- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തമിഴ്നാട് അതിര്‍ത്തിയില്‍ അറസ്റ്റ്; കിളിമാനൂര്‍ അപകടക്കേസ് പ്രതി വിഷ്ണു പിടിയില്‍; ഥാറില്‍ ബൈക്ക് യാത്രികരെ ഇടിച്ചു കൊന്ന പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും; വിഷ്ണുവിനെ കുടുക്കിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെ പോലീസ് അന്വേഷണം; കണ്ണില്ലാ ക്രൂരത കാട്ടിയവന് അഴിക്കുള്ളിലേക്ക്

തിരുവനന്തപുരം: കിളിമാനൂരില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാര്‍ അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ പോലീസ് സാഹസികമായി പിടികൂടി. തമിഴ്നാട് അതിര്‍ത്തിയിലാണ് വെഞ്ഞാറമൂട് സി.ഐ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വലയിലാക്കിയത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയില്‍ നിന്നും കൊലക്കുറ്റത്തിലേക്ക്‌കേസിലെ വകുപ്പുകള്‍ മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പ്രതി പോലീസിന്റെ പിടിയിലാകുന്നത്.
പ്രതി അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കം പോലീസിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമായിരുന്നു. അപകടത്തിന് പിന്നാലെ പ്രതിയെ വിട്ടയച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ സേനയ്‌ക്കെതിരെ ഉയര്‍ന്ന കടുത്ത ജനരോഷത്തിനുള്ള മറുപടി കൂടിയായി ഈ അറസ്റ്റ്. അപകടം നടന്ന ഉടന്‍ ബൈക്ക് യാത്രക്കാര്‍ വീണുവെന്നറിഞ്ഞിട്ടും പ്രതി വാഹനം പിന്നോട്ടെടുത്ത് ദമ്പതികളെ അപായപ്പെടുത്തിയെന്ന ദൃക്സാക്ഷികളുടെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതും പോലീസിന് തുണയായി. മദ്യപിച്ചെത്തിയ സംഘം കാട്ടിയ ക്രൂരത ദമ്പതികളുടെ ജീവനെടുത്തത് കിളിമാനൂര്‍ പാപ്പാല ജംഗ്ഷനിലാണ്.
അപകടസമയത്ത് ജീപ്പിനുള്ളില്‍ ഡ്രൈവര്‍ക്കൊപ്പം രണ്ട് യാത്രികര്‍ കൂടിയുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെയും മൊഴി. ഇതില്‍ ഒരാള്‍ പൊലീസുകാരനും മറ്റൊരാള്‍ അഗ്‌നിശമനസേന ഉദ്യോഗസ്ഥനുമെന്നാണ് ആക്ഷേപം. ഇവരെ സംരക്ഷിക്കാന്‍ ബോധപൂര്‍വം കിളിമാനൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. കിളിമാനൂര്‍ ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പറക്കമുറ്റാത്ത രണ്ട് കുരുന്നുകളെ അനാഥത്വത്തിലേക്ക് തള്ളിവിട്ട കിളിമാനൂര്‍ അപകടത്തില്‍ പൊലീസിന്റെ തെളിവ് നശിപ്പിക്കല്‍ തിരക്കഥയ്ക്ക് കൂടുതല്‍ തെളിവുകള്‍ വരുന്നു. അപകടത്തില്‍ മരിച്ച അംബികയുടേയും ഭര്‍ത്താവ് രജിത്തിന്റേയും ബന്ധുക്കളും ജനപ്രതിനിധികളും കൂടുതല്‍ തെളിവ് നിരത്തുമ്പോഴും ഞങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു പൊലീസിനെന്നാണ് ആക്ഷേപം.
കിളിമാനൂര്‍ ഇന്‍സ്‌പെക്ടറെ മാറ്റി നിര്‍ത്തി പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുള്ളത്. ഇത് അനുസരിച്ചാണ് വെഞ്ഞാറമൂട് സി ഐയെ അന്വേഷണം ഏല്‍പ്പിച്ചത്.


