തിരുവനന്തപുരം: കാലങ്ങളും ജീവിത രീതികളും എത്രയൊക്കെ മാറിയാലും മലയാളിക്ക് വിഷു ഇന്നും ഗൃഹാതുരമായ ഒരനുഭൂതി തന്നെയാണ്. സമൃദ്ധമായ നാളയിലേക്ക് പ്രതീക്ഷയോടെയുള്ള തുടക്കം.പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികൾ- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. മലയാളികൾക്ക് വിഷു കാർഷിക സംസ്‌കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.മലയാളമാസം മേടം ഒന്നാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത്. പണ്ടുകാലത്ത് നിലനിന്നിരുന്ന കാർഷിക കലണ്ടർ പ്രകാരം മേടം ഒന്നാണ് വർഷാരംഭം ആയി കണക്കാക്കിയിരുന്നത്. അതിനാൽ ആണ്ടുപിറപ്പ് എന്നും വിഷു അറിയപ്പെടുന്നുണ്ട്.പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസം ആണ് വിഷു എന്ന് പറയുന്നത്. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

സൂര്യൻ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ സംക്രാന്തി/സംക്രമം എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.മലയാളികൾ വിഷു ആഘോഷിക്കുന്നത് മേടമാസം ഒന്നാംതിയ്യതി ആണ്. കാർഷിക ഉത്സവമായും ശ്രീകൃഷ്ണ ഭഗവാന്റെ ആരാധനയുമായും വിഷുവിനെ ബന്ധപെടുത്താറുണ്ട്.

വിഷുവിന്റെ ചരിത്രം

ഭാസ്‌ക്കര രവിവർമ്മന്റെ തൃക്കൊടിത്താനത്തുള്ള പൂർണ്ണമല്ലാത്ത ഒരു ശാസനത്തിൽ 'ചിത്തിര വിഷു' വിനെക്കുറിച്ച് പരാമർശമുണ്ട്. ഭാസ്‌ക്കര രവിവർമ്മന്റെ കാലം എ.ഡി. 962 - 1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം.എന്നാൽ എ.ഡി. 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തിൽ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്റെ തെളിവാണ്. 'ശങ്കരനാരയണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.

മലബാർ മാന്വലിൽ വില്യം ലോഗൻ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു ' ഗണിതശാസ്ത്രപരമായി വിഷു നവവർഷദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.''

വിഷുവിന്റെ ഐതീഹ്യം

വിഷുവിനെ കുറിച്ചു വ്യത്യസ്ഥ ഐതിഹ്യങ്ങൾ പ്രചാരത്തിൽ ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.

വിഷു എന്ത്..എങ്ങിനെ?

വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കണിക്കൊന്നയാണ് (ഇന്ത്യൻ ലബർണം). ഫെബ്രുവരി മാസം മുതൽ കേരളത്തിൽ കണിക്കൊന്ന പൂക്കാൻ തുടങ്ങും.കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പം. കർണ്ണികാരം എന്നും കണിക്കൊന്നയ്ക്ക് പേരുണ്ട്. വിഷുക്കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം പൂത്തു നിൽക്കുന്ന കണിക്കൊന്ന നയനാന്ദകരമായ കാഴ്ചയാണ്.

വരാൻ പോകുന്ന ഒരു വർഷത്തെ വിഷു സൂചിപ്പിക്കുന്നു എന്നതിനാൽ വിഷുക്കണിയും വിഷു കൈനീട്ടവും പ്രധാനം ആണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണിയുടെ ചുമതല.അരിയും നെല്ലും പാതി നിറച്ച ഓട്ടുരുളിയിൽ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.

അങ്ങനെ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന ഐശ്വര്യസമ്പൂർണ്ണമായ വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും ഒക്കെ പ്രാദേശികമായി കണിക്ക് വെയ്ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.

വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും.പുലർച്ചെ എഴുന്നേറ്റ് സ്വയം കണികണ്ട്, മറ്റുള്ളവരെ കണികാണിക്കുംഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കണി കണ്ടതിനുശേഷം ഗൃഹനാഥന്റെ ചുമതല ആണ് കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം കൊടുക്കുക എന്നത്. പണ്ടൊക്കെ സ്വർണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്.പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്