മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്ത് ഊട്ടി കൂനൂരിലെന്ന് സൂചന. കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് കണ്ടെത്തി. ഇവിടം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

വിഷ്ണുവിനെ കാണാതായിട്ട് ഒരാഴ്ച ആവുകയാണ്. തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോണ്‍ കൂനൂരില്‍ ഓണായത്. വിളിച്ചപ്പോള്‍ ഒരുതവണ ഫോണ്‍ എടുത്തുവെന്ന് കുടുംബവും വിശദീകരിക്കുന്നു. എന്നാല്‍, ഫോണ്‍ അറ്റന്‍ഡ് ചെയ്തത് വിഷ്ണുവിന്റെ സുഹൃത്ത് ശരത്താണെന്നാണ് പറയുന്നത്. ഇത് ദുരൂഹതയുണ്ടാക്കുന്നുണ്ട്. ശരത് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള സാധ്യത കരുതലോടെയാണ് പോലീസ് പരിശോധിക്കുന്നത്.

വിഷ്ണു ശരത്തിന് കോള്‍ ഫോര്‍വേഡ് ചെയ്തതാവാമെന്നാണ് പോലീസിന്റെ നിഗമനം. സെപ്റ്റംബര്‍ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് വിഷ്ണുജിത്തിനെ കാണാതായത്. സുഹൃത്തില്‍നിന്ന് പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്ക് പോകുന്നതായാണ് വിഷ്ണുജിത്ത് വീട്ടുകാരോട് പറഞ്ഞിരുന്നത്.

നാലാം തീയതി രാത്രി വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. വിഷ്ണുജിത്ത് സംഭവദിവസം കഞ്ചിക്കോട്ടെത്തി പണം വാങ്ങിയെന്നും തുടര്‍ന്ന് പാലക്കാട്ടേക്ക് തിരികെ ബസില്‍ മടങ്ങിയെന്നുമാണ് സുഹൃത്തായ ശരത്തിന്റെ മൊഴി. ഇതിനുശേഷം വിഷ്ണുജിത്ത് വീണ്ടും കഞ്ചിക്കോട്ടേക്ക് വന്നതായും സംശയമുണ്ടം. അതിനിടെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കൂനൂരില്‍ കണ്ടെത്തുന്നത്.

സഹോദരി വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയായിരുന്നു. മലപ്പുറത്തുനിന്ന് എത്തിയ പൊലീസ് സംഘം തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണ്. വിവാഹദിവസത്തിന് തലേന്നാണ് വിഷ്ണുജിത്തിനെ കാണാതെയായത്. വിവാഹ ദിവസവും കാണാതായതോടെ ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കോയമ്പത്തൂരിലേക്കുള്ള ബസില്‍ വിഷ്ണു കയറിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാവ് ബസില്‍ യാത്ര ചെയ്തത് ശ്രദ്ധിച്ചില്ലെന്നാണ് കണ്ടക്ടറുടെയും ഡ്രൈവറുടെയും മൊഴി.