തലശ്ശേരി: കേരളത്തെ നടുക്കിയ അരുംകൊലയിൽ ശിക്ഷ വിധിച്ചു കോടതി. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വിധിപ്രസ്താവത്തിൽ വ്യക്തമക്കി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്.

2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2023 സെപ്റ്റംബർ 21 നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവദിവസം രാവിലെ 10നും 12നുമിടയിലാണ് സംഭവമെന്നാണ് പൊലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞത്.

സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

ഖത്തറിൽ ജോലിചെയ്തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകൾക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു.ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുൻപ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടിൽനിന്ന് ബന്ധുവായ യുവതി, വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുൻപ് ഇവർ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പൊലീസ് പറഞ്ഞത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്തിരുന്നു. ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് പിന്തുടർന്നെത്തിയാണ് അറസ്റ്റ് ചെയ്തത്. വിപിന, വിസ്മയ, അരുൺ എന്നിവരാണ് വിഷ്ണുപ്രിയയുടെ സഹോദരങ്ങൾ.