- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ഗൾഫിലേക്ക് മടങ്ങുന്നതിൽ സങ്കടപ്പെട്ട് യാത്ര അയയ്ക്കാൻ കഴിയാതെ അന്നും ജോലിക്ക് പോയ മകൾ; കുടുംബത്തോട് അത്രയും അടുപ്പമായിരുന്ന കുട്ടിയെ കൊന്നുകളഞ്ഞല്ലോ അവൻ എന്ന് നാട്ടുകാർ; ഹോം ഡെലിവറി ബോയ് എന്ന വ്യാജേന തൊപ്പിയും മാസ്കും അണിഞ്ഞെത്തി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ ജീവൻ കവർന്നത് പൂവിറുക്കുന്ന ലാഘവത്തോടെ
പാനൂർ: ഒരു പൂവിറക്കും പോലെയാണ് പ്രണയപ്പകയാൽ വീട്ടിൽ കയറി ശ്യാം ജിത്ത് വിഷ്ണുപ്രിയയുടെ ജീവൻ കവർന്നത്. പ്രണയനിരാസം വെറുപ്പിലേക്കും അതുകണ്ണില്ലാത്ത ക്രൂരതയിലേക്കും എത്തിയപ്പോൾ കണ്ണൂരിൽ മറ്റൊരു യുവതിക്ക് കൂടി പ്രണയപകയുടെ അഗ്നിജ്വാലയേറ്റു ജീവൻകുരുതികൊടുക്കേണ്ടി വന്നു. നാട്ടിൽ സാധാരണ കാണാറുള്ള ഓൺലൈൻ സാധനങ്ങൾ ഹോംഡെലിവറി ചെയ്യുന്നവരുടെ മട്ടിലും ഭാവത്തിലുമാണ് തൊപ്പിയും മാസ്‌കുമണിഞ്ഞ് വള്ള്യായി ഉമാമഹേശ്വരക്ഷേത്രത്തിനു സമീപമുള്ള നടമ്മൽ കണ്ണച്ചാൻങ്കണ്ടി വിഷ്ണുപ്രിയ (23)യുടെ വീട്ടിലേക്ക് പ്രതിയായ മാനന്തേരി സത്രം സ്വദേശി ശ്യാംജിത്ത് കടന്നു വന്നത്.
കൈയിൽ കരുതിയ ബാഗിൽ മൂർച്ചയേറിയ കത്തിയും കൊണ്ടായിരുന്നു ആ വരവ്. രാവിലെ പതിനൊന്നുമണി വരെ പിതാവ് വിനോദിന്റെ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഇരുപതു മീറ്റർ മാത്രം അകലെയുള്ള തറവാട്ടുവീട്ടിലായിരുന്നു വിഷ്ണുപ്രിയ. വീട്ടിൽ പോയി വസ്ത്രം മാറ്റിവരട്ടെയെന്നു അമ്മ ബിന്ദുവിനോട് അനുവാദം ചോദിച്ചും ചേച്ചിമാരായ വിപിന, വിസ്മയ എന്നിവരോടു പറഞ്ഞുമാണ് വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നത്. ഈ സമയം ഏകദേശം പതിനൊന്നുമണിയോടെയാണ് ശ്യാം ജിത്ത് വിഷ്ണുപ്രിയയെ തേടിയെത്തിയത്.
വീട്ടിൽ ആരുമില്ലാത്ത സമയത്തുള്ള വരവ് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടു കൂടിമാത്രമായിരുന്നു. ഒരു പ്രാവ് കുറുകുന്ന ഒച്ച പോലുമില്ലാതെ കിടപ്പുമുറിയിൽ കയറി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കടന്നു പിടിക്കുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ടു കഴുത്തറക്കുകയും ചെയ്തു. കൊല്ലപ്പെടാതിരിക്കാൻ കൈക്കൊണ്ടു തടഞ്ഞ വിഷ്ണുപ്രിയയെ കത്തികൊണ്ടു ആഴത്തിൽ ഇരുകൈകൾക്കും വെട്ടിയും കുത്തിയും പരുക്കേൽപ്പിക്കുകയും ചെയ്തു.
കൊലനടത്തിയതിനു ശേഷം ലാഘവത്തോടെ ഒന്നും സംഭവിക്കാതെ ഇയാൾ ഇടവഴിയിലൂടെ നടന്നു പോവുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മകൾ തറവാട്ടുവീട്ടിൽ മരണാനന്തര കർമങ്ങൾ നടന്നുകൊണ്ടിരിക്കെ തിരിച്ചെത്താൻ വൈകിയതോടെയാണ് അമ്മ ബിന്ദുവും സഹോദരിമാരും സഹോദരൻ അരുണും വീട്ടിലേക്ക് വരുന്നത്. പതിനൊന്നരയോടെ ഇവർ എത്തുമ്പോൾ വീട് തുറന്നുകിടക്കുകയായിരുന്നു.
വാതിലുകൾ മലർക്കെ തുറന്നുകിടന്നതിൽ അസ്വാഭാവികത തോന്നിയതതുകൊണ്ട് അമ്മൂവെന്ന് വിളിച്ചു ഇവർ കിടപ്പുമുറിയിൽ കയറിനോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ ദേഹം കിടക്കയിലും തല തറയിലുമായി കിടക്കുന്ന വിഷ്ണുപ്രിയയെ കണ്ടത്. ഉടൻ വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ ഉയർന്നു. ഇതുകേട്ട നാട്ടുകാരും കുടുംബക്കാരുമെത്തിയപ്പോഴാണ് അരുംകൊലയുടെ വാർത്ത വള്ള്യായി ഗ്രാമത്തിനെ നടുക്കി കൊണ്ടു പരക്കുന്നത്.
കൂത്തുപറമ്പിൽ നിന്നും പാനൂരിൽ നിന്നും പൊലിസ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം വീട്ടിൽ നിന്നും മാറ്റിയത്. ഇതിനിടെയിൽ തൊപ്പി ധരിച്ചയാളാണ് കൊലനടത്തിയതെന്ന വിവരം സോഷ്യൽമീഡിയയിലും പ്രചരിച്ചു. വള്ള്യായി ടൗണിൽ നിന്നും മൊകേരിയിൽ നിന്നും രണ്ടു പേരെ നാട്ടുകാർ തടഞ്ഞുവെച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളായ ഇവരല്ല കൊലനടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു.
വള്ള്യായി ഗ്രാമത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ കൊലപാതകമാണ് വിഷ്ണുപ്രിയയുടെയത്. അമ്മയ്ക്കു സുഖമില്ലാത്തതിനെ തുടർന്ന് വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഗൾഫിൽ നിന്നും നാട്ടിലെത്തി പത്തുദിവസം മുൻപാണ് മടങ്ങിയത്. അച്ഛനുമായി ഏറെ ആത്മബന്ധമുള്ള വിഷ്ണുപ്രിയ വിനോദ് നാട്ടിൽ നിന്നും മടങ്ങിപോകുന്നതിൽ ഏറെ സങ്കടപ്പെട്ടിരുന്നു. അച്ഛൻ പോകുന്നതിൽ സങ്കടമുള്ളതിനാൽ വീട്ടുകാരുടെ അമ്മുവായ വിഷ്ണുപ്രിയ യാത്രയയക്കാൻ പോയിരുന്നില്ല.
അച്ഛൻ പോകുന്നത് കാണാൻ തനിക്ക് കഴിയാത്തതിനാലാണ് താൻ അന്നേ ദിവസം ജോലിക്ക് വന്നതെന്ന് പാനൂർ ന്യൂക്ളിയസ് ആശുപത്രി ഫാർമസിയിലെ സഹപ്രവർത്തകരോട് വിഷ്ണുപ്രിയ പറഞ്ഞിരുന്നു. അച്ഛമ്മ മരിച്ചതിനാൽ കഴിഞ്ഞ അഞ്ചുദിവസമായി വിഷ്ണുപ്രിയ അവധിയായിരുന്നു.കൊലപാതക വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് വള്ള്യായി ഉമാമഹേശ്വരക്ഷത്രത്തിനടുത്തുള്ള വീട്ടിലും പരിസരത്തും തടിച്ചു കൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്