- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ട് മകൾക്ക് ശാന്ത എന്ന് പേരിട്ട മകൻ; ഷർട്ട് വാങ്ങാൻ 1500 രൂപ നൽകിയപ്പോൾ 1000 രൂപ രണ്ടാനച്ഛന് തിരിച്ചു കൊടുത്ത നല്ലമനസ്സ്; ക്രിക്കറ്റിനെ പ്രണയിച്ച നാട്ടുകാരുടെ പ്രിയങ്കരൻ; ഇനി ശീതളിന് കരുത്താകാൻ വിഷ്ണു ഇല്ല; പോയി വരാമെന്ന വാക്കു പാലിക്കാൻ കായികാധ്യാപകനായില്ല; പൊട്ടിക്കരഞ്ഞ് കുടുംബം
കൊച്ചി: ' ഷർട്ട് വാങ്ങാൻ 500 രൂപയും വാങ്ങി പോയതാണവൻ. സന്തോഷത്തോടെ പോയി വരാമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു പോക്കായിരിക്കുമെന്നറിഞ്ഞില്ല'. വാഹനാപകടത്തിൽ മരിച്ച മുളന്തുരുത്തി ബെസേലിയോസ് സ്‌ക്കൂളിലെ കായികാധ്യാപകൻ ഇഞ്ചിമല വട്ടത്തറ വീട്ടിൽ പി.കെ വിഷ്ണു(33) വിന്റെ പിതാവ് ജോസ് വിങ്ങിക്കരഞ്ഞു കൊണ്ട് പറഞ്ഞതാണിത്. ചത്ത് കഴിഞ്ഞാൽ കുഴിയിലേക്ക് വലിയിടാൻ ഇനി ഞങ്ങൾക്ക് ആരുമില്ല. ഇങ്ങനെയൊരു പോക്കു പോകുമെന്നറിഞ്ഞില്ലല്ലോ .... ജോസിന്റെ കണ്ഠമിടറി.
കഴിഞ്ഞ ദിവസം വൈകുന്നേരം 3 മണിയോടെയാണ് വിഷ്ണു ഭാര്യ വീട്ടിൽ നിന്നും ഇഞ്ചിമലയിലെ വീട്ടിലെത്തിയത്. ഇവിടെ മാതാവ് ശാന്തയും രണ്ടാനച്ഛനായ ജോസുമാണ് താമസിക്കുന്നത്. വിനോദ യാത്രയ്ക്ക് പോകുന്നതിന് മുൻപ് ഇരുവരോടും യാത്ര പറയാനായിട്ടാണ് എത്തിയത്. ഇതിനിടയിൽ പുതിയ ഷർട്ട് ഇല്ല എന്നും കയ്യിൽ പണമില്ലെന്നും പറഞ്ഞു. ഇത് കേട്ട് പിതാവ് ജോസ് കയ്യിലുണ്ടായിരുന്ന 1,500 രൂപ വിഷ്ണുവിന് നൽകിയിട്ട് പോയിട്ട് വരാൻ പറഞ്ഞു. സന്തോഷത്തോടെ ആ പണം സ്വീകരിച്ചെങ്കിലും അതിൽ നിന്ന് 1,000 ചിട്ടിക്ക് കൊടുക്കാനായി രൂപ അമ്മയ്ക്ക് നൽകി. 5 മണിയോടെയാണ് വീട്ടിൽ നിന്നും വിഷ്ണു മുങ്ങിയത്.
പോയിട്ട് വരാമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പാട് സന്തോഷം ആ മുഖത്തുണ്ടായിരുന്നു. കായികാധ്യാപകനാണെങ്കിലും എല്ലാ ദിവസവും ജോലിയുണ്ടായിരുന്നില്ല. സ്‌ക്കൂളിൽ ജോലി ഇല്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്ക് പോകും. അങ്ങനെ കഷ്ടപ്പെട്ടാണ് അവൻ ജീവിച്ചത് :- ജോസ് പറഞ്ഞു. നാട്ടുകാരും ഇതേ അഭിപ്രായമാണ് പറയുന്നത്. ഒരു പാട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയായിരുന്നു ജീവിതം. പഠനം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്. പിരിവെടുത്ത് പണം സ്വരൂപിച്ചും മറ്റും അവർ ഒപ്പം നിന്നും. ക്രിക്കറ്റ് കളി ജീവനായിരുന്നു. നാട്ടിൽ എവിടെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഉണ്ടെങ്കിലും അവിടെ വിഷ്ണു ഉണ്ടാകും. പൊതു പരിപാടികൾക്കായാലും സജീവ സാന്നിധ്യമായിരുന്നു. നാട്ടുകാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഷ്ണുവിന്റെ വേർപാട് താങ്ങാവുന്നതിലുമപ്പുറമാണ്.
4 വർഷം മുൻപാണ് വിഷ്ണു ശീതളിനെ വിവാഹം കഴിക്കുന്നത്. ഒന്നരവയസ്സുള്ള മോൾ ഉണ്ട്. അമ്മയോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ട് മകൾക്ക് ശാന്ത എന്നാണ് പേരിട്ടിരിക്കുന്നത്. ശീതൾ നേരത്ത സർക്കാർ ആശുത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഗർഭിണിയായ സമയം ജോലി വിട്ടു. നിലവിൽ വിഷ്ണു ഭാര്യയുടെ വീടിനോട് ചേർന്ന് ഒരു ഫാം നടത്തുകയും ചെയ്യുന്നുണ്ട്. വിവാഹ ശേഷം ഭാര്യയുടെ വീട്ടിലായിരുന്നു വിഷ്ണു. വിഷ്ണുവിന്റെ വിയോഗത്തിൽ ഇനി മുന്നോട്ട് എങ്ങനെ എന്ന് പകച്ചു നിൽക്കുകയാണ് കുടുംബം.
വടക്കാഞ്ചേരി കെ.എസ്.ആർ.ടി.സി.- ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച ഒൻപതുപേരുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായട്ടുണ്ട്. മരിച്ചവരിൽ അഞ്ചുപേർ വിനോദയാത്രയ്ക്കു പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഈ സ്‌കൂളിലെ കായികാധ്യാപകൻ വിഷ്ണു (33) വും മരിച്ചു. ഇമ്മാനുവൽ സി.എസ് (17) , എൽന ജോസ് (15), അഞ്ജന അജിത് (17), ദിയ രാജേഷ് (15), ക്രിസ് വിന്റർബോൺ തോമസ് (15) എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. മരിച്ച മറ്റു മൂന്നുപേർ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരാണ്. ദേശീയ ബാസ്‌കറ്റ് ബോൾ താരമായ രോഹിത് രാജും മരിച്ച കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിൽ ഉൾപ്പെടുന്നുണ്ട്.
അഞ്ജന, ദിയ, ഇമ്മനുവൽ എന്നീ വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം ചെയ്തത്. മന്ത്രി എം.ബി. രാജേഷ്, പാലക്കാട് കളക്ടർ മൃൺമയി ജോഷി തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. എൽന, ക്രിസ്, വിഷ്ണു എന്നിവരുടെ മൃതദേഹങ്ങൾ ആലത്തൂരിലെ ആശുപത്രിയിലാണുള്ളത്. മരിച്ച അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ഒരുമിച്ച് സ്‌കൂളിലെത്തിച്ച ശേഷം പൊതുദർശനത്തിനു വെക്കുമെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്.
ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിന് പിന്നിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് അപകട സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിൽ ആയിരുന്നുവെന്ന് സ്ഥിരീകരണം വന്നിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകൾക്ക് പരമാവധി 65 കി.മി വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റർ വേഗത്തിൽ ബസ് ചീറിപ്പാഞ്ഞത്. പരിക്കേറ്റ 38 പേരിൽ നാലുപേരുടെ നില ഗുരുതരമാണെങ്കിലും അപകടകനില തരണം ചെയ്തിട്ടുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.