കണ്ണൂർ: കേരളത്തിന്റെ മന:സാക്ഷിയെ നടുക്കി പാനൂർ വള്ള്യായി വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ. പ്രണയനൈരാശ്യത്തിന്റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്ത് മാത്രമാണ് കേസിലെ ഏക പ്രതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് വിധിക്കും. കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി.

നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിൽ നടന്നത്. പാനൂർ വള്ള്യായിലെ വീട്ടിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം കഴുത്തറത്തുകൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് അന്വേഷണം അതിവേഗം എത്തിയത്.

വീട്ടിലേക്ക് പ്രതികയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതാണ് കേസിൽ നിർണ്ണായകമായത്. ഈ തെളിവാണ് പ്രതിയുടെ വാദങ്ങളെല്ലാം തള്ളാൻ കാരണമായത്. ശാസ്ത്രീയമായി തന്നെ ബാക്കിയെല്ലാം തെളിയിക്കാനും പൊലീസിനായി. സാക്ഷി മൊഴികളും നിർണ്ണായകമായി. വിഷ്ണു പ്രിയയയുമായി വാട്‌സാപ്പിൽ സുഹൃത്ത് സംസാരിക്കുമ്പോഴായിരുന്നു ശ്യാജിത്ത് കടന്നുവന്നത്. ഈ സുഹൃത്തിന്റെ മൊഴിയും നിർണ്ണായകമായി.

വിഷ്ണുപ്രിയ ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയുമായി അവൾ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു. വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മാനന്തേരിയിലെ ഹോട്ടൽ ഉടമയായ ശശിധരന്റെ മകനാണ് ശ്യാംജിത്ത്. പ്രണയപകയിൽ എല്ലാ പരിധികളും വിട്ടതായിരുന്നു ഈ ക്രുര കൊലപാതകം.

വിഷ്ണു പ്രിയയെ വധിക്കുന്നതിനായി ശ്യാംജിത്ത് ആയുധങ്ങൾ വാങ്ങിയത് കൂത്തുപറമ്പ് നഗരത്തിലെ ഒരു കടയിൽ നിന്നാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൊല നടത്തി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായ പ്രതി അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

എന്നാൽ പ്രായം അടക്കമുള്ള കാര്യങ്ങൾ ഉയർത്തി പ്രതിഭാഗം അതിനെ പ്രതിരോധിക്കും. പഴുതടച്ച അന്വേഷണമാണ് കേസിൽ ശിക്ഷാ വിധി വേഗത്തിലാക്കിയത്.