്യം എനിക്കില്ല. കാരണം എനിക്കും എന്റെ വീട്ടിൽ ഒരു ചേച്ചിയുണ്ട്, ചേട്ടനുണ്ട്, ഫാമിലിയുണ്ട്, കാര്യം ഞാൻ അത്രേം, വീട്ടിൽ ഒരുപാട് എന്താപറയുക, ഫാമിലി ഒരു ബ്രാഹ്മിൺസ്് കുടുംബമാണ്.ഞാൻ അടിച്ചമർത്തപ്പെട്ട രീതിയിലാണ് ഇപ്പോ.ഇറങ്ങാൻ പറ്റാതെ, ട്രോളുകൾക്കും വിധേയമായി. എനിക്ക് പുറത്തിറങ്ങുമ്പോൾ, എന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും പറ്റുന്നില്ല, കോടതിയുടെ വലയത്തിലാണ് ഞാൻ നിൽക്കുന്നത്. എന്തായാലും ഈ കേസുകൾ തുടർന്ന് കുറച്ച് ദിവസത്തിനുള്ളിൽ തന്നെ സത്യാവസ്ഥ പുറത്തു വരും.

നമ്മളൊരു പട്ടിയെയോ മൃഗങ്ങളെയോ ഒന്നും പീഡിപ്പിച്ചതല്ല, ഒരു ലേഡിയെ, സമൂഹത്തിൽ സ്ത്രീയെന്ന് സ്ഥാനം നൽകുന്ന പെണ്ണിനെ, പീഡിപ്പിച്ചു വിനീത് വിജയൻ എന്നാണ് അറിയപ്പെടുന്നത്. അപ്പോൾ, വിനീത്, ഒരിക്കലും പീഡിപ്പിക്കേണ്ട കാര്യമില്ല, സൗഹൃദത്തിന്റെ ഇടയ്ക്ക് ഉണ്ടായ ഇഷ്യു ഇത്ര വരെ വളർത്തി. ഇതിനെ തുടർന്നും വിനീത് വിജയൻ വിവാഹിതനായി എന്നൊരു രീതി വരെ നിങ്ങളിൽ എത്തിപ്പെടും. അല്ലാതെ പീഡിപ്പിച്ചിട്ടില്ല, എന്നേ എനിക്ക് പറയാൻ പറ്റൂ. അല്ലാതെ കേസ് വിനീത് ഒത്തുതീർപ്പാക്കില്ല. അതായത് എന്റെയീ മുഖം, ഈ മീശക്കാരൻ, എന്ന് നിങ്ങളുടെ മുന്നിൽ എങ്ങനെയായിരുന്നോ, അങ്ങനെ തന്നെ നിൽക്കണം, എനിക്കൊരാഗ്രഹമാണ്. അതുകൊണ്ട്, ഞാൻ കേസിന്റെ പുറകേ, തീരുമാനമാക്കുന്ന രീതി എന്തായാലും, കേസ് ഒത്തുതീർപ്പാണോ, എന്തായാലും, എന്റെ ഭാഗത്ത് തെറ്റില്ല എന്ന് നിങ്ങളെ ഞാൻ മനസ്സിലാക്കും. അതിനോട് അനുബന്ധിച്ച് ചിലപ്പോൾ, ഒത്തുതീർപ്പെന്നല്ല, ചിലപ്പോൾ വിവാഹം, ചിലപ്പോൾ, ഒത്തുതീർപ്പ്, എന്തുരീതിയാലും നിങ്ങൾ മനസ്സിലാക്കും.

മീശ വടിച്ചതിൽ വിഷമം ഒന്നുമില്ല. മീശ എന്നു പറയുന്നത് എനിക്ക് വലിയ ഹരമാണ്. കാരണം, അച്ഛന് നല്ല പോലെ മീശയുണ്ട്, ചേട്ടനുണ്ട, അപ്പോൾ, എനിക്ക്, അന്നും ഇന്നും ഞാൻ അമ്മയുടെ അടുത്ത് പറയും, അമ്മാ, ഞാൻ വളർന്നു. ഞാൻ ഉടനെ ഇങ്ങനെയൊക്കെയാകും, നടനാകും, എന്നൊക്കെ ഉള്ള നിലയിലാണ്, ഞാൻ, ടിക് ടോക്കൊക്കെ ചെയ്തുതുടങ്ങിയത്. എനിക്ക വളരെ വിഷമമുണ്ട്, ഞാൻ ജാമ്യത്തിൽ ഇറങ്ങി ചെല്ലുമ്പോഴും, അമ്മ പറയുന്നത് നിന്നെ കാരണം, ഉണ്ണി, നീ അങ്ങനെയിങ്ങനെയാണ്..നീ ഇനിയെങ്കിലും പ്രശ്‌നത്തിന് പോകരുത്. എന്റെ അമ്മയുടെ അടുത്ത് എനിക്ക് പറയാൻ ഉള്ളത്, ഉണ്ണി ഒരു പ്രശ്‌നവും ചെയ്തിട്ടില്ല. ഉണ്ണി ഇനിയും മീശ അമ്മയുടെ മുന്നിൽ പിരിച്ച് നിൽക്കും. എന്റെ അമ്മയെ വരെ ചീത്ത വിളിക്കുന്ന കമന്റ്‌സുണ്ട്. അവരോടൊക്കെ എനിക്ക് പറയാൻ ഉള്ളത്, തെറ്റുകാരൻ അല്ലായെന്ന് അറിയുമ്പോൾ, ആ അമ്മയെ ഓർത്ത് നിങ്ങളുടെ അമ്മയെ ഓർത്ത് നിങ്ങൾ വിഷമിക്കും. അത്രേയ എനിക്ക് പറയാനുള്ളു. മീശ അന്നും ഇന്നും വിനീത് മീശ പിരിച്ചു തന്നെ നിൽക്കും.

അറസ്റ്റിലായതുകൊല്ലം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ

കർശന ഉപാധികളോടയാണ് വിനീത് വിജയന് ഈ മാസം 13 ന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ പൊലീസ് സ്റ്റേഷനതിർത്തിക്കകത്ത് പോകരുത്. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ നേരിട്ടോ ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. കൈവശം ഇല്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ കർശന വ്യവസ്ഥകളിലാണ് ജാമ്യം.

സൈബറിടത്തിലെ യുവതികളുടെ പുന്നാരക്കുട്ടനായിരുന്നു റീൽസ് താരം വിനീത്. അത്രയ്ക്കും സ്റ്റൈലിഷായി റീൽസിൽ താരമാകുന്നവൻ. മീശ ഫാൻ ഗേൾ എന്ന പേജുണ്ടാക്കി യുവതികളുടെ ആരാധനാ പുരുഷനായവൻ, ഇതൊക്കെയായിരുന്നു വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (25) . ഇയാൾ, അറസ്റ്റിലായതോടെയാണ് ഇയാളുടെ തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതികളോടും പെൺകുട്ടികളോടും തെറ്റായ കാര്യങ്ങൾ പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ ഹിറ്റാകാൻ ടിപ്‌സുകൾ പറഞ്ഞു നൽകാമെന്നം പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. നേരത്തെ ഇയാൾ പൊലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വിനീതിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീൻ റെക്കോർഡായും സ്‌ക്രീൻ ചാറ്റുകളായും അദ്ദേഹം സൂക്ഷിച്ചിരുന്നു.

നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പൊലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം. ആരാധകരെ തൃപ്തിപ്പെടുത്താൻ നിരന്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചിരുന്നു.

'മീശ ഫാൻ ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇദ്ദേഹം പെൺകുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്‌സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിക്കുന്നത്. പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാൾ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളതുകൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു.

കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.