ലണ്ടൻ: കോവിഡിന്റെ കനത്ത പ്രഹരത്തിൽ നടുവൊടിഞ്ഞുപോയ മേഖലകളിൽ ഒന്നാണ് ടൂറിസം. പ്രതിസന്ധി നീങ്ങിയതോടെ വർദ്ധിച്ച വീര്യത്തോടെ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ടൂറിസം മേഖലയേയാണ് ലോകമെമ്പാടും കാണുന്നത്. പല രാജ്യങ്ങളും ഈ മേഖലയുടെ ഉയർത്തെഴുന്നേൽപിനായി നയങ്ങളിൽ അനുകൂല മാറ്റങ്ങൾ വരുത്തുക പോലും ചെയ്തു. ഹോങ്കോംഗിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് സൗജന്യ ടിക്കറ്റ് നൽകുവാൻ പോലും തയ്യാറായിരിക്കുന്നു എന്ന വാർത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇത്തരത്തിൽ ലോകം മുഴുവൻ ടൂറിസം മേഖലയുടെ ഉയർത്തെഴുന്നേൽപിനായി പരിശ്രമിക്കുമ്പോൾ, ഇന്ത്യയാകട്ടെ വികലമായ വിസ നയം മൂലം ടൂറിസം മേഖലയ്ക്ക് മേൽ കൂടുതൽ പ്രഹരങ്ങൾ ഏൽപിക്കുകയാണ്. വിസ നിയമത്തിൽ അവസാന നിമിഷത്തിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം യു കെയിൽ മാത്രമാണ് ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരിക്കുന്നത്.

ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ യു കെയിലെ വിസ സെന്ററുകളിൽ നേരിട്ട് ഹാജരാകണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. എന്നാൽ, വിസ സെന്ററുകളിലാണെങ്കിൽ അപ്പോയിന്റ്മെന്റും ലഭിക്കുന്നില്ല. വിമാനടിക്കറ്റ് അടക്കമുള്ളവ ബുക്ക് ചെയ്തശേഷം വിസയ്ക്ക് അപേക്ഷിച്ച പലർക്കും അവരുടെ വിമാനം ഉയർന്ന്ൻ പൊങ്ങുന്നതിനു മുൻപായി വിസ സെന്ററിൽ അപ്പോയിന്റ്മെന്റ് ലഭിക്കില്ലെന്ന് ഉറപ്പായതൊടെയാണ് സന്ദർശനം റദ്ദാക്കേണ്ടി വന്നത്.

ഇതുവരെ, ഒരു നിശ്ചിത ഫീസ് നൽകി വിസ ഏജന്റുമാർ വഴിയായിരുന്നു വിനോദ സഞ്ചാരികൾ ഇന്ത്യൻ വിസ കരസ്ഥമാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞയാഴ്‌ച്ച ഈ ഏജന്റുമാർക്ക് വിസ നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് അറിയിപ്പ് ലഭിക്കുകയായിരുന്നു. അപേക്ഷകർക്ക് വേണ്ടി വിസ വാങ്ങുവാൻ ഇനി മുതൽ ഏജന്റുമാർക്ക് കഴിയില്ലെന്നും അതിനായി അപേക്ഷിക്കുന്നവർ നേരിട്ട് വിസ സെന്ററുകളിൽ എത്തണമെന്നുമായിരുന്നു അറിയിപ്പ്.

ഇന്ത്യയിലേക്ക് സ്പെഷ്യൽ ഇന്ററസ്റ്റ് ടൂറുകളും ടെയ്ലർ മെയ്ഡ് ഹോളി ഡേ ട്രിപ്പുകളും സംഘടിപ്പിക്കുന്ന ഇൻഡസ് എക്സ്പീരിയൻസിന്റെ മാനേജിങ് ഡയറക്ടർ യാസിൻ സാർഗർ പറയുന്നത് അടുത്ത രണ്ടു മാസത്തേക്ക് വിസ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ലഭ്യമല്ല. അതിനാൽ തന്നെ അപേക്ഷകർ ഇപ്പോൾ വിസ സെന്ററിൽ നേരിട്ട് ചെന്നാലും വിസ ലഭിക്കുകയില്ല എന്നും അദ്ദേഹം പറയുന്നു. ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത ശേഷം വേണം വിസ സെന്ററിൽ ചെല്ലാൻ, എന്നാൽ തങ്ങളുടെ പല ഉപഭോക്താക്കൾക്കും വിസ ലഭിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.

വരുന്ന 27 നും 29 നും ആയി രണ്ട് ട്രിപ്പുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ ഇരിക്കുകയാണെന്നും, അതിൽ പലർക്കും വിസ ലഭിക്കാത്തതിനാൽ അവർ യാത്ര റദ്ദാക്കിയെന്നും തന്മൂലം 42,000 പൗണ്ടിന്റെ നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുമാത്രമല്ല, ഈ ഉപഭോക്താക്കൾ വിസ ഫീസായി നൂറുകണക്കിന് പൗണ്ടാണ് വിസ ഏജന്റുമാർക്ക് നൽകിയിട്ടുള്ളതെന്നും ഇനി ആ തുക അവർക്ക് തിരികെ ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ തന്നെ ഇത്രയധികം സമ്മർദ്ദം സഹിക്കണമെങ്കിൽ പിന്നെ ഇന്ത്യയിലേക്ക് എന്തിന് പോകണം എന്നാണ് ചില യാത്രക്കാർ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ഇത്തരത്തിൽ ഒരു തലതിരിഞ്ഞ നയം കൈക്കൊണ്ടതോടെ ഇന്ത്യൻ ടൂറിസത്തിന് വലിയൊരു അടിയായി ഇത് മാറുമെന്ന് ഈ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് ശേഷം ഉയർത്തെഴുന്നേൽക്കുന്ന ഇന്ത്യൻ ടൂറിസത്തെ ചവിട്ടി താഴ്‌ത്തുന്ന ഒരു നടപടി മാത്രമല്ല ഇതെന്നും ഇതുമൂലം ഇന്ത്യയിൽ നിരവധി തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നും അവർ പറയുന്നു.

ലണ്ടനിൽ ട്രാവ്കോർ വി എൽ എസ് എന്ന പേരിൽ വിസ ഏജൻസി നടത്തുന്ന ഡാരെൻ ബ്രിഡ്ജസ്ഓരോ ആഴ്‌ച്ചയിലും നൂറു കണക്കിന് പാസ്പോർട്ടുകളാണ് വിസ ഇല്ലാതെ ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത്. എന്നാൽ വിസ ഫീസ് തിരിച്ചു നൽകാൻ അയാൾ തയ്യാറാകുന്നുമില്ല. വിസ അപേക്ഷ നൽകുന്നവർ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കണം എന്ന് നിയമം വന്നെങ്കിലും, അതിനായി അപ്പോയിന്റ്മെന്റ് ലഭിക്കാൻ ചുരുങ്ങിയത് നവംബർ 22 വരെയെങ്കിലും കാത്തിരിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അപേക്ഷ നൽകി പത്ത് ദിവസമെങ്കിലും കഴിഞ്ഞെ വിസ ലഭ്യമാവുകയുള്ളു. ഈ കാലയളവിനുള്ളിൽ ഇന്ത്യാ സന്ദർശനം പ്ലാൻ ചെയ്തവർക്ക് അത് റദ്ദ് ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല.

മറ്റൊരു പ്രതിസന്ധി എന്തെന്നാൽ, യാത്രയ്ക്ക് മൂന്ന് മാസങ്ങൾക്ക് മുൻപായി വിസ അപേക്ഷ നൽകാൻ ആകില്ല. മിക്കവരും, കോവിഡ് കാലത്ത് മുടങ്ങിയ ട്രിപ്പുകളാണ് ഇപ്പോൾ റീബുക്ക് ചെയ്യുന്നത്. ട്രാവൽ ഏജൻസികളും മറ്റും ബുക്കിങ് തരപ്പെടുത്തുമ്പോഴും പുതിയ വിസ നിയമം ഇത്തവണയും പലരുടെയും യാത്ര മുടക്കുകയാണ്.

ഇതിന്റെ പരിണിത ഫലം ഇന്ത്യയിലും കണ്ടു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാജസ്ഥാനിലെ പുഷ്‌കറിലുള്ള ഹോട്ടൽ പ്രേം വിലാസിന്റെ ഉടമ പറയുന്നത് ഹോട്ടൽ മുറികളിൽ പലതും സീസണിലും ഒഴിഞ്ഞു കിടക്കുന്നു എന്നാണ്. രാജ്യം അടിസ്ഥാനമാക്കി നോക്കിയാൽ ഇവിടെയെത്തുന്ന രണ്ടാമത്തെ വലിയ വിഭാഗമാണ് ബ്രിട്ടീഷുകാർ. ഏറ്റവും കൂടുതൽ എത്തുന്നത് ഇസ്രയേലികളും. ബ്രിട്ടീഷുകാരുടെ യാത്ര പ്രതിസന്ധിയിൽ ആയതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഹോട്ടൽ ഉടമ പറയുന്നു.

അതേസമയം വിസ സെന്ററുകളിൽ ഇന്ത്യൻ വിസയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ പല അനധികൃത ഏജന്റുമാരും ഫീസ് ഈടാക്കുന്നു എന്ന വസ്തുത ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം നയത്തിൽ വരുത്തിയതെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിക്കുന്നു.