കോട്ടയം: പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദ്ദേശം വന്നത് വലിയ തരത്തിലുള്ള ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.അതിനാൽ തന്നെ പ്രണയദിനവും പശുക്കളും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്.വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും കേന്ദ്ര നിർദേശത്തെ പരിഹസിച്ച് രംഗത്തെത്തി.

 

നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ്. ''ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ...'' എന്നും കുറിച്ചിരിക്കുന്നു.

എന്നാൽ ഇതിൽ മാത്രം ഒതുങ്ങുന്നതല്ല നിർദ്ദേശത്തെക്കുറിച്ചുള്ള ട്രോളുകൾ.സംഗതി ചർച്ചയായതോടെ മീമുകളും വീഡിയോകളുമായി ട്രോളന്മാർ കൗ ഹഗ് ഡേ'യെ ഏറ്റെടുത്തു. മലയാള സിനിമയിലെ പശുക്കളുമായി ബന്ധപ്പെട്ട രംഗങ്ങൾ കോർത്തിണക്കിയാണ് പല ട്രോളുകളും ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു.

ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോർഡിന്റെ സർക്കുലറിൽ പറയുന്നു.

മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് 'പശു ആലിംഗന ദിന'ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ വിശദീകരണം. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നൽകുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവിൽ പറയുന്നത്.

രാജ്യത്തുടനീളം വാലന്റൈൻസ് ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ, പശുവിന്റെ ഗുണങ്ങളെക്കുറിച്ചും പശു എങ്ങനെ ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും നട്ടെല്ലാണെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ജനങ്ങളോട് ആഹ്വാനം ചെയ്തത്.