തിരുവനന്തപുരം: ചില കാര്യങ്ങൾ സോഷ്യൽ മീഡിയ പ്രവചിച്ചാൽ അത് അച്ചട്ടാകും. 'ലെവൻ പുഷ്പം പോലെ പുറത്തിറങ്ങും, നാളെ വീഡിയോ കാണിച്ച് നമ്മുടെ മുന്നിൽ ഞെളിയും', ബലാൽസംഗ കേസിൽ ടിക് ടോക്-ഇൻസ്റ്റ റീൽസ് താരം വിനീത് കലിപ്പൻ( മീശക്കാരൻ) (വിനീത് വിജയൻ) ഓഗസ്റ്റിൽ അറസ്റ്റിലായപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രവചനം വന്നത്. ഏതായാലും, ജാമ്യത്തിലിറങ്ങിയ ഇയാൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കം ബാക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

'ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ', എന്ന കുറിപ്പിനൊപ്പമുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാൾ കംബാക്ക് വീഡിയോ പങ്കുവെച്ചത്. ഒപ്പം ബെൻസ് കാറിൽ നിന്ന് ഇറങ്ങുന്ന തരത്തിൽ ഇയാൾ ചെയ്ത ഇൻസ്റ്റഗ്രാം റീലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Vineeth Vijayan (@vineeth___official)

കൊല്ലം സ്വദേശിയായ പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസിലാണ് വിനീത് അറസ്റ്റിലായത്. കർശന ഉപാധികളോടയാണ് ഇയാൾക്ക് ഈ മാസം 13 ന് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ പൊലീസ് സ്റ്റേഷനതിർത്തിക്കകത്ത് പോകരുത്. പരാതിക്കാരിയടക്കമുള്ള സാക്ഷികളെ നേരിട്ടോ ഫോണിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ കെട്ടി വക്കണം. കൈവശം ഇല്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. അന്വേഷണവുമായി സഹകരിക്കണം എന്നീ കർശന വ്യവസ്ഥകളിലാണ് ജാമ്യം.

സൈബറിടത്തിലെ യുവതികളുടെ പുന്നാരക്കുട്ടനായിരുന്നു റീൽസ് താരം വിനീത്. അത്രയ്ക്കും സ്‌റ്റൈലിഷായി റീൽസിൽ താരമാകുന്നവൻ. മീശ ഫാൻ ഗേൾ എന്ന പേജുണ്ടാക്കി യുവതികളുടെ ആരാധനാ പുരുഷനായവൻ, ഇതൊക്കെയായിരുന്നു വെള്ളല്ലൂർ കീഴ്‌പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (25) . ഇയാൾ, അറസ്റ്റിലായതോടെയാണ് ഇയാളുടെ തട്ടിപ്പുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്. യുവതികളോടും പെൺകുട്ടികളോടും തെറ്റായ കാര്യങ്ങൾ പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ ഹിറ്റാകാൻ ടിപ്സുകൾ പറഞ്ഞു നൽകാമെന്നം പറഞ്ഞാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. നേരത്തെ ഇയാൾ പൊലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

വിനീതിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്‌ക്രീൻ റെക്കോർഡായും സ്‌ക്രീൻ ചാറ്റുകളായും അദ്ദേഹം സൂക്ഷിച്ചിരുന്നു.

നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പൊലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം. ആരാധകരെ തൃപ്തിപ്പെടുത്താൻ നിരന്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചിരുന്നു.

'മീശ ഫാൻ ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇദ്ദേഹം പെൺകുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിക്കുന്നത്. പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാൾ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളതുകൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു.

കോളേജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ കൺടോൺമെന്റ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.